കൊല്ലം–തേനി ദേശീയപാത 183-ൽ ഉൾപ്പെടുന്ന കൊല്ലം കടവൂർ ബൈപാസ് ജംക്ഷൻ മുതൽ ചെങ്ങന്നൂരിനടുത്തുള്ള ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ഭാഗം വികസിപ്പിക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചു. 1663.15 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ കേന്ദ്ര ദേശീയപാത–റോഡ് ഗതാഗത മന്ത്രി അംഗീകരിച്ചതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയായതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. വികസനത്തിന്റെ ഘടന
പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട
16 ജംക്ഷനുകളും 18 ചെറിയ ജംക്ഷനുകളും നവീകരിക്കും. കൊല്ലം ബൈപാസ്, പ്രാക്കുളം, മുക്കട, പോറ്റിമുക്ക് പേരയം, കുണ്ടറ ചിറ്റുമല, ഭരണിക്കാവ്, ചക്കുവളളി, ചാരുംമൂട്, കോട്ടമുക്ക്, നല്ലുമുക്ക്, മാങ്കുഴി, ഇറവങ്കര, മാവേലിക്കര, പൊന്നുകര, ആഞ്ഞിലിമൂട് എന്നിവയാണ് പ്രധാന ജംക്ഷനുകൾ.
താന്നിക്കമുക്ക്, കുണ്ടറ അലിൻഡ് ഗ്രൗണ്ട് ചിറ്റുമല, മൂന്നുമുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻമുക്ക്, തെക്കേമുറി ശൂരനാട്, കണ്ണാമം, ആനയടി, വയ്യാൻകര, ചാവടി, ഗുരുനാഥൻകുളങ്ങര, ചുനക്കര, നാലുമുക്ക്, ചിറയിൽ, കൊടുകുളഞ്ഞി, പണിപ്പുരപടി എന്നിവയാണ് വികസിപ്പിക്കുന്ന ചെറിയ ജംക്ഷനുകൾ. കർശന വ്യവസ്ഥകൾ
2019-ൽ ആരംഭിച്ച നിർദേശത്തിനാണ് ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അംഗീകാരം ലഭിച്ചത്.
ആറ് മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഉറപ്പിക്കണമെന്ന കർശന വ്യവസ്ഥയോടെയാണ് അനുമതി. നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അനുമതി റദ്ദാകും.
യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. അല്ലാത്തപക്ഷം, പദ്ധതിയുമായി ബന്ധപ്പെട്ട
ജിഎസ്ടിയുടെ സംസ്ഥാന വിഹിതം തിരികെ നൽകേണ്ടി വരും. ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി റോഡ് വീതി 20 മീറ്ററായി നിജപ്പെടുത്താൻ ഫിനാൻസ് ആൻഡ് സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇപ്രകാരം 24 മീറ്റർ വീതിയിൽ റോഡ് നിർമിക്കേണ്ടി വന്നാൽ സംഭവിക്കുമായിരുന്ന 70.26 ഹെക്ടർ ഭൂമി ഏറ്റെടുക്കലും 2752 നിർമാണങ്ങളും 91 ആരാധനാലയങ്ങൾ പൊളിച്ചു മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.
സാങ്കേതിക മികവും സമയക്രമവും
എൻജിനീയറിങ്, പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഒരു കിലോമീറ്റർ ദൂരത്തിന് 30.59 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിച്ച്, 20 വർഷത്തെ വാറന്റി ഉറപ്പാക്കുന്ന രീതിയിലുള്ള ആധുനിക സാങ്കേതിക വിദ്യയാണ് നിർമാണത്തിന് ഉപയോഗിക്കുക. പദ്ധതിയിൽ 3 വലിയ പാലങ്ങളും 6 ചെറിയ പാലങ്ങളും 103 കലുങ്കുകളും ഉൾപ്പെടുന്നു.
കൂടാതെ ഒരു റെയിൽവേ ഓവർബ്രിജും 2 വെഹിക്കുലാർ അണ്ടർപാസുകളും നിർമിക്കും. 48 ബസ് സ്റ്റാൻഡുകളും 88.81 കിലോമീറ്റർ നീളത്തിൽ ഓടകളും സംവിധാനത്തിലുണ്ടാകും.
സുരക്ഷാ മുൻകരുതലുകളായി സോളർ എൽഇഡി ബ്ലിങ്കേഴ്സ്, ഹൈമാസ്റ്റ് ലൈറ്റിങ്, എൻജെ ക്രാഷ് ബാരിയറുകൾ എന്നിവ സ്ഥാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

