കൊല്ലം ∙ ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി യുഡിഎഫ് നേട്ടം കൊയ്തപ്പോൾ പല നിയമസഭാ സ്ഥാപനങ്ങളുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിലെ നേരിയ ഭൂരിപക്ഷവും നഗരസഭകളിലെ മുന്നേറ്റവുമാണ് എൽഡിഎഫിന് തുണയായതെങ്കിൽ ഗ്രാമപ്പഞ്ചായത്തുകളിലും കോർപറേഷനിലും ഉണ്ടാക്കിയ മുന്നേറ്റം യുഡിഎഫിന് കരുത്തായി.
യുഡിഎഫിനെ തുണച്ച് കൊല്ലം
കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഡിവിഷനുകളിൽ 12 ഡിവിഷനുകളിൽ യുഡിഎഫ് മുന്നിലെത്തി.
5 ഡിവിഷനുകളിൽ എൽഡിഎഫും 4 ഡിവിഷനുകളിൽ ബിജെപിയുമാണ് മുന്നിൽ. മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃക്കരുവ യുഡിഎഫിനെ തുണച്ചപ്പോൾ പനയം എൽഡിഎഫിന്റെ കൂടെ നിന്നു.
ഇരവിപുരത്തും യുഡിഎഫ് കുതിപ്പ്
ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ ഡിവിഷനുകളിൽ 11 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറ്റം.
കൊല്ലത്തെ അപേക്ഷിച്ചു ഭേദപ്പെട്ട പ്രകടനം എൽഡിഎഫ് കാഴ്ച വച്ചെങ്കിലും 8 സീറ്റുകളിൽ ഒതുങ്ങി.
ബിജെപി 5 ഡിവിഷനുകൾ പിടിച്ചപ്പോൾ എസ്ഡിപിഐ ഒരു ഡിവിഷനിൽ ജയിച്ചു. കോർപറേഷൻ ഭാഗത്തിന് പുറമേ മണ്ഡലത്തിൽ വരുന്ന മയ്യനാട് പഞ്ചായത്തിൽ യുഡിഎഫ് അട്ടിമറി വിജയം നേടി.
ചവറയിൽ യുഡിഎഫ് തന്നെ
ചവറ നിയമസഭാ മണ്ഡലത്തിൽ വരുന്ന 5 പഞ്ചായത്തുകളിൽ നാലും നേടിയാണ് യുഡിഎഫ് കുതിപ്പ്.
ചവറ, നീണ്ടകര, പന്മന, തേവലക്കര എന്നീ പഞ്ചായത്തുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന്റെ വിജയം തെക്കുംഭാഗം പഞ്ചായത്തിൽ ഒതുങ്ങി.
അതേ സമയം കോർപറേഷൻ ഡിവിഷനുകളിൽ മുന്നണികൾ തുല്യനിലയിലാണ്. 3 ഡിവിഷനുകൾ യുഡിഎഫും എൽഡിഎഫും നേടിയപ്പോൾ 2 ഡിവിഷനുകൾ സ്വന്തമാക്കി ബിജെപി കരുത്തു കാട്ടി.
കരുനാഗപ്പള്ളിയിൽ യുഡിഎഫിന് മുൻതൂക്കം
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ വരുന്ന 6 പഞ്ചായത്തുകളിൽ 3 വീതം പഞ്ചായത്തുകൾ യുഡിഎഫും എൽഡിഎഫും സ്വന്തമാക്കി.
ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ എന്നിവ യുഡിഎഫിനൊപ്പം നിന്നപ്പോൾ തഴവ, ആലപ്പാട്, തൊടിയൂർ എന്നിവ എൽഡിഎഫിനെ തുണച്ചു. എന്നാൽ 10 വർഷത്തിന് ശേഷം കരുനാഗപ്പള്ളി നഗരസഭയിൽ ഭരണം പിടിക്കാൻ സാധിച്ചത് മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്നു.
ഇടതിനൊപ്പം കുന്നത്തൂർ
കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളിൽ 6 ഗ്രാമപ്പഞ്ചായത്തുകൾ നേടി കുന്നത്തൂർ ഇടതുപക്ഷത്തിനൊപ്പം നിന്നു.
വെസ്റ്റ് കല്ലട, മൺറോതുരുത്ത്, കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളിലാണ് എൽഡിഎഫ് ജയിച്ചത്. ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത്, ഈസ്റ്റ് കല്ലട, പവിത്രേശ്വരം പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചു.
എൽഡിഎഫ് കോട്ടയായി കൊട്ടാരക്കര
യുഡിഎഫ് തരംഗത്തിനിടയിൽ എൽഡിഎഫ് വലിയ മുന്നേറ്റം കാണിച്ചത് കൊട്ടാരക്കര മണ്ഡലത്തിലാണ്.
കൊട്ടാരക്കര നഗരസഭയ്ക്കു പുറമേ കരീപ്ര, കുളക്കട, മൈലം, വെളിയം എന്നീ പഞ്ചായത്തുകളും കൂട്ടി 5 തദ്ദേശ സ്ഥാപനങ്ങൾ എൽഡിഎഫ് സ്വന്തമാക്കി. എഴുകോൺ പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.
എൻഡിഎ നെടുവത്തൂർ പഞ്ചായത്തിൽ ജയിച്ചു. ഉമ്മന്നൂർ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും തുല്യനിലയിലാണ്.
പത്തനാപുരത്ത് യുഡിഎഫ് തരംഗം
പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്തും യുഡിഎഫ് വിജയം നേടി.
പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, മേലില എന്നീ പഞ്ചായത്തുകളിലാണ് വിജയിച്ചത്. വിളക്കുടി, വെട്ടിക്കവല എന്നീ 2 പഞ്ചായത്തുകളിലേക്ക് എൽഡിഎഫ് നേട്ടം ഒതുങ്ങി.
പുനലൂരിൽ എൽഡിഎഫ് തന്നെ
പുനലൂർ മണ്ഡലത്തിൽ എൽഡിഎഫിന് തന്നെ മുന്നേറ്റം.
പുനലൂർ നഗരസഭ, അഞ്ചൽ, ആര്യങ്കാവ്, ഏരൂർ, കരവാളൂർ, തെന്മല എന്നീ പഞ്ചായത്തുകളും എൽഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് വിജയം ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളിലൊതുങ്ങി.
കുണ്ടറയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം
കുണ്ടറ നിയമസഭാ മണ്ഡലത്തിലെ 7 ഗ്രാമപ്പഞ്ചായത്തുകളിൽ 4 പഞ്ചായത്തുകൾ യുഡിഎഫും 3 പഞ്ചായത്തുകൾ എൽഡിഎഫും വിജയിച്ചു.
ഇളമ്പള്ളൂർ, കുണ്ടറ, നെടുമ്പന, തൃക്കോവിൽവട്ടം എന്നിവ യുഡിഎഫിനെ തുണച്ചപ്പോൾ കൊറ്റങ്കര, പേരയം, പെരിനാട് എന്നിവ എൽഡിഎഫിനെ ജയിപ്പിച്ചു.
ചാത്തന്നൂർ എൽഡിഎഫ് തൂക്കി
ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ വലിയ മുൻതൂക്കവുമായി എൽഡിഎഫ്. പരവൂർ നഗരസഭ പിടിച്ചെടുക്കുകയും ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂതക്കുളം, കല്ലുവാതുക്കൽ എന്നീ 4 ഗ്രാമപ്പഞ്ചായത്തുകളിൽ വിജയിക്കുകയും ചെയ്തു.
യുഡിഎഫിന്റെ വിജയം പൂയപ്പള്ളി പഞ്ചായത്തിൽ ഒതുങ്ങി. ചിറക്കരയിൽ എൻഡിഎ വിജയിച്ചു.
തുല്യനിലയിൽ ചടയമംഗലം
എൽഡിഎഫ് കോട്ടയായ ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ തുല്യനിലയിൽ എൽഡിഎഫും യുഡിഎഫും.
8 ഗ്രാമപ്പഞ്ചായത്തുകളിൽ 4 വീതമാണ് ഇരുമുന്നണികളും നേടിയത്. യുഡിഎഫ്: അലയമൺ, ചിതറ, ഇളമാട്, നിലമേൽ.
എൽഡിഎഫ്: ചടയമംഗലം, ഇട്ടിവ, കടയ്ക്കൽ, വെളിനല്ലൂർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

