ഇരവിപുരം ∙ വഴിതെറ്റി വന്ന വിദേശിയായ യുവാവിനെ പുലർച്ചെ വീട്ടുമുറ്റത്ത് കണ്ട് അമ്പരന്ന് വീട്ടുകാർ. ഇന്നലെ പുലർച്ചെ 4നാണ് ബ്രിട്ടിഷ് പൗരനായ കിറ്റ് പാട്രിക് ജോൺ(19) എന്ന യുവാവ് മയ്യനാട് ധവളക്കുഴി കോടവിള പടിഞ്ഞാറ്റതിൽ വിഷ്ണുവിന്റെ വീട്ടിൽ എത്തിയത്.
യുവാവ് വീടിന്റെ ഗേറ്റിൽ ശക്തിയായി അടിച്ച് ബഹളം വച്ചു. ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
അപരിചിതനെ കണ്ടതോടെ വീട്ടുകാർ അമ്പരന്നു. തുടർന്ന് സമീപവാസികളെയും പഞ്ചായത്തംഗം ഡി.സ്റ്റാലിൻകുമാറിനെയും വിവരം അറിയിച്ചു.
പഞ്ചായത്ത് അംഗം എത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താൻ വഴിതെറ്റി രാത്രി മുഴുവൻ നടക്കുകയായിരുന്നു എന്നും തന്നെ ദേശീയ പാതയിൽ എത്തിച്ചാൽ താമസിക്കുന്ന ഹോട്ടൽ കണ്ടെത്താമെന്നും ഇയാൾ പറഞ്ഞത്.
തുടർന്ന് കൈവശമുണ്ടായിരുന്ന പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് ബ്രിട്ടിഷ് പൗരനാണെന്നു മനസ്സിലായത്. ഉടൻ ഇരവിപുരം പൊലീസിൽ അറിയിച്ചു.
പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. രേഖകൾ എല്ലാം ക്ലിയറായതിനാൽ പൊലീസ് ഇയാളുടെ താമസ സ്ഥലം പിന്നീട് കണ്ടെത്തി.
കൊല്ലം ടൗണിലാണ് ഇയാൾ മുറിയെടുത്തിരുന്നത്.
ഇയാളും ഗൈഡായി ഉണ്ടായിരുന്ന ആളും മദ്യപിച്ചിരുന്നെന്നും ഗൈഡ് അബോധാവസ്ഥയിലായതോടെ കിറ്റ് പാട്രിക് ജോൺ തന്റെ മുറി അന്വേഷിച്ചു നടന്നു വഴി തെറ്റിയാണു മയ്യനാട് എത്തിയതെന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

