ഓച്ചിറ∙ കന്നിവെയിൽ മാഞ്ഞതോടെ പരബ്രഹ്മ ഭൂമിയിൽ പെയ്തിറങ്ങിയത് കെട്ടുകാഴ്ചയുടെ വർണ വിസ്മയം. തലപ്പൊക്കത്തിൽ ഒന്നാമനായ വിശ്വപ്രജാപതി കാലഭൈരവൻ അടക്കം വെള്ളയിലും ചുവപ്പിലും അലങ്കരിച്ച കെട്ടുകാളകൾ ജനക്കൂട്ടത്തിനു നടുവിലൂടെ വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കടന്നു വന്നതോടെ പടനിലം ആവേശത്തിലാറാടി. ജനലക്ഷങ്ങളാണ് ഓണാട്ടുകരക്കാരുടെ കാർഷിക പാരമ്പര്യവും കലാവിരുന്നും സംഗമിച്ച കാളകെട്ടുത്സവത്തിൽപങ്കെടുത്തത്.
ചെറുതും വലുതുമായ ഇരുനൂറോളം കെട്ടുകാളകളാണ് ഓണാട്ടുകരയിലെ 52 കരകളിൽ നിന്ന് എഴുന്നള്ളിച്ചത്. കൂറ്റൻ കെട്ടുകാളകളെ നാളെ വരെ പടനിലത്ത് പ്രദർശിപ്പിക്കും.
ഇന്നലെ പുലർച്ചെ മുതൽ കാളമൂട്ടിൽ നിന്ന് കെട്ടുകാളകളെ എഴുന്നള്ളിക്കാൻ തുടങ്ങി.
വനിതാ കാളകെട്ട് സമിതികളും ഇക്കൂറി വാശിയോടെ കെട്ടുകാഴ്ചകൾ എഴുന്നള്ളിച്ചു. ആലുംപീടിക പൗരവേദിയുടെ കെട്ടുകാളയാണ് ആദ്യം പടനിലത്ത് പ്രവേശിച്ചത്. തുടർന്ന് വള്ളിക്കാവ് തൃക്കാർത്തിക കാളകെട്ടുസമിതിയുടെ വെള്ളിക്കാളയും കൂറ്റൻ കെട്ടുകാളകളിൽ പ്രയാർ വടക്ക് കരയുടെ ശിവപ്രിയൻ കെട്ടുകാളയും പായിക്കുഴി കരയുടെ വാരനാട് കൊമ്പനും എത്തി.
ഏറ്റവും ഉയരം കൂടിയ കെട്ടുകാളയായ വിശ്വപ്രജാപതി കാലഭൈരവൻ പടനിലത്ത് പ്രവേശിക്കാൻ താമസിച്ചതോടെ പിന്നാലെ വന്ന കെട്ടുകാളകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാതെ മണിക്കൂറോളം കാത്തുകിടന്നു. രാത്രി വൈകിയും കെട്ടുകാളകൾ പടനിലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി രണ്ടു ദിവസം കൂടി കെട്ടുകാഴ്ചകൾ കാണാൻ ഭക്തർ പടനിലത്തെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]