
കടുത്ത ചൂട് തുടരുമ്പോഴും കുളിരണിയിച്ച് വേനൽമഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കടുത്ത ചൂട് തുടരുമ്പോഴും ജില്ലയെ കുളിരണിയിച്ചു വേനൽമഴ. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ശക്തമായ വേനൽമഴയാണ് ഈ വർഷം ജില്ലയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ ലഭിക്കുന്നതിൽ നിന്ന് ഇരട്ടിയിലധികം മഴ ഇതുവരെ കൊല്ലത്തിന് ലഭിച്ചു. സംസ്ഥാനത്ത് 2017ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസമാണ് കഴിഞ്ഞു പോയത്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലുമാണ് കൂടുതലും മഴ ലഭിക്കുന്നത്. മലയോര മേഖലയിലാണ് മഴ കൂടുതലായി പെയ്യുന്നത്.
ഇന്നലെയും ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ചു മഴയുണ്ടായിരുന്നു.അതേ സമയം ഇന്നു മുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽമഴയിൽ ചെറിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. പക്ഷേ പകൽ സമയത്തെ, പ്രത്യേകമായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിലെ കടുത്ത ചൂടിനെ മറികടക്കാൻ ഈ മഴ കൊണ്ടും സാധിക്കുന്നില്ല.
102% കൂടുതൽ
ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ കൊല്ലം ജില്ലയ്ക്ക് ആകെ ലഭിക്കേണ്ടിയിരുന്നത് 75 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇതുവരെ ജില്ലയ്ക്ക് 153 മില്ലിമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു– 102 ശതമാനം കൂടുതൽ. സംസ്ഥാനത്തൊട്ടാകെ ഇത്തവണ വേനൽമഴ ശക്തമാണ്. കേരളത്തിലാകെ മഴയിൽ 115 ശതമാനം കൂടുതലാണ് ഈ വേനൽക്കാലത്തു റിപ്പോർട്ട് ചെയ്തത്. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ആയൂരിൽ 52 മില്ലിമീറ്റർ മഴയും പുനലൂരിൽ 37 മില്ലിമീറ്റർ മഴയും ലഭിച്ചിരുന്നു.
ചൂടിനു ശമനമില്ല
മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും ചൂടിൽ കാര്യമായ ശമനം ജില്ലയ്ക്ക് ഇനിയും ലഭിച്ചിട്ടില്ല. മഴ പെയ്യുന്ന സമയങ്ങളിലൊഴികെ താപനില ഉയർന്നു തന്നെ നിൽക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ജില്ലയിലെ പുനലൂർ. കഴിഞ്ഞ മാർച്ച് 5ന് പുനലൂരിൽ റിപ്പോർട്ട് ചെയ്ത 37.8 ഡിഗ്രി താപനിലയാണ് മാർച്ചിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. വടക്കൻ ജില്ലകളിൽ സാധാരണയേക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിലുണ്ടാവുന്ന ചൂടും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിട്ടുള്ളത്.
ജില്ലയിലെ അൾട്രാവയലറ്റ് സൂചികയിലും (യുവി ഇൻഡക്സ്) കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും 8 മുതൽ 10 വരെയാണ് ജില്ലയിലെ യുവി സൂചിക. സൂര്യപ്രകാശത്തിനൊപ്പം ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളുടെ അളവാണ് ഈ സൂചിക. ഇത് 5 വരെയാണ് സാധാരണയായി കണക്കാക്കുന്നത്. 8 മുതൽ 10 വരെ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്.
ഇടിമിന്നൽ സൂക്ഷിക്കണം
വേനൽമഴയോടൊപ്പം ഇടിയും മിന്നലും സജീവമായതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരാൾ മിന്നലേറ്റ് മരിക്കുകയും കോട്ടയത്ത് 5 പേർക്കു പരുക്കേൽക്കുകയും ഇടുക്കിയിലും കാസർകോടും അപകടമുണ്ടാവുകയും ചെയ്തിരുന്നു. അപകടം സംഭവിച്ചാൽ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നൽകുവാൻ വൈകരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള പ്രധാന സമയമാണ്. അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളിൽ തുടരുന്നതാണ് ഏറ്റവും സുരക്ഷിതം.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും തുറന്ന ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക, ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ ഇല്ലാതിരിക്കുക, കുളിക്കുന്നത് ഒഴിവാക്കുക, സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.