കൊല്ലം ∙ നഗരത്തിൽ ട്രാഫിക് പൊലീസിനെ കണി കാണാൻ പോലും ഇല്ല. തിരക്കേറിയ രാവിലെയും വൈകുന്നേരവും പ്രധാന ജംക്ഷനുകളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെയോ ട്രാഫിക് വാർഡന്മാരെയോ ഹോം ഗാർഡുകളെയോ നിയോഗിക്കുന്ന പതിവ് സിറ്റി പൊലീസ് അധികൃതർ മറന്നു.
ഗതാഗത നിയമലംഘനം വ്യാപകമായിട്ടും മോട്ടർ വാഹന വകുപ്പ് അധികൃതരെ റോഡുകളിൽ കാണാനുമില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
റോഡുകളിൽ ട്രാഫിക് പൊലീസ് ഇല്ലാതായതോടെ, പ്രധാന ജംക്ഷനുകളിൽ ഗതാഗതക്കുരുക്കും പതിവായി. നേരത്തേ, പ്രധാന ജംക്ഷനുകളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെയോ ട്രാഫിക് വാർഡന്മാരെയോ ഹോം ഗാർഡുമാരെയോ രാവിലെ ഓഫിസ്– സ്കൂൾ സമയത്തും വൈകുന്നേരവും നിയോഗിക്കാറുണ്ടായിരുന്നു.
ഇന്നലെ കലക്ടറേറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ആനന്ദവല്ലീശ്വരം ജംക്ഷനിൽ പോലും പൊലീസിനെ കാണാനില്ലായിരുന്നു. കടപ്പാക്കട, രാമൻകുളങ്ങര ജംക്ഷനുകളിൽ രാവിലെയും വൈകിട്ടും പൊലീസോ വാർഡന്മാരോ ഗാർഡോ ഉണ്ടായിരുന്നതും ഇപ്പോഴില്ല.
രാമൻകുളങ്ങര ജംക്ഷനിൽ രാവിലെ സ്കൂൾ– ഓഫിസ് സമയങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ആണ്.
പഴയ ദേശീയപാതയിൽ മരുത്തടി റോഡും ആശാൻ ജംക്ഷൻ റോഡും സന്ധിക്കുന്ന ഇവിടെ പൊലീസ് ഇല്ലാതായതോടെ ഗതാഗത നിയമലംഘനവും അപകടങ്ങളും പതിവായി. ജംക്ഷനിലെ മാർക്കറ്റിലേക്കും കടകളിലേക്കും എത്തുന്ന കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ ഏറെ നേരം കാത്തു നിൽക്കണം.
താലൂക്ക് കച്ചേരി ജംക്ഷനിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ടെങ്കിലും അതും പലപ്പോഴും മുടങ്ങുന്നു.
നിയമിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരാകട്ടെ, ഓട്ടോ സ്റ്റാൻഡിനടുത്തു നിലയുറപ്പിക്കാറാണു പതിവ്. താലൂക്ക് കച്ചേരിക്കു മുന്നിലൂടെ ലിങ്ക് റോഡിലേക്കു പ്രവേശിക്കേണ്ട
വാഹനങ്ങൾക്കുള്ള ഫ്രീ ലെഫ്റ്റ് റോഡിൽ ചിന്നക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ കയറി സിഗ്നൽ കാത്തു കിടക്കുന്നതോടെ ഇവിടെയും ഗതാഗതക്കുരുക്ക് പതിവാണ്.
താലൂക്ക് കച്ചേരിക്കു മുന്നിൽ പൊലീസുകാരെ നിയോഗിച്ചു ഫ്രീ ലെഫ്റ്റ് റോഡിലെ യാത്ര സുഗമമാക്കിയാൽ ഇവിടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവും. കടപ്പാക്കട
ജംക്ഷനിലെ ഫ്രീ ലെഫ്റ്റിന്റെ കാര്യവും ഇതുതന്നെ.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സിഗ്നലുകൾ തെറ്റിച്ചു സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്നതും പ്രധാന ജംക്ഷനുകളിൽ അപകടത്തിനു കാരണമാകുന്നുണ്ട്. ഇതു നിയന്ത്രിക്കാനും പൊലീസ് ഇല്ല.
ബൈക്കിൽ 3 പേർ വീതം ഹെൽമറ്റ് പോലും ഇല്ലാതെ ചീറിപ്പായുന്നവരും ലഹരിമരുന്നു ഉപയോഗിച്ച ശേഷം ചീറിപ്പായുന്ന ബൈക്കുകളും നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണി ഉയർത്തി ചീറിപ്പായുന്ന ഇവരെ നിയന്ത്രിക്കാനും പൊലീസ് ഇല്ല.
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇല്ല
മോട്ടർ വാഹന വകുപ്പ് അധികൃതരെയും റോഡിൽ കാണാതായിട്ടു കാലങ്ങളായി.
ഗതാഗത നിയമ ലംഘനങ്ങൾ വ്യാപകമായിട്ടും ഇവരുടെ വാഹന പരിശോധനയും ഉണ്ടാകുന്നില്ല. മതിയായ രേഖകളില്ലാതെ റോഡിലുറങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും നടപടിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

