ആയൂർ: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ വരിഞ്ഞവിള വിശുദ്ധ മർത്തമറിയം പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള നട തുറക്കൽ ചടങ്ങ് വിശ്വാസികൾക്ക് ആത്മീയമായി അപൂർവ അനുഭവമായി മാറി.
എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായാണ് വിശുദ്ധ പേടകം വിശ്വാസികൾക്കായി തുറന്നു നൽകുന്നത്. പെരുന്നാൾ കൊടിയേറുന്ന ദിവസം മുതൽ സമാപന ദിവസം വരെ ഭക്തജനങ്ങൾക്ക് തിരുച്ചിത്രം ദർശിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ആഗോള ഓർത്തഡോക്സ് സഭയുടെ ചരിത്രവഴികളുമായും സുറിയാനി പൈതൃകവുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്ന ചരിത്ര നിയോഗത്തിന്റെ സാക്ഷ്യപത്രമാണ് ഈ ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും പൗരാണിക തിരുച്ചിത്രം. വർഷങ്ങൾക്ക് മുൻപ്, ഫാ.
കോശി ജോർജ് വരിഞ്ഞവിള വൈദിക വിദ്യാർഥിയായിരുന്ന കാലഘട്ടത്തിൽ അന്ത്യോഖ്യ പാത്രിയർകേറ്റിന്റെ പ്രധാന ആസ്ഥാനമായിരുന്ന സിറിയയിലെ ‘ഹോംസ്’ സന്ദർശിക്കുകയുണ്ടായി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയാർക്കീസ് ബാവ കബറടങ്ങിയിരിക്കുന്നതും, ദൈവമാതാവിന്റെ വിശുദ്ധ ഇടക്കെട്ട് (വിശുദ്ധ സുനോറോ) സൂക്ഷിച്ചിരിക്കുന്നതുമായ പ്രശസ്തമായ ‘സുനോറോ ദേവാലയ’മാണ് ഇത്.
മലങ്കര സഭയുടെ ഉത്ഥാനത്തിന് നേതൃത്വം നൽകിയ സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനി, സഭാ സമാധാന ചർച്ചകൾക്കായി പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയതും ഇതേ ചരിത്ര ഭൂമിയിൽ വച്ചായിരുന്നു. ഈ സന്ദർശന വേളയിൽ, സുറിയാനി ഓർത്തഡോക്സ് സഭയുടെ ഹോംസ് – ഹാമാ മെത്രാസനത്തിന്റെ അന്നത്തെ മോർ മിലിത്തിയോസ് ബർന്നബ മെത്രാപ്പോലിത്ത ഫാദർ കോശി ജോർജിന് പാരിതോഷികമായി നൽകിയതാണ് പൗരാണികവും അതിവിശുദ്ധവുമായ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഈ ഛായാചിത്രം.
വരിഞ്ഞവിള പള്ളിയിൽ എത്തിച്ച ഈ തിരുച്ചിത്രം ദേവാലയത്തിന്റെ വിശുദ്ധ മദ്ബഹായിൽ പ്രത്യേകം തയാറാക്കിയ പേടകത്തിൽ അതീവ ആദരവോടെ സ്ഥാപിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

