കൊല്ലം ∙ മൈലക്കാട് നിർമാണത്തിനിടെ ദേശീയപാത ഇടിഞ്ഞു താഴുകയും സർവീസ് റോഡ് പൊട്ടിത്തകരുകയും ചെയ്ത സംഭവത്തിൽ വിദഗ്ധ സംഘത്തിന്റെ പരിശോധനാ റിപ്പോർട്ട് ഇന്നോ നാളെയോ നൽകും. കാൺപൂർ ഐഐടിയിലെ ഡോ.ജിമ്മി തോമസിന്റെയും പാലക്കാട് ഐഐടിയിലെ ഡോ.ടി.കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം അപകട
സ്ഥലം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചിരുന്നു.
അതേ സമയം ദേശീയപാതയിൽ സമാന സാഹചര്യമുള്ള ജില്ലയിലെ സ്ഥലങ്ങളിൽ വിദഗ്ധ സംഘം പരിശോധന നടത്തിയിട്ടില്ല. ദേശീയപാത അതോറിറ്റിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ പരിശോധന കൂടി പൂർത്തിയായ ശേഷമേ മൈലക്കാടിലെ പുനർനിർമാണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാവു.
ഇത്രയും ഉയരത്തിൽ മണ്ണിട്ട് ഉയർത്തുന്നതിനുള്ള ബലം ചതുപ്പ് പ്രദേശമായ മൈലക്കാട് ഇല്ലായിരുന്നെന്നും അതിനാൽ സമാനമായ പുനർനിർമാണം അനുയോജ്യമായിരിക്കില്ല എന്നുമാണ് വിദഗ്ധരുടെ അഭിപ്രായമെന്നാണു സൂചന.
റോഡ് തകർന്ന ഭാഗത്ത് 60 മീറ്റർ ദൂരത്തിൽ എലിവേറ്റഡ് ഹൈവേയായി നിർമാണം നടത്തണമെന്ന നിർദേശമാണു പരിഗണനയിൽ. അടുത്ത ദിവസം തീരുമാനമുണ്ടാകും.
അപകടം നടന്ന മൈലക്കാട് ഭാഗത്തെ ദേശീയപാത നന്നാക്കി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു.
ഉയരപ്പാതയിലെ മണ്ണ് നീക്കിയ ഭാഗത്തേക്ക് നീക്കി ടാർ ചെയ്തു സർവീസ് റോഡ് സ്ഥാപിച്ചാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. വിണ്ടു കീറിയ സർവീസ് റോഡിലെ ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്.
ഞായറാഴ്ച രാത്രി തന്നെ താൽക്കാലിക റോഡ് നിർമാണം പൂർത്തിയാക്കിയിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്.
കടവൂരിൽ വയഡക്ട് വരും
കൊല്ലം ∙ കൊട്ടിയം മൈലക്കാടിനു സമാനമായ പ്രശ്നമുള്ള കടവൂരിൽ നിലവിലെ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡ് മാറ്റി വയഡക്ട് സ്ഥാപിക്കും.
സമാനമായ പ്രശ്നങ്ങളുള്ള, വലിയ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയ ജില്ലയിലെ പ്രദേശങ്ങളായ മേവറം, പറക്കുളം എന്നീ മേഖലകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ 3 പ്രദേശങ്ങളിലും റോഡിന് താഴ്ഭാഗത്തിലൂടെ തോട് പോകുന്നതിനാൽ കലുങ്ക് സ്ഥാപിച്ച് അതിന് മുകളിലൂടെ വലിയ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയിരിക്കുകയാണ്.
മൈലക്കാട് അപകടത്തിന് കാരണമായത് മണ്ണിന് ഉറപ്പില്ലാത്തതും കലുങ്ക് തകർന്നതുമായിരുന്നു.
ഈ 3 പ്രദേശങ്ങളിലും കലക്ടർ നിയോഗിച്ച കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയ പാടങ്ങളോ ചതുപ്പുകളോ ആയ മേഖലകളിലെല്ലാം വിശദമായ പരിശോധന നടത്തണമെന്നാണ് വിദഗ്ധ സമിതി നിർദേശം.
ചതുപ്പുനിലങ്ങളിലും വെള്ളക്കെട്ടിലും ആർച്ച് രൂപത്തിലുള്ള കോൺക്രീറ്റ് നിർമാണത്തിനു മുകളിലൂടെ റോഡും പാലവും പണിയുന്ന രീതിയാണ് വയഡക്ട്. അടിയിലെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തില്ല എന്നതാണ് ഗുണം.
മണ്ണ് ഇറക്കുന്നതിന്റെ മറവിലും തട്ടിപ്പോ?
കൊല്ലം ∙ ദേശീയപാതയിൽ റോഡ് നിർമാണത്തിനായി മണ്ണ് ഇറക്കുന്നതിൽ ഭൂരിഭാഗവും പ്രാദേശിക കരാറുകാരാണ്.
ഗുണനിലവാരമില്ലാത്തതും റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ സാധിക്കാത്തതുമായ മണ്ണാണ് പലപ്പോഴും എത്തിക്കുന്നതെന്നാണ് ആക്ഷേപം.
കൃത്യമായ പരിശോധനകൾ വിഷയത്തിൽ നടക്കുന്നില്ലെന്ന് മുൻപും പരാതി ഉയർന്നിരുന്നു. അപകടം നടന്ന ഭാഗത്ത് 30 അടിയോളമാണ് മണ്ണിട്ടു പൊക്കിയിരുന്നത്. 20 ശതമാനം മണ്ണിട്ട
ശേഷം അത് വിവിധ മാർഗങ്ങളിലൂടെ കൃത്യമായി ഉറച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അടുത്ത ഘട്ടം മണ്ണ് ഇടാൻ പാടുള്ളൂ എന്ന നിർദേശം പല ഇടങ്ങളിലും ലംഘിച്ചിട്ടുണ്ട്. അപകടം നടന്ന മൈലക്കാട് 4 അടിയോളം ഉയരത്തിൽ മണൽ മാത്രമായി നിക്ഷേപിച്ചത് അപകടത്തിന് ശേഷം ദൃശ്യമായിരുന്നു.
ദേശീയപാത നിർമാണത്തിനായി മണ്ണ് കൊണ്ടുവരുന്നതിന്റെ മറവിൽ പാടം നികത്താനും മറ്റും മണ്ണ് കടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.
അപകടം നടന്ന മൈലക്കാട് സംഭവസ്ഥലത്ത് അന്നുമുതൽ മണ്ണ് ഇറക്കുന്ന പ്രാദേശിക കരാറുകാരുടെ സാന്നിധ്യമുണ്ട്. കരാർ കമ്പനിക്കെതിരെ വരുന്ന പ്രതിഷേധങ്ങളെയും അഭിപ്രായങ്ങളെയും ഒതുക്കാൻ വേണ്ടിയാണ് ഇവർ സംഭവസ്ഥലത്തു നിൽക്കുന്നതെന്നും ആക്ഷേപമുണ്ട്.
കല്ലുവാതുക്കലിൽ മണ്ണിനോടൊപ്പം മരക്കൊമ്പുകളും
കല്ലുവാതുക്കലിൽ ദേശീയപാത നിർമാണത്തിന് വലിയ താഴ്ചയുള്ള ഭാഗം ഉയർത്താനായി മണ്ണിനോടൊപ്പം വലിയ മരക്കഷണങ്ങളും ശിഖരങ്ങളും കൂടി ഇട്ടിരുന്നുവെന്നു മുൻപ് പരാതി ഉയർന്നിരുന്നു. പരാതി ഉയർന്നതോടെ മണ്ണിട്ട് ഉയർത്തിയ ഭാഗത്തിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തിരുന്നു.
എങ്കിലും എത്ര ഉറപ്പാണ് ഈ ഭാഗത്ത് മണ്ണിന് ഉണ്ടാവുക എന്നാണ് ഉയരുന്ന ചോദ്യം. ഇത്തരത്തിൽ ഉപയോഗിച്ച തരത്തിലുള്ള മരക്കഷണങ്ങളും കൊമ്പുകളും ഇപ്പോഴും ഇവിടെ കാണാൻ സാധിക്കും.
കടവൂരിൽ ആശ്വാസം
സമാനമായ പ്രശ്നമാണ് കടവൂരിലും അനുഭവിക്കുന്നത്. തോട് കടന്നുപോകുന്ന ഇവിടെയും കലുങ്കിന് മുകളിലാണ് മണ്ണിട്ട് ഉയർത്തിയിരിക്കുന്നത്.
വയഡ്ക്ട് നിർമിക്കാൻ തീരുമാനമായതോടെ ഇവിടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

