
സർവീസ് റോഡും പ്രധാന പാതയും തിരിച്ചറിയാൻ കഴിയാതെ അപകടം; ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും എതിരെ പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ദേശീയപാതയിൽ ശീമാട്ടി മേൽപാതയിലൂടെ കൊല്ലം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ സർവീസ് റോഡും പ്രധാന പാതയും തിരിച്ചറിയാൻ കഴിയാതെ അപകടത്തിൽപെടുന്നു. ഒരാഴ്ചയ്ക്കിടെ ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ഇങ്ങനെ അപകടത്തിൽപ്പെട്ടു. ഏതാനും പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടും നിർമാണ കമ്പനിയും എൻഎച്ച് അധികൃതരും സുരക്ഷാ നടപടി സ്വീകരിക്കുന്നില്ലെന്നു കാട്ടി ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.മേൽപാത അവസാനിക്കുന്ന ഭാഗത്തു പ്രധാന പാതയുടെ ഒരു വശത്ത് കോൺക്രീറ്റ് പാളികൾ നിരത്തി വച്ചിരിക്കുകയാണ്.
ഇതിനു മുന്നിൽ റോഡിന്റെ പകുതിയോളം ഭാഗത്തു കുറുകെ കൂറ്റൻ പൈപ്പ് ഇട്ടിരിക്കുകയാണ്. പാത വികസനത്തിന്റെ ഭാഗമായ അടിക്കടി ഗതാഗതം തിരിച്ചു വിടുന്നുമുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് സർവീസ് റോഡിലെ ഗതാഗതം പ്രധാന റോഡിലൂടെ തിരിച്ചു വിട്ടു. എന്നാൽ, ഇതു സംബന്ധിച്ചു സൂചനാ ബോർഡുകൾ ഒന്നും തന്നെ സ്ഥാപിച്ചില്ല.
മേൽപാതയിലൂടെ എത്തുന്ന വാഹനങ്ങൾ പൈപ്പിൽ ഇടിച്ചു മറിഞ്ഞാണ് അപകടങ്ങൾ ഏറെയും സംഭവിച്ചത്. 2 ദിവസം മുൻപ് സ്കൂട്ടറിലെത്തിയ കൊല്ലം സ്വദേശിയായ യുവാവ് പൈപ്പിൽ ഇടിച്ചു മറിഞ്ഞു കോൺക്രീറ്റ് പാളികൾക്കിടയിൽ അകപ്പെട്ടു ഗുരുതര പരുക്കേറ്റു. ഇതിനു മുൻപ് സ്കൂട്ടർ യാത്രക്കാരായ യുവതികൾ, ബൈക്കിൽ സഞ്ചരിച്ച പിതാവും മകനും ഉൾപ്പെടെ ഒട്ടേറെപ്പേർ അപകടത്തിൽപ്പെട്ടു.
തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ ദേശീയപാത രാത്രി സമയത്തു കൂരിരുട്ടിലാണ്. റോഡും മുന്നിലെ കുഴികളും അപകടവും ഒന്നും തിരിച്ചറിയാൻ കഴിയില്ല. ദിശ സൂചനാ, അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചാൽ അപകടം ഒഴിവാക്കാൻ കഴിയും.സുരക്ഷിത യാത്രയ്ക്ക് അവസരം ഒരുക്കാത്ത എൻഎച്ച് അതോറിറ്റി, കരാർ കമ്പനി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ടു പൊതുപ്രവർത്തകർ രാജീവ് കനിവാണ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയത്. അപകടത്തിൽ പരുക്കേറ്റു യുവാക്കൾ ഉൾപ്പെടെ അബോധാവസ്ഥയിൽ കഴിയുന്നത് അധികൃതരുടെ അനാസ്ഥയാണെന്നും പരാതിയിൽ പറയുന്നു.