തേവലക്കര∙ മിനി സൂപ്പർ മാർക്കറ്റ് കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. കടയിലുണ്ടായിരുന്ന 2 ലക്ഷത്തോളം രൂപയും കത്തി.
തേവലക്കര പടിഞ്ഞാറ്റക്കര ഷമീർ മൻസിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള ആലയിറക്കം ഷമീർ സ്റ്റോഴ്സിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് 12 ന് തീപിടിത്തം ഉണ്ടായത്. ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോകാനായി ഷമീർ കടയടച്ച ശേഷം ആണ് തീപിടിത്തം ഉണ്ടായത്. വീടിനോടു ചേർന്നാണ് കട പ്രവർത്തിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മൺകലങ്ങൾ ഉൾപ്പെടെ ഒട്ടേറെ സാധനങ്ങൾ കത്തിയമർന്നു.
ഐസ്ക്രീം ഉൾപ്പെടെ ശീതളപാനീയങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രിജും കത്തി നശിച്ചു.
ഓണവുമായി ബന്ധപ്പെട്ടു സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടു സെയിൽസ് വാഹനങ്ങൾക്ക് കൊടുക്കാനായി വായ്പ വാങ്ങിയതും വിൽപനയിലൂടെ ലഭിച്ച പണവും ഉൾപ്പെടെ കടയിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപയും കത്തിനശിച്ചു. കടയിൽ നിന്നു പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാരൻ പൊലീസ് കൺട്രോൾ റൂമിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തെക്കുംഭാഗം പൊലീസും ചവറ അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി.
കടയോടു ചേർന്ന് വീടായതിനാൽ തീ അവിടേക്ക് പടരാതിരിക്കാൻ കരുനാഗപ്പള്ളിയിൽ നിന്നും ചവറയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തി തീ അണച്ചു.
അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് തീ പടരാതിരിക്കാൻ സഹായകരമായത്. മുഴുവൻ സാധനങ്ങളും ഉപയോഗ ശൂന്യമായി.വൈദ്യുത ഷോർട്ട് സർക്യൂട്ട് ആകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
20 സേനാംഗങ്ങൾ ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും ഒഴിവാക്കിയത്. നാട്ടുകാരും ഇവർക്കൊപ്പം ചേർന്നു. സ്റ്റേഷൻ ഓഫിസർ എസ്.സാബുലാൽ നേതൃത്വം നൽകി.
തെക്കുംഭാഗം പൊലീസ് എഎസ്ഐ എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു. സുജിത്ത് വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത്, പഞ്ചായത്തംഗങ്ങളായ രാധാമണി, ജി.പ്രദീപ് കുമാർ, ഐ.അനസ് എന്നിവരും എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]