
‘ഡോക്ടർ അങ്കിൾ വരുമ്പോൾ മോള് ഉറങ്ങുവാണെങ്കിൽ ഉമ്മച്ചി സോറി പറയണേ..’: ആശ്വസിപ്പിക്കാനാകുമോ ഈ അമ്മമനസ്സിനെ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനാപുരം∙ ‘ഉമ്മച്ചി ഞാൻ ഡോക്ടർ അങ്കിളിനോട് ദേഷ്യത്തോടെ പെരുമാറി. ഇനി ഡോക്ടർ അങ്കിൾ വരുമ്പോൾ മോള് ഉറങ്ങുവാണെങ്കിൽ ഉമ്മച്ചി സോറി പറയണേ’ ഉമ്മ ഹബീറയുടെ കാതുകളിൽ ഇപ്പോഴും നിയയുടെ വാക്കുകൾ മുഴങ്ങിക്കേൾക്കുന്നു.തെരുവുനായയുടെ കടിയേറ്റ് അത്യാസന്നനിലയിൽ ആശുപത്രിയിൽ കിടക്കുമ്പോഴും വാക്കുകൾ കൊണ്ട് മറ്റൊരാളുടെ മനസ്സിൽ മുറിവേൽക്കരുതെന്നായിരുന്നു നിയയുടെ കുഞ്ഞുമനസ്സ് ആഗ്രഹിച്ചത്. സ്വന്തം ജീവൻ പണയംവച്ചു താറാവിനെ രക്ഷിക്കാൻ ശ്രമിച്ചതും ആ നല്ല മനസ്സുകൊണ്ടു തന്നെ. കൂട്ടുകാരെപ്പോലും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത ഇഷാന എന്നു വിളിപ്പേരുള്ള നിയയുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വിളക്കുടിയെന്ന ഗ്രാമം.
പള്ളിയിലേക്കു തുള്ളിച്ചാടി പോകുന്ന ഏഴുവയസ്സുകാരിയുടെ മുഖം മനസ്സിൽ നിന്നു മായുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. വാക്സിൻ എടുത്തുകൊണ്ടിരുന്ന സമയങ്ങളിലും പള്ളിയിലെ സമ്മർ ക്യാംപിനുൾപ്പടെ പോയിരുന്നു.കഴിഞ്ഞ മാസം ഇരുപതിനായിരുന്നു നിയയുടെ ജന്മദിനം. കേക്ക് ഒരുപാട് ഇഷ്ടമുളള നിയക്കുട്ടി അന്ന് കേക്ക് വാങ്ങേണ്ടതില്ലെന്ന് ഉമ്മയോട് പറഞ്ഞിരുന്നു.നായയുടെ കടിയേറ്റാൽ മുട്ട കഴിക്കരുതെന്ന് ആരോ പറഞ്ഞതു കേട്ടിട്ടാണ് ഇഷ്ടഭക്ഷണവും പിറന്നാൾ ആഘോഷവുമെല്ലാം വേണ്ടെന്നുവച്ചത്. ‘ഇനി ഒരു കുഞ്ഞിനും എന്റെ മകളുടെ അവസ്ഥ വരരുത്’.പടം വരയ്ക്കാൻ ഒരുപാടിഷ്ടമുള്ള മകൾക്ക് അവസാനമായി വാങ്ങി നൽകിയ ഡ്രോയിങ് ബുക്കിലെ അവളുടെ വരകൾ നോക്കി വിങ്ങിപ്പൊട്ടുന്ന ഹബീറയെ ആശ്വസിപ്പിക്കാൻ കേട്ടുനിന്നവർക്കു പോലും കഴിഞ്ഞില്ല.
പേവിഷ മരണം: ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
കൊല്ലം∙ വിളക്കുടിയിൽ ഏഴു വയസ്സുകാരി നിയ ഫൈസൽ പേവിഷ ബാധിച്ച് മരിച്ച പശ്ചാത്തലത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയുടെ ഭാഗത്തു വീഴ്ചകളില്ലെന്ന് ഡിഎംഒ ഡോ. എം. അനിതയുടെ റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഉന്നതരുടെ നിർദേശ പ്രകാരം ഡിഎംഒ ഇന്നലെ താലൂക്ക് ആശുപത്രി അധികൃതരിൽ നിന്നു വിശദീകരണം തേടിയിരുന്നു. തുടർന്നാണു ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചത്.ഏപ്രിൽ 8ന് രാവിലെ 11.45നാണ് കുട്ടിക്ക് നായയുടെ കടി ഏൽക്കുന്നത്. അന്ന് ഉച്ചയ്ക്ക് 1.20ന് ടെസ്റ്റ് ഡോസും ഒരു മണിക്കൂറിനു 2.20ന് ആദ്യ ഡോസ് വാക്സീനും നൽകിയെന്ന് ഡിഎംഒ പറഞ്ഞു. ആശുപത്രിയുടെയോ, ജീവനക്കാരുടെയോ ഭാഗത്തു നിന്നു പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന തരത്തിലുള്ള വിശദീകരണം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ ഡിഎംഒയ്ക്ക് നൽകിയിരുന്നു.
എന്നാൽ, താലൂക്ക് ആശുപത്രിയിൽ കുട്ടിക്കു വാക്സിൻ നൽകാനും മുറിവ് പരിശോധിക്കാനും വൈകിയെന്ന് കുട്ടിയുടെ മാതാവ് ഹബീറ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചിരുന്നു. ആദ്യം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിയെ എത്തിച്ചത്. അവിടെ നിന്നു പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സ ഏറെ നേരം വൈകിയെന്നാണ് അമ്മയുടെ ആരോപണം. തെരുവുനായ കടിച്ചിട്ടാണ് കുട്ടിയുമായി വന്നതെന്നു പറഞ്ഞിട്ടും ഡോക്ടർ ഗൗനിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ തള്ളുന്ന റിപ്പോർട്ടാണ് ആരോഗ്യ വകുപ്പിന്റേത്. നേരത്തേ, കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ നിന്നുള്ള ഉന്നതർ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ തേടിയിരുന്നു.
വാക്സിനെടുത്തതിൽ പിഴവ് ഉണ്ടായെന്നുള്ള ആരോപണം ആവർത്തിച്ചു മാതാവ്
പത്തനാപുരം∙ തെരുവുനായയുടെ കടിയേറ്റ് വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നു പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച നിയയ്ക്ക് വാക്സിൻ നൽകാൻ വൈകിയെന്നും വാക്സിനെടുത്തതിൽ പിഴവ് ഉണ്ടായെന്നുമുള്ള ആരോപണം ആവർത്തിച്ചു മാതാവ്. ‘മകളെ കിടത്തി മുറിവിന്റെ ആഴം പരിശോധിക്കാൻ പോലും ആശുപത്രി ജീവനക്കാർ തയാറായില്ല. ഇടതു കൈമുട്ടിനു സമീപമുള്ള വലിയ മുറിവ് മാത്രമാണ് നഴ്സ് ശ്രദ്ധിച്ചത്, താൻ പറഞ്ഞപ്പോൾ മാത്രമാണു കയ്യിലെ മറ്റു മുറിവുകൾ കണ്ടത്.
വാക്സിനെടുത്തപ്പോൾ അതു പുറത്തേക്കു ഒലിച്ചു വരുന്നുണ്ടായിരുന്നു, ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ കുഴപ്പമില്ലെന്നായിരുന്നു മറുപടി’. – ഹബീറ പറഞ്ഞു. ഏപ്രിൽ 8നു 12.40നു റേബീസ് ഇമ്യൂണോ ഗ്ലോബുലിൻ നൽകുന്നതിനായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും മുക്കാൽ മണിക്കൂർ വൈകിയാണ് ടെസ്റ്റ് ഡോസ് നൽകിയതെന്നും ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഇമ്യുണോ ഗ്ലോബുലിൻ നൽകിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ടെസ്റ്റ് ഡോസ് നൽകിയതിനു ശേഷം സർജനെ കാണാനും നിർദേശം നൽകി.
നിയ ഫൈസലിന്റെ മരണം: സംഭവങ്ങളിലൂടെ
ഏപ്രിൽ 8
11.45 – നിർമാണത്തിലിരിക്കുന്ന സമീപത്തെ വീടിന്റെ മുറ്റത്തേക്ക് തൊഴിലാളികൾക്ക് വെള്ളം കൊടുത്ത പാത്രം തിരിച്ചെടുക്കാനായി നിയ ഫൈസൽ പോകുന്നു.
11.50 – നിയയ്ക്ക് തെരുവുനായയുടെ കടിയേൽക്കുന്നു. മിനിറ്റുകൾക്കുള്ളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നു.
12.10– ഇൻട്രാഡെർമൽ റേബീസ് വാക്സിൻ (ഐഡിആർവി) നൽകുന്നതിനായി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നു.
12.40– റേബീസ് ഇമ്യൂണോ ഗ്ലോബുലിൻ (ആർഐജി) നൽകുന്നതിനായി പുനലൂർ താലൂക്ക് ആശുപത്രിയിൽ
1.20– ടെസ്റ്റ് ഡോസ് നൽകുന്നു
2.20– ആശുപത്രി രേഖകൾ പ്രകാരം ആർഐജി നൽകിയ സമയം. എന്നാൽ ടെസ്റ്റ് ഡോസ് എടുത്തതിനുശേഷം ഒന്നരമണിക്കൂറോളം വൈകിയാണ് ആർഐജി നൽകിയതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഏപ്രിൽ 9
10.30– കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ കൊണ്ടുപോയി പീഡിയാട്രിക് സർജനെ കാണിക്കുന്നു
ഏപ്രിൽ 11
കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നു
ഏപ്രിൽ 15
മൂന്നാം ഡോസ് വാക്സിൻ എടുക്കുന്നു
ഏപ്രിൽ 29
രാത്രി 8നു ശേഷം കൈയ്ക്കു വേദന അനുഭവപ്പെടുന്നു. പനി ബാധിച്ചു.
ഏപ്രിൽ 30
10.30– കഠിനമായ തലവേദന കാരണം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക്.
മേയ് 01
രാവിലെ 10 മണിയോടെ തലവേദന കുറവില്ലാത്തതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക്. വൈകിട്ട് പുനലൂരിൽ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു.
4.30– എസ്എടിയിലെത്തി. ഉടൻ ചികിത്സ ആരംഭിച്ചു.
മേയ് 05
പുലർച്ചെ 2.30നു മരിച്ചു.