സൗഹൃദത്തിന്റെ യഥാർത്ഥ അർത്ഥം പകർന്നു നൽകി കേരളത്തിൽ മാതൃകയാവുകയാണ് നർകോട്ടിക്സ് അനോനിമസ് കൂട്ടായ്മ. ലഹരിയുടെ നീരാളിപ്പിടിയിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ചവരുടെ ഈ കൂട്ടായ്മ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് മൂന്ന് വർഷം പൂർത്തിയാവുകയാണ്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തകരാത്ത ഒരു പ്രതിരോധ നിരയായി മാറാൻ ഈ സംഘടനയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. കേരള റീജന്റെ വാർഷിക യോഗം ഇന്ന് കോഴിക്കോട് ചവറ കൾചറൽ സെന്ററിൽ വെച്ച് നടക്കുകയാണ്.
സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പ്രവർത്തനങ്ങൾക്കിടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഈ സംഘടനയ്ക്ക് ഇപ്പോൾ പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനേക്കാൾ ഫലപ്രദമായി, ലഹരിയിൽ നിന്ന് മോചിതരായവർക്ക് മറ്റുള്ളവരെ സഹായിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ കൂട്ടായ്മയിൽ അംഗമാകുന്നതിന് യാതൊരുവിധ ഫീസോ സങ്കീർണ്ണമായ നടപടിക്രമങ്ങളോ ആവശ്യമില്ല.
ലഹരിയോട് വിടപറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം മാത്രമാണ് ഇതിനുള്ള ഏക യോഗ്യത. അംഗങ്ങളാകുന്നവർക്കായി ദിവസവും വൈകിട്ട് ഓൺലൈൻ യോഗങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ഇത്തരം കൂട്ടായ്മകളിൽ അംഗങ്ങൾ തങ്ങളുടെ പഴയകാല അനുഭവങ്ങളും ലഹരിമൂലം നഷ്ടപ്പെട്ട വിലയേറിയ നിമിഷങ്ങളും പരസ്പരം പങ്കുവെക്കുന്നു.
രാസലഹരിയുടെ ഉപയോഗം മൂലം ജീവിതം വഴിമുട്ടിപ്പോയ നിരവധി പേരെയാണ് ഈ കൂട്ടായ്മയിലൂടെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നത്. നിലവിൽ കർണാടകയിലും പഞ്ചാബിലും ഈ സംഘടനയ്ക്ക് പതിനായിരത്തിലധികം അംഗങ്ങളുണ്ട്.
“ഇത് ചികിത്സാ പരിപാടിയല്ല. ലഹരിമരുന്ന് ഇല്ലാതെ ജീവിതം തുടരാൻ, പരസ്പരം സഹായിക്കാൻ പതിവായി ഒത്തുചേരുന്ന, ലഹരിമുക്തരായവരുടെ ലോകവ്യാപകസംഘടനയാണ്” എന്ന് സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ള റോഷൻ വ്യക്തമാക്കുന്നു.
വിവിധ ഡിഅഡിക്ഷൻ സെന്ററുകളിൽ നിന്നും ഈ കൂട്ടായ്മയിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. സഹായത്തിനായി 8714466814 എന്ന ഹെൽപ് ലൈൻ നമ്പറും സജ്ജീകരിച്ചിരിക്കുന്നു.
ലഹരിയിൽ നിന്ന് പൂർണ്ണമായി മോചിതനാകാൻ കഴിയില്ലെന്ന തെറ്റിദ്ധാരണ തിരുത്താൻ ഈ കൂട്ടായ്മയുടെ വരവിലൂടെ സാധിച്ചിട്ടുണ്ട്. ലഹരി ഉപേക്ഷിച്ചവർ ചെറിയ പ്രതിസന്ധികളിൽ വീണ്ടും പഴയ ശീലത്തിലേക്ക് വഴുതിവീഴുന്നത് തടയാൻ ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനം ഏറെ സഹായകരമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.
അരുൺ.ബി.നായർ അഭിപ്രായപ്പെടുന്നു. ലഹരിക്കെതിരെയുള്ള ഏറ്റവും കൃത്യമായ ബോധവൽക്കരണമാണ് ഈ സൗഹൃദക്കൂട്ടായ്മയെന്നും, ലോകമെമ്പാടുമുള്ള ഈ പ്രസ്ഥാനം കേരളത്തിലും കൂടുതൽ അറിയപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണമെന്ന് ഇന്റലിജൻസ് വിഭാഗം ഐജി ആർ.നിശാന്തിനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

