
ഓച്ചിറ∙ വയോധിക ദമ്പതികളുടെ ധീരമായ ചെറുത്ത് നിൽപ് മൂലം സ്കൂട്ടറിലെത്തി മാല കവർന്ന യുവതി പൊലീസ് പിടിയിലായി. യുവതി വയോധികയുടെ കൈ തല്ലി ഒടിക്കുകയും വയോധികന്റെ തലയ്ക്ക് മർദിക്കുകയും ചെയ്തെങ്കിലും വയോധിക യുവതിയെ വിട്ടില്ല.
മർദനമേറ്റ് തറയിൽ വീണ വയോധികൻ റോഡിലെ ചെളിവെള്ളത്തിൽ വീണു കിടന്നുകൊണ്ട് യുവതിയുടെ കാലിൽ ബലമായി പിടിച്ച് ബഹളം വച്ചു. ഓച്ചിറ കല്ലൂർ മുക്കിന് കിഴക്ക് മേമന മധു വിലാസത്തിൽ ഭാർഗവൻ പിള്ള (84), ഭാര്യ പങ്കജാക്ഷിയമ്മ (77) എന്നിവരുടെ ചെറുത്തു നിൽപാണ് മോഷ്ടാവിനെ കുടുക്കിയത്.
പ്രയാർ സ്വദേശി റീനനെയാണ് (50) പൊട്ടിച്ചെടുത്ത രണ്ടര പവന്റെ മാല ഉൾപ്പെടെ പിടിയിലായത്. അര മണിക്കൂറോളം പോരാട്ടം നടത്തിയാണ് ദമ്പതികൾ യുവതിയെ കീഴ്പ്പെടുത്തിയത്.ഞായറാഴ്ച 3.45ന് ദമ്പതികളുടെ വീടിനോട് ചേർന്നുള്ള സ്റ്റേഷനറി കടയിൽ ചാറ്റൽ മഴയിൽ സ്കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ റീന ആദ്യം പങ്കജാക്ഷിയമ്മയോടു കുടിക്കാൻ വെള്ളം ചോദിക്കുകയും വെള്ളം കുടിച്ച ശേഷം കടയിലെ ഉപ്പിന്റെ വില ചോദിച്ചുകൊണ്ട് കടയിലേക്ക് കയറി പങ്കജാക്ഷിയമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
യുവതി കടയിലേക്ക് കയറുന്നതിൽ സംശയം തോന്നിയ ഭർത്താവ് ഭാർഗവൻ പിള്ള മുറിയിൽ നിന്നു വെളിയിലേക്കെത്തിയപ്പോഴാണ് യുവതിയും പങ്കജാക്ഷിയമ്മയും മൽപിടിത്തം നടത്തുന്നത് കണ്ടത്.
അപ്പോഴേക്കും യുവതി പങ്കജാക്ഷിയമ്മയെ കടയുടെ വെളിയിലേക്ക് കൊണ്ടുവന്നിരുന്നു. തടയാൻ ശ്രമിച്ച ഭാർഗവൻ പിള്ളയുടെ നെറ്റിയിൽ യുവതി തുരുതുരെ ശക്തമായി മർദിച്ചു.
അപ്പോഴും പങ്കജാക്ഷിയമ്മ യുവതിയെ ഒടിഞ്ഞ കൈ ഉൾപ്പെടെ ഉപയോഗിച്ച് ബലമായി പിടിച്ചുവച്ചു. നെറ്റിയിലെ മർദനത്തിൽ റോഡിലെ ചെളിയിൽ വീണ ഭാർഗവൻ പിള്ള യുവതിയുടെ കാലിൽ പിടിക്കുകയും യുവതി അവരുടെ സ്കൂട്ടറുമായി മറിഞ്ഞു വീഴുകയും ചെയ്തു.
ബഹളം കേട്ടെത്തിയ ദമ്പതികളുടെ മകൻ മധുവും ഭാര്യയും നാട്ടുകാരും ചേർന്ന് യുവതിയെ തടഞ്ഞു വച്ച് പൊലീസ് കൈമാറുകയായിരുന്നു. വയോധികരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പങ്കജാക്ഷിയമ്മയുട വലത് കൈയ്ക്കു സാരമായി പരുക്കേറ്റു.
ഓച്ചിറ പൊലീസ് കേസെടുത്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എം.സുജാതൻ പിള്ള, എസ്ഐമാരായ റിനോസ്, എം.എസ്.നാഥ്, സന്തോഷ്, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]