കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്പെക്ട്രം ഹാർട്സ്’ സംഘടിപ്പിച്ച ഇരുപത്തിയൊന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് സമാപിച്ചു. ഓട്ടിസം ഉൾപ്പെടെയുള്ള സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന 110 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ക്യാമ്പിൽ പങ്കെടുത്തത്.
വൈവിധ്യമാർന്ന പരിശീലന പരിപാടികളിലൂടെ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തുന്നതിനും അവർക്ക് ആത്മവിശ്വാസം പകരുന്നതിനും ക്യാമ്പ് സഹായകമായി. നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം ചുരുങ്ങിയ കാലയളവിനുള്ളിൽ 138-ലധികം കുട്ടികൾക്ക് ആശ്രയമായി മാറിയിട്ടുണ്ട്.
2025 സെപ്റ്റംബറിൽ 30 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്പെക്ട്രം ഹാർട്സ്, ഭിന്നശേഷി കുട്ടികളുടെ പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മികച്ച തെറാപ്പി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
പൂർണ്ണമായും സൗജന്യമായി, നോൺ പേയ്മെന്റ് വൗച്ചർ സിസ്റ്റം വഴി ചികിത്സ ലഭ്യമാക്കുന്ന ഇന്ത്യയിലെ അപൂർവ്വം സംരംഭങ്ങളിൽ ഒന്നാണിത്. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷനൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, എബിഎ തെറാപ്പി, ഫിസിയോതെറാപ്പി, സ്പെഷ്യൽ എജ്യൂക്കേഷൻ, പേരന്റ് ഗൈഡൻസ്, സൈക്കോളജിക്കൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
“സ്പെക്ട്രം ഹാർട്സ് ഒരു തെറാപ്പി സെന്റർ മാത്രമല്ല, ഓരോ കുഞ്ഞിനെയും സ്നേഹത്തോടെ മനസ്സിലാക്കുന്ന, ആദരവോടെ കൈപിടിച്ചു നടത്തുന്ന, ആത്മവിശ്വാസം നൽകുന്ന ഒരു വലിയ കുടുംബമാണ്” എന്ന് മാനേജിങ് ട്രസ്റ്റി നസീർ വെളിയിൽ പറഞ്ഞു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്ക് ആവശ്യമായ മാനസിക പിന്തുണയും കൗൺസലിംഗും ഇവിടെ ഉറപ്പാക്കുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിദ്യാഭ്യാസവും പാർപ്പിടവും ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് നസീർ വെളിയിൽ. സമാപന സമ്മേളനം കരുനാഗപ്പള്ളി നിയുക്ത എംഎൽഎ സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കെ എസ് പുരം സുധീർ, ഇർഷാദ് ബഷീർ, മായ, ജയസൂര്യ, പ്രൊഫ.
പദ്മകുമാർ, ഓണവിള സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

