കൊല്ലം ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തരമായ അവഗണന അവസാനിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ റെയിൽസിറ്റി ശക്തമായി ആവശ്യപ്പെട്ടു.
കുന്നത്തൂർ, അടൂർ, കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി എന്നീ അഞ്ച് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള എണ്ണായിരത്തോളമാളുകളാണ് ദിനംപ്രതി യാത്രാ ആവശ്യങ്ങൾക്കായി ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്രദേശത്ത് റോഡ്, ഹൈവേ ഗതാഗത സൗകര്യങ്ങൾ അപര്യാപ്തമായി തുടരുന്നതിനാൽ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്.
വർഷം തോറും 3.75 കോടി രൂപയുടെ മികച്ച വാർഷിക വരുമാനമുള്ള സ്റ്റേഷനാണിത്. എന്നാൽ ഇത്രയധികം വരുമാനമുണ്ടെങ്കിലും ഇവിടെ ഒരു റിസർവേഷൻ കൗണ്ടർ പോലുമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
കൂടാതെ, പ്രധാനപ്പെട്ട ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തതും സ്റ്റേഷന്റെ സമഗ്രമായ വികസനത്തിന് വലിയ തിരിച്ചടിയാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ റിസർവേഷൻ കൗണ്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. ദീർഘദൂര ട്രെയിനുകൾക്കായി 25 കിലോമീറ്ററോളം സഞ്ചരിച്ച് മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ട
ഗതികേടിലാണ് നിലവിൽ നാട്ടുകാർ. ഇന്റർസിറ്റി, മൈസൂർ, കണ്ണൂർ, രാജാറാണി, അമൃത തുടങ്ങിയ പ്രധാന എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് റെയിൽസിറ്റി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.
ഇത് യാത്രാദുരിതം പരിഹരിക്കുന്നതിനൊപ്പം റെയിൽവേയുടെ വരുമാനം ഇനിയും വർധിപ്പിക്കാൻ സഹായിക്കുമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

