
ദേശീയപാത നിർമാണം: ബൈപാസ് റോഡിൽ കോൺക്രീറ്റ് പാളി അടർന്നുവീണു
കൊല്ലം ∙ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ റിഇൻഫോഴ്സ്ഡ് എർത്ത് (ആർഇ പാനൽ) ഭിത്തിയുടെ ഭാഗം അടർന്നു വീണു. ബൈപാസ് റോഡിൽ കുരീപ്പുഴ അടിപ്പാതയോടു ചേർന്നു മണ്ണിട്ടു ഉയർത്തിയ ഭാഗത്താണ് 2 പാനലിൽ നിന്ന് ഒന്നര അടിയോളം നീളത്തിൽ കോൺക്രീറ്റ് പാളി അടർന്നു വീണത്.
മേൽപാതയിൽ 5 അടിയോളം നീളത്തിൽ ട്രാഫിക് ബാരിയർ നിർമിക്കുന്നതിനായി കോൺക്രീറ്റ് ചെയ്തതിനു പിന്നാലെയാണ് അതിനു താഴെയുള്ള പാനലുകളിൽ നിന്നു പാളി അടർന്നു വീണതെന്നു സമീപവാസികൾ പറഞ്ഞു. ആർഇ പാനലിന്റെ കുറച്ചുഭാഗം വീണ്ടുകീറിയ നിലയിലാണ്.
അടർന്നു വീണ ആർഇ പാനലിന്റെ മുകളിൽ മാത്രമാണ് ട്രാഫിക് ബാരിയർ നിർമാണം പൂർത്തിയാകാൻ ഉണ്ടായിരുന്നത്. ബാക്കി ഭാഗത്തു നേരത്തെ റെഡിമെയ്ഡ് ട്രാഫിക് ബാരിയർ സ്ഥാപിച്ചിരുന്നു. ആർഇ പാനലുകൾ ഒന്നിനു മുകളിൽ ഒന്നായി കുത്തനെ അടുക്കി ഭിത്തി നിർമിച്ചു മണ്ണിട്ട് ഉയർത്തിയാണ് മേൽപാതകൾ നിർമിക്കുന്നത്.
ആർഇ പാനലിന്റെ തകർച്ച മേൽപാത തകരുന്നതിനു കാരണമാകും. ഇവിടെ ആർഇ പാനൽ അടുക്കിയതിൽ പാളിച്ച ഉണ്ടെന്നു പറയുന്നു. അടിപ്പാതയുടെ ഭിത്തിയിൽ നിന്നു ഒരടി ഉള്ളിലേക്കു മാറിയാണ് ആർഇ പാനൽ ഭിത്തി നിർമിച്ചിട്ടുള്ളത്.
ഇതിന്റെ മറുവശത്ത് ആർഇ പാനൽ ഭിത്തിയും അടിപ്പാതയുടെ ചുവരും ഒരേ നിരയിലാണെങ്കിലും ഇവയ്ക്കിടയിൽ മണ്ണ് ഊർന്നുപോകത്തക്ക വിധത്തിൽ വലിയ വിടവുണ്ട്. നിർമാണം നടക്കവെ പാലം തകരുകയും മണ്ണ് ഇടിയുകയും ചെയ്യുന്ന ബൈപാസ് റോഡിൽ ആണ് ആർഇ പാനലിന്റെ ഭാഗം പൊട്ടിവീണത്.
ഇതു വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ഉദ്യോഗസ്ഥരുടെ കുറവ്;പരിശോധനയുമില്ല
ദേശീയപാത നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുടെ കുറവു പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദേശീയപാത അതോറിറ്റി പരിമിതമായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
സ്വകാര്യ ഏജൻസിയിൽ നിന്നുള്ള പ്രോജക്ട് കൺസൽറ്റന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിനു നിർമാണ പ്രവ്രത്തനത്തിൽ നേരിട്ടുള്ള മേൽനോട്ടത്തിന് അധികാരമില്ല.
റോഡിൽ വെള്ളക്കെട്ട് പോലുള്ള പ്രാദേശിക വിഷയങ്ങളിൽ കലക്ടറുടെ നിർദേശപ്രകാരം ഇടപെടാനുള്ള അധികാരം മാത്രമാണ് ഉള്ളത്. എന്നാൽ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധർക്ക് നേരിട്ട് ഇടപെടാനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]