
നൈജീരിയൻ എംഡിഎംഎ ഉൽപാദകന് കേരളത്തിലും വൻ നെറ്റ്വർക്ക്; കേരളത്തിൽ വരാതെ വൻ കച്ചവടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ഡൽഹിയിൽ നിന്നും പിടിയിലായ എംഡിഎംഎ ഉൽപാദകന് കേരളത്തിലും വൻ നെറ്റ്വർക്ക്. നൈജീരിയക്കാരൻ അഗ്ബെഡോ അസൂക്ക സോളമനെ(29) ചോദ്യം ചെയ്തപ്പോഴാണ് ഡൽഹി കേന്ദ്രമാക്കിയ രാസ ലഹരിയുടെ ചുരുളഴിഞ്ഞത്. ബെംഗളൂരുവിന് പുറമേ ഡൽഹിയും എംഡിഎംഎയുടെ ഉൽപാദനവും വിപണവും നടത്തുന്ന പ്രധാന കേന്ദ്രമാണെന്ന് മനസ്സിലായതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. ഇരവിപുരം പൊലീസ് കഴിഞ്ഞ 27നാണ് നൈജീരിയക്കാരനായ സോളമനെ ഡൽഹിയിൽ നിന്നും പിടികൂടിയത്. നൈജീരിയയിലുള്ള ഇയാളുടെ സുഹൃത്ത് ഫ്രാൻസിസാണ് ഇന്ത്യയിൽ എംഡിഎംഎ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. എംഡിഎംഎ നിർമിക്കാനാവശ്യമായ രാസവസ്തുക്കൾ എങ്ങനെ ഇവിടെ എത്തിക്കുന്നു എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല. ഫ്രാൻസിസ് മറ്റ് രാജ്യങ്ങളിലേക്കും എംഡിഎംഎ രാസ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്നാണു സോളമൻ മൊഴി. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കീഴ്പെടുത്തിയത് തോക്കിൻ മുനയിൽ
സോളമനിൽ നിന്നും എംഡിഎംഎ വാങ്ങിയ കേസിൽ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ ഫൈസലുമായാണ് ഇരവിപുരം ഇൻസ്പെക്ടർ ആർ.രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 27ന് ഡൽഹിയിൽ എത്തിയത്. തുടർന്ന് ഫൈസൽ വഴി എംഡിഎംഎ ആവശ്യമുണ്ടെന്ന് ഫോണിലൂടെ സോളമനെ അറിയിച്ചു. ഇതുനുസരിച്ച് സോളമൻ ലൊക്കേഷൻ നൽകി. എന്നാൽ ആദ്യം നൽകിയ ലൊക്കേഷനും പിന്നീട് രണ്ടു തവണയും ഇയാൾ ലൊക്കേഷനുകൾ മാറ്റി. ഉത്തംനഗറിന് സമീപത്തെത്തിയ അന്വേഷണ സംഘം രണ്ടു സംഘങ്ങളായി തിരിഞ്ഞു. ഇവർക്കു പിന്നാലെ എത്തിയ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘം പണം കൈമാറുന്നതിനിടെ വളഞ്ഞു. അതിനിടെ പൊലീസുമായി മൽപ്പിടുത്തമുണ്ടായി. ഒടുവിൽ ഇൻസ്പെക്ടർ തോക്കു ചൂണ്ടിയതോടെ പ്രതി കീഴടങ്ങി.
ആവശ്യക്കാർ ഏറെയും കേരളത്തിൽ
രാസലഹരിയുടെ ആവശ്യക്കാരിൽ ഏറെയും കേരളത്തിൽ നിന്നുള്ളവരാണെന്ന് പിടിയിലായ സോളമന്റെ മൊഴി. എന്നാൽ ഇയാൾ ഒരിക്കൽ പോലും കേരളത്തിൽ വന്നിട്ടില്ല. ആവശ്യക്കാർ ഫോണിലൂടെ ബന്ധപ്പെട്ടാൽ ലൊക്കേഷൻ നൽകും. എന്നാൽ നൽകിയ ലൊക്കേഷനുകൾ പലപ്പോഴും മാറ്റും. പണം നേരിട്ടാണു വാങ്ങുന്നത്. ഇരവിപുരത്ത് എംഡിഎംഎയുമായി പിടിയിലായ യുവാക്കളുമായി ഫോണിലാണ് ബന്ധപ്പെട്ടിരുന്നത്. ബെംഗളൂരുവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ യുവാക്കൾ തങ്ങുന്നുണ്ട്. അവിടെയാണ് എംഡിഎംഎ കൂടുതലായി വിൽപന നടത്തുന്നത്. എന്നാൽ ഇവരുമായി തനിക്കു ബന്ധമില്ലെന്നാണ് സോളമൻ പറയുന്നത്.
ഉറവിടം തേടി എൻസിബി
എംഡിഎംഎ എവിടെ തയാറാക്കുന്നു എന്നതിനെപ്പറ്റിയുള്ള അന്വേഷണവും തുടരും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ കീഴിലുള്ള നർകോടിക് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) വിവരം കൈമാറിയിട്ടുണ്ട്. ഫ്രാൻസിസിനെ പിടികൂടാനായി ഇന്റർ പോളിന്റെ സഹായം തേടേണ്ടി വരുമെന്നും കമ്മിഷണർ പറഞ്ഞു.