കൊല്ലം ∙ ഒരുവട്ടം കൂടി ആ ഒാർമത്തണലിൽ എത്താൻ പലർക്കും മോഹമുണ്ടെങ്കിലും 10 വർഷത്തിനിപ്പുറം തണലേകാൻ ആ മരമില്ല. മലയാളത്തിന്റെ തിരുമുറ്റത്ത് കാവ്യസുഗന്ധത്തിന്റെ കായ്മണികൾ പൊഴിച്ചിട്ട
കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണയ്ക്കായി ആശ്രാമം 8 പോയിന്റ് ആർട്ട് കഫേ അങ്കണത്തിലെ തുറന്ന വേദിയുടെ അരികിലായി നട്ടു വളർത്തിയ നെല്ലിമരമാണ് നശിച്ചു പോയത്.10 അടി ഉയരത്തിൽ തഴച്ചു വളർന്ന മരം എങ്ങനെ നശിച്ചുവെന്നു വ്യക്തമല്ല.
നെല്ലിമരം സംരക്ഷിക്കുന്നതിനായി നാലു ചുറ്റും ഇഷ്ടിക വച്ച് കെട്ടുകയും ചെയ്തിരുന്നു. മരം നശിച്ചതോടെ ആ ഭാഗം കാടു മൂടി കിടക്കുകയാണ്.
ഫംഗസ് ബാധിച്ചതിനെ തുടർന്ന് മരം നശിച്ചു പോയി എന്നാണു വിശദീകരണമെങ്കിലും നെല്ലിമരം വെട്ടി മാറ്റി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2016 ഫെബ്രുവരി 13നാണ് മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പ് ഒാർമയായത്.
കവിയുടെ സ്മരണകൾക്ക് തിരിതെളിച്ച് 2016 ഫെബ്രുവരി 21ന് സങ്കീർത്തനം സാംസ്കാരിക വേദി നടത്തിയ അനുസ്മരണ ചടങ്ങിലാണ് കവി മധുസൂദനൻ നായർ ആശ്രാമം 8 പോയിന്റ് ആർട്ട് കഫേയിൽ നെല്ലിമരം നട്ടത്. ശതാഭിഷിക്തനായ കവിയുടെ സ്മരണയ്ക്കായി അന്ന് 84 നെല്ലിമരത്തൈകളും വിതരണം ചെയ്തിരുന്നു.
ഒഎൻവി കുറുപ്പിന്റെ കവിതകളിലും ഒാർമകളിലും നിറഞ്ഞു നിൽക്കുന്ന ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ് നെല്ലിമരം.
ഒഎൻവിയുടെ മാതൃ വിദ്യാലയമായ ചവറ ഗവ.ഇംഗ്ലിഷ് ഹൈസ്കൂളിന്റെ (ഇപ്പോഴത്തെ ശങ്കരമംഗലം ഗവ.ഹൈസ്കൂളിൽ) സംസ്കൃത ക്ലാസ് മുറിക്ക് സമീപത്തെ കിണറും സമീപത്തുണ്ടായിരുന്ന നെല്ലിമരവും വെള്ളം കുടിക്കാൻ കാത്തു നിൽക്കുന്ന കുട്ടികളും അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ സാധിച്ചിരുന്നില്ല.
ഒഎൻവിയുടെ ഇത്തരത്തിലുള്ള ഒാർമകളുടെ സ്മരണയ്ക്കായാണ് കഫേ അങ്കണത്തിൽ നെല്ലിമരം നട്ടുവളർത്തിയത്. നശിച്ചു പോയ ആയ നെല്ലിമരത്തിന് പകരം അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ ഒഎൻവിയുടെ ദിനമായ 13ന് പുതിയ നെല്ലിമരം നട്ടുവളർത്തണമെന്നാണ് കൊല്ലത്തെ സാംസ്കാരിക കൂട്ടായ്മ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

