
പുനലൂർ ∙ കാലവർഷത്തിൽ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട കൊല്ലം–തിരുമംഗലം ദേശീയപാതയിൽ ഒടുവിൽ ആഴ്ചകൾക്ക് ശേഷം കുറെ ഭാഗത്ത് കഴിഞ്ഞ ദിവസം ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ നികത്തി.
ഇന്റർലോക്ക് ടൈലുകൾ പാകിയിരുന്ന ഭാഗത്തായിരുന്നു ഏറ്റവും കൂടുതൽ കുഴികൾ രൂപപ്പെട്ടിരുന്നത്. കലയനാട് വലിയ വളവു ഭാഗത്തു നിന്നുമാണ് ജോലികൾ ആരംഭിച്ചത്.
വാളക്കോട് പെട്രോൾ പമ്പിന് സമീപം, വാളക്കോട് റെയിൽവേ മേൽപാലത്തിലും വശത്തും കലയനാട് വലിയ വളവിലും, വളവിന് മുകൾഭാഗത്തും, റെയിൽവേ അടിപ്പാതയുടെ ഭാഗത്തും, കലയനാട് ജംക്ഷനിലും ആണ് ഏറ്റവും കൂടുതൽ വലിയ കുഴികൾ രൂപപ്പെട്ടത്.
എന്നാൽ ക്വാറി വേസ്റ്റ് ഇട്ട് നികത്തിയിരിക്കുന്ന ഈ കുഴികൾ അടുത്ത ശക്തമായ ഏതാനും ദിവസത്തെ മഴയോട് കൂടി വീണ്ടും പഴയ സ്ഥിതിയിലാകുമെന്ന ആശങ്കയാണ് ഉള്ളത്. അതിനാൽ മഴക്കാലം കഴിഞ്ഞാൽ ഉടൻ ശാസ്ത്രീയമായി കുഴികൾ നികത്തി ടാറിങ് നടത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
കുഴികളിൽ ചാടി നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇതിനകം അപകടത്തിൽപ്പെട്ടിട്ടുള്ളത്. ദേശീയ പാതയുടെ തകർച്ച സംബന്ധിച്ച് പോയ ദിവസങ്ങളിൽ മനോരമ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]