
കൊട്ടിയത്ത് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്: എന്തു വിധിയിത്… വല്ലാത്ത ചതിയിത്…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടിയം∙ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷയില്ലാതെ കൊട്ടിയം ജംക്ഷൻ. പരിഹാര നടപടികളൊന്നും ഫലം കാണുന്നില്ല. ജംക്ഷനിലെ അടിപ്പാത തുറന്നതോടെ കുരുക്ക് ഒഴിവാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുരുക്ക് വർധിച്ചു. മൈലക്കാട് ഭാഗത്തു നിന്നു കൊല്ലത്തേക്കു പോകുന്ന വാഹനങ്ങൾ 2 കിലോമീറ്ററോളമാണ് നീണ്ടനിരയായി കിടക്കുന്നത്. ജോലിക്കു പോകുന്നവരെല്ലാം മണിക്കൂറോളമാണു ഗതാഗതക്കുരുക്കിൽപ്പെട്ടത്. ആംബുലൻസുകളും ഇതിൽപ്പെടുന്നു. രോഗികളെ ആശുപത്രിയിൽ സമയത്തിന് എത്തിക്കാനായില്ല. ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി കൊട്ടിയം ജംക്ഷന് സമീപം പാലത്തിനോട് ചേർന്ന് റോഡിന്റെ നിർമാണ പ്രവർത്തനത്തിനായി കുഴിയെടുത്തു തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്കു രൂക്ഷമായത്.
സർവീസ് റോഡുകൾക്ക് വീതി കുറവായതിനാൽ വലിയ വാഹനങ്ങളെ മറികടക്കാൻ ചെറിയ വാഹനങ്ങൾക്കു കഴിയില്ല. പ്രധാനമായും ഈ പ്രശ്നം അനുഭവപ്പെടുന്നത് കൊല്ലത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ്. കൊട്ടിയത്തു നിന്നു സർവീസ് ആരംഭിക്കുന്ന ബസുകളും ചാത്തന്നൂർ ഭാഗത്തു നിന്നുള്ള ബസുകളും ഒരേസമയം ഇവിടെയെത്തുന്നതിനാൽ പിന്നാലെ വരുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സ്ഥലം ഇല്ല. ഒപ്പം അടിപ്പാതയിലൂടെ മയ്യനാട്, കണ്ണനല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ട്രാഫിക് പൊലീസ് നടത്തുന്ന ശ്രമങ്ങളെല്ലാം പാഴായിപ്പോകുന്നുവെന്നും ആക്ഷേപമുണ്ട്. പ്രശ്നത്തിൽ കലക്ടർ ഇടപെട്ട് റോഡ് നിർമാണ കരാർ കമ്പനികൾക്ക് ഇന്നലെ കർശന നിർദേശം നൽകിയിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം കണ്ടില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും.
എങ്ങനെ പരിഹരിക്കാം
ജംക്ഷനിൽ ഗതാഗതക്കു പരുക്ക് മുൻപത്തെക്കാൾ രൂക്ഷമായ സാഹചര്യത്തിൽ കൊട്ടിയം ജംക്ഷൻ എത്തണമെന്ന് നിർബന്ധമില്ലാത്ത വാഹനങ്ങൾ വഴിതിരിച്ചു വിടണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. അടിയന്തരമായി പൊലീസ്, വ്യാപാരികൾ, ഒാട്ടോ–ടാക്സി, ബസ് തൊഴിലാളികളുമായി ചർച്ച ചെയ്ത് ട്രാഫിക് പരിഷ്കരിക്കണം.
ചില നിർദേശങ്ങൾ ഇതിനകം ചിലർ മുന്നോട്ടു വച്ചിട്ടുണ്ട് അവ ഇങ്ങനെ:
∙ചാത്തന്നൂരിൽ നിന്നു കൊല്ലത്തേക്കു പോകുന്ന കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സിതാര ജംക്ഷനിൽ കിംസ് ആശുപത്രിക്ക് സമീപം ഇടതു തിരിഞ്ഞ് ഹോളിക്രോസ് ആശുപത്രി റോഡിൽ പ്രവേശിച്ച് ചൂരൽപൊയ്ക റോഡു വഴി ഗുരുമന്ദിരം ജംക്ഷനിൽ എത്തുക. അവിടെ നിന്ന് ഉമയനല്ലൂർ ക്ഷേത്ര റോഡ് വഴി ഉമയനല്ലൂർ ജംക്ഷനിൽ എത്തി ദേശീയപാതയിൽ പ്രവേശിക്കുക.
∙ ചാത്തന്നൂരിൽ നിന്നുവരുന്ന കണ്ടെയ്നർ, വലിയ ലോറികൾ എന്നിവ മൈലക്കാട് തിരിഞ്ഞ് കണ്ണനല്ലൂർ വഴി തിരിച്ചു വിടുക.
∙ കൊല്ലത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പറക്കുളത്തും ഉമയനല്ലൂർ ജംക്ഷനിലും തിരഞ്ഞ് മൈലാപ്പൂര് റോഡ് വഴി കണ്ണനല്ലൂർ റോഡിലേക്ക് എത്തുക.
∙കൊട്ടിയം ജംക്ഷനിലെ ആശുപത്രി റോഡിലേക്കു തിരിയുന്ന ഭാഗത്തെ അടിപ്പാലത്തിന്റെ നിർമാണം എത്രയും വേഗം സാധ്യമാക്കി അതുവഴി വാഹനം കടത്തി വിടുക.
∙ തീരദേശ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം തീർത്ത് അതുവഴി വാഹനങ്ങൾ കടത്തിവിടാൻ സൗകര്യമൊരുക്കുക.
പരീക്ഷയ്ക്ക് സമയത്ത് എത്താനായില്ലെന്ന് വിദ്യാർഥിയുടെ പരാതി
കൊട്ടിയം∙ ചാത്തന്നൂരിൽ നിന്നും ബസ് മാർഗം പരീക്ഷ എഴുതാൻ കൊല്ലത്തേക്കു പോയ കുട്ടിക്ക് പരീക്ഷ എഴുതാനായില്ലെന്നു പരാതി. രാവിലെ ചാത്തന്നൂരിൽ നിന്നും ബസ് കയറിയ കുട്ടി മൈലക്കാട് മുതൽ കൊട്ടിയം വരെ എത്താൻ എടുത്തത് ഒന്നര മണിക്കൂർ. കൊട്ടിയത്ത് എത്തിയിട്ട് അവിടെയും നഷ്ടപ്പെട്ടു അരമണിക്കൂർ. ഇതുപോലെ വിവിധ ആവശ്യങ്ങൾക്കായി കൊട്ടിയം വഴി കടന്നു പോയവർ ഇന്നലെ ഗതാഗതക്കുരുക്കിൽപ്പെട്ടത് മണിക്കൂറുകൾ. കുരുക്ക് ഉള്ളതിനാൽ നേരത്തേ ഇറങ്ങിയാലും കൊട്ടിയം എപ്പോൾ കടക്കാനാകും എന്നതിനെപ്പറ്റി ഒരു നിശ്ചയവുമില്ല. അടിയന്തര പരിഹാരം ണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിലൂടെ വാഹനങ്ങൾ സർവീസ് ആരംഭിച്ചെങ്കിൽ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകു. അതിനുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ.