
മഴ മാറിയിട്ടും മണിക്കൂറുകളോളം റോഡിൽ വെള്ളം: ഒന്നുകിൽ കൊടും വെയിൽ, അല്ലെങ്കിൽ വെള്ളക്കെട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുണ്ടറ ∙ ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിൽ കുണ്ടറ ഭാഗത്തെ പ്രധാന ജംക്ഷനുകൾ വെള്ളത്തിലായി. കൊല്ലം തിരുമംഗലം ദേശീയപാതയിലെ പള്ളിമുക്ക് ഗുരുമന്ദിരം, റെയിൽവേ സ്റ്റേഷൻ, ഇളമ്പള്ളൂർ ജംക്ഷൻ, കൊട്ടിയം കുണ്ടറ റോഡിൽ എൽഎംഎസ്, പുന്നമുക്ക് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് ഉണ്ടായി. മഴ മാറിയിട്ടും മണിക്കൂറുകളോളം റോഡിൽ വെള്ളം കെട്ടിനിന്നു. കൊട്ടിയം കുണ്ടറ റോഡിലെ വെള്ളക്കെട്ടിനെത്തുടർന്നു വാഹനങ്ങൾ വേഗം കുറച്ചു പോയതു ഗതാഗതക്കുരുക്കിനും ഇടയാക്കി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയുടെ മുകളിൽ നടപ്പാത നിർമിച്ച് ഇന്റർലോക്ക് കട്ട പാകിയെങ്കിലും മഴവെള്ളം ഒഴുകി പോകാൻ മതിയായ സജ്ജീകരണം ഒരുക്കാത്തതിനാലാണു കൊട്ടിയം കുണ്ടറ റോഡിൽ വെള്ളക്കെട്ട് ഉണ്ടായതെന്നു കരുതുന്നു.കൊല്ലം തിരുമംഗലം ദേശീയപാതയിലെ ഇളമ്പള്ളൂർ ക്ഷേത്രം, എസ്എൻഎസ്എം ഹയർസെക്കൻഡറി സ്കൂൾ, കെജിവി യുപി സ്കൂൾ എന്നിവയുടെ മുന്നിലും സ്ഥിതി ഇതു തന്നെയായിരുന്നു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി പരാതികൾ നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് ആക്ഷേപം. വെള്ളം ഒഴുകാൻ റോഡിൽ നിന്ന് ഓടയിലേക്കു പിവിസി പൈപ്പുകൾ സ്ഥാപിച്ചെങ്കിലും മാലിന്യം അടിഞ്ഞ് ഇവ അടഞ്ഞതു വിനയായി. സ്കൂൾ തുറക്കുന്നതിനു മുൻപു വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മഴക്കാലത്തു കുട്ടികളാകും ഏറ്റവും പ്രയാസം അനുഭവിക്കുക.കുണ്ടറ റെയിൽവേ സ്റ്റേഷനു മുന്നിൽ ചാറ്റൽ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. പള്ളിമുക്ക് ഗുരു മന്ദിരത്തിനു സമീപം റോഡിന് ഇരുവശവും വെള്ളം തങ്ങി നിന്നു വാഹനഗതാഗതം പോലും മുടങ്ങുമെന്ന സ്ഥിതി എത്തും മഴ പെയ്താൽ. അപകടം ഭയന്ന് കാൽനട യാത്രക്കാർ റോഡിനു നടുക്കു കൂടിയാണു പോകുന്നത്. ഇതുകാരണം മഴക്കാലത്ത് ഗതാഗതക്കുരുക്കും രൂക്ഷമാകും ഇവിടെ. ട്രാൻസ്ഫോമറിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും അപകടഭീതി വർധിപ്പിക്കുന്നു.