
ചോദിച്ച പണം നൽകിയില്ല; മദ്യലഹരിയിൽ പിതാവ് ഉറങ്ങിക്കിടന്ന മകനെ വെട്ടിപ്പരുക്കേൽപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരവൂർ∙ ചോദിച്ച പണം നൽകാത്തതിനെ തുടർന്ന് മദ്യലഹരിയിൽ പിതാവ് മകനെ വെട്ടി പരുക്കേൽപ്പിച്ചു. വെട്ടേറ്റ പരവൂർ കുറുമണ്ടൽ പടിഞ്ഞാറ്റേഭാഗം വീട്ടിൽ ആർ.അഭിലാഷ് പിള്ള (18) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഭിലാഷിന്റെ പിതാവ് ആർ.രാജേഷിനെ (സുനി-50) പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വെളുപ്പിന് 2 മണിക്കായിരുന്നു സംഭവം. വീട് നവീകരണത്തിനായി പരവൂർ നഗരസഭയിൽ നിന്ന് 32,000 രൂപ രാജേഷിന്റയും ഭാര്യ രേണുകയുടെയും പേരിലുള്ള അക്കൗണ്ടിൽ കഴിഞ്ഞ ദിവസം വന്നിരുന്നു.
മദ്യപിക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ട് കൂലിപ്പണിക്കാരനായ രാജേഷ് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പണം തരാൻ സാധിക്കില്ലെന്നും ഭാര്യ രേണുക അറിയിച്ചതോടെ അമിതമായി മദ്യപിച്ചു രാത്രി 2 മണിയോടെ വീട്ടിലെത്തി കൈയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ചു ഉറങ്ങി കിടക്കുകയായിരുന്ന മകനെ വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും മുതുകിലുമായി അഭിലാഷിനു 5 വെട്ടുകളേറ്റു.
കഴുത്തിനേറ്റ വെട്ട് ഗുരുതരമാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പരവൂർ പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ നിന്ന് കടന്നു കളഞ്ഞ അഭിലാഷിനെ വീടിനു സമീപത്തെ കടവിൽ നിന്ന് പൊലീസ് പിടികൂടി. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജേഷ് ഭാര്യയെ മർദിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്യുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പ്ലസ് ടു പഠനത്തിന് ശേഷം ചാത്തന്നൂരിൽ സായുധ സേനകളിലേക്കുള്ള കായികക്ഷമത പരീക്ഷ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തി വരികയായിരുന്നു അഭിലാഷ്. പരവൂർ എസ്എച്ച്ഒ ഡി.ദീപുവിന്റെ നേതൃത്വത്തിൽ ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി വാക്കത്തി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.