
ദേശീയപാത നിർമാണം: മണ്ണുമാന്തിയുടെ ബക്കറ്റ് സ്വകാര്യ ബസിൽ ഇടിച്ച് 19 പേർക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാരിപ്പള്ളി ∙ ദേശീയപാതയുടെ മേൽപാത നിർമാണത്തിനിടെ മണ്ണുമാന്തിയുടെ ബക്കറ്റ് സ്വകാര്യ ബസിൽ ഇടിച്ചു 19 പേർക്കു പരുക്കേറ്റു. പാരിപ്പള്ളി മുക്കടയിൽ ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. പാരിപ്പള്ളിയിൽ നിന്ന് വർക്കല വഴി ചിറയിൻകീഴിലേക്കുള്ള സ്വകാര്യബസിന്റെ മുൻ ഭാഗത്താണ് ജെസിബിയുടെ ബക്കറ്റ് ഇടിച്ചത്. മേൽപാതയുടെ മുകളിൽ ജെസിബി നിർത്തി അതിന്റെ ബക്കറ്റിൽ ഇരുന്നു മേൽപാതയുടെ വശത്തെ കോൺക്രീറ്റ് സ്ലാബ് ക്രമപ്പെടുത്തുന്നതിനിടെ താഴെ സർവീസ് റോഡിലൂടെ വന്ന ബസിൽ തട്ടുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. നിയന്ത്രണം തെറ്റിയ ബസ് മേൽപാതയുടെ കോൺക്രീറ്റ് മതിലേക്കു ഇടിച്ചു കയറി. ജെസിബിയുടെ ബക്കറ്റിൽ ഇരുന്നു ജോലി ചെയ്ത ഇതര സംസ്ഥാന തൊഴിലാളിക്കും ബസ് യാത്രക്കാരായ 18 പേർക്കുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്നു ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം അര മണിക്കൂറിലേറെ തടസ്സപ്പെട്ടു. പരുക്കേറ്റവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ കടയ്ക്കാവൂർ സ്വദേശി അനിൽ കുമാർ (39), യാത്രക്കാരായ വർക്കല പനയറ സ്വദേശികളായ തുഷാര (43), അദീന (38), അനുയിക് (നാലര), അദിവ് (10), പാളയംകുന്ന് സ്വദേശി രോഹിത് (20), കല്ലുവാതുക്കൽ സ്വദേശി വിനോദ് കുമാർ (53), കടയ്ക്കൽ സ്വദേശി ഉദയ ഭാനു (81) വർക്കല സ്വദേശികളായ രേണുക (64), രേഷ്മ (34), ചാത്തിനകുളം സ്വദേശികളായ ഉമൈബാ ബീവി (78) ലൈല ബീവി (56), മുട്ടപ്പലം സ്വദേശി സുപ്രഭ (58), ചാവർകോട് സ്വദേശികളായ സുമ (46), കൃഷ്ണ (13), പാളയംകുന്ന് സ്വദേശി സൈബി (42), കടയ്ക്കാവൂർ സ്വദേശി അതുൽ (26), പാളയംകുന്ന് സ്വദേശി ദിവ്യ (25), ഇതര സംസ്ഥാന തൊഴിലാളി ഷമീർ (22) എന്നിവർക്കാണ് പരുക്കേറ്റത്. ദേശീയപാത നിർമാണത്തിനിടെ ജെസിബിയുടെ ബക്കറ്റ് തട്ടി മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കല്ലുവാതുക്കലിൽ കെഎസ്ആർടിസി ബസിലും പാരിപ്പള്ളി മുക്കടയ്ക്കു സമീപം സ്വകാര്യബസിലും ജെസിബിയുടെ ബക്കറ്റ് ഇടിച്ചു യാത്രക്കാർക്കു പരുക്കേറ്റിരുന്നു.