കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന പുതിയ ദേശീയപാത 66 ജനജീവിതത്തിലും ഗതാഗത രംഗത്തും വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും, ഒപ്പം ഗുരുതരമായ ചില സുരക്ഷാപ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഒരു വശത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളും നിൽക്കുമ്പോൾ, മറുവശത്ത് സ്കൂളുകളും ആശുപത്രികളും ബസ് സ്റ്റോപ്പുകളും സ്ഥിതി ചെയ്യുന്ന കാഴ്ചയാണ് എങ്ങും കാണാൻ കഴിയുന്നത്.
ഇതിന്റെ നടുവിലൂടെയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. കിലോമീറ്ററുകളോളം നീളുന്ന ഡിവൈഡറുകളും മതിലുകളും കാരണം റോഡിന്റെ മറുവശത്ത് എത്തണമെങ്കിൽ ദൂരം ഏറെ ചുറ്റേണ്ടി വരുന്നുണ്ട്.
ഈ സമയനഷ്ടം ഒഴിവാക്കാനായി ഡിവൈഡറുകൾ ചാടിക്കടന്ന് റോഡ് മുറിച്ചുകടക്കുന്നതും, തെറ്റായ ദിശയിൽ വാഹനങ്ങൾ ഓടിക്കുന്നതും ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. പൂർണതോതിൽ പാത ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഇതു വൻ അപകടങ്ങൾക്കു കാരണമാകും എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പുതിയ ആറുവരിപ്പാതയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളാണ് – കാൽനട യാത്രക്കാരന് ഇങ്ങനെ റോഡ് കുറുകെ കടക്കാമോ? വരി തെറ്റിച്ചു എതിർദിശയിൽ വാഹനം കടന്നുവരാമോ? 3 ലെയ്നുകൾ വീതമുള്ള ഇരുവശങ്ങളിലുമായി ആറുവരിപ്പാതയാണ് പുതിയ എൻഎച്ച്66.
വാഹനങ്ങളുടെ ഉയർന്ന വേഗവും ഗതാഗതത്തിരക്കും കണക്കിലെടുത്താണ് ഇതിന്റെ രൂപകൽപന തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ പ്രധാന റോഡിൽ സാധാരണ രീതിയിലുള്ള കാൽനടയാത്ര തികച്ചും അനുവദനീയമല്ല.
സുരക്ഷിതമായ അടിപ്പാത, ഫുട് ഓവർ ബ്രിജ് (എഫ്ഒബി) തുടങ്ങിയ സംവിധാനങ്ങൾ മാത്രമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. റോഡ് കുറുകെ ചാടിയാൽ വൻ അപകടത്തിൽപെടാനും ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
തിരക്കേറിയ ഈ റോഡുകളിൽ കാൽനടയാത്രക്കാർ നേരിട്ട് റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കുക എന്നത് അടിസ്ഥാന സുരക്ഷാ തത്വങ്ങളിൽ ഒന്നാണ്. നടപ്പാതകളുടെ ആവശ്യകത
ആശുപത്രികൾ, ആരാധനാലയങ്ങൾ, വ്യവസായശാലകൾ തുടങ്ങിയ പ്രമുഖ ഇടങ്ങളിൽ അടിപ്പാതയോ നടപ്പാലമോ അത്യാവശ്യമാണ്.
എന്നാൽ നിർമാണം പൂർത്തിയായ മേഖലകളിൽ പുതിയ അടിപ്പാത നിർമിക്കുക എന്നത് പ്രായോഗികമല്ല. ഇത്തരം മേഖലകളിൽ ഫുട്ഓവർ ബ്രിജുകൾ (എഫ്ഒബി) എത്രയും പെട്ടെന്ന് അധികൃതർ ഒരുക്കേണ്ടതുണ്ട്.
ദേശീയപാതയോടു ചേർന്ന് കൊട്ടിയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ മുൻപിൽ രാവിലെയും വൈകിട്ടും ഡിവൈഡർ താണ്ടി റോഡിനു കുറുകെ മറു വശത്ത് എത്തുന്നവരുടെ തിരക്ക് വളരെ കൂടുതലാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം ബൈപാസിന് സമീപമുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലും സമാനമായ രീതിയിൽ ഡിവൈഡർ കടന്നുള്ള യാത്രകൾ നടക്കുന്നുണ്ട്.
ഇത്തരം സ്ഥലങ്ങളിൽ അടിയന്തരമായി നടപ്പാലങ്ങൾ നിർമിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ‘റോഡ് മുറിച്ചുകടക്കരുത്’ എന്ന മുന്നറിയിപ്പ് ബോർഡുകളിൽ മാത്രം കാര്യങ്ങൾ ഒതുക്കരുതെന്നും, സുരക്ഷിതമായി മറുവശത്തെത്താനുള്ള സംവിധാനം കൂടി അധികൃതർ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഡിവൈഡർ ചാടിക്കടക്കുന്നതിലെ അപകടങ്ങൾ
സമയലാഭം മുൻനിർത്തി, നിശ്ചയിക്കപ്പെട്ട അടിപ്പാതയും ഫുട്ഓവർ ബ്രിജും ഒഴിവാക്കി ഡിവൈഡർ മറികടന്ന് റോഡ് മുറിച്ചുകടക്കുന്ന പ്രവണത വ്യാപകമാണ്.
ഇത് അപകടകരമെന്നു മാത്രമല്ല, ഗതാഗതച്ചട്ടങ്ങൾ പ്രകാരം ഗുരുതരമായ നിയമ ലംഘനമായും ഇത് പരിഗണിക്കപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങളുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെട്ടേക്കാം.
പ്രധാനമായും ഭൂനിരപ്പിൽ റോഡുകൾ കടന്നുപോകുന്ന മേഖലകളിലാണ് ഡിവൈഡർ മറികടന്നുള്ള അനധികൃത യാത്രകൾ കൂടുതലായി കണ്ടുവരുന്നത്. എക്സിറ്റ് – എൻട്രി പോയിന്റുകളുടെ തെറ്റായ ഉപയോഗം
ദേശീയപാതയിൽ വാഹനങ്ങൾക്കായി കൃത്യമായ എക്സിറ്റ്, എൻട്രി പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
എന്നാൽ, എക്സിറ്റ് പോയിന്റിലൂടെ എതിർദിശയിൽ അകത്തേക്ക് കടക്കുകയും എൻട്രി പോയിന്റുകളിലൂടെ പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചെറിയ സമയം ലാഭിക്കാനുള്ള ഇത്തരം വിവേകശൂരമല്ലാത്ത ശ്രമങ്ങൾ വലിയ ദുരന്തങ്ങൾ വിളിച്ചുവരുത്തും.
തെറ്റായ ദിശയിലെ അപകടകരമായ യാത്ര
ബൈപാസിലെ മങ്ങാട് പാലം ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ ഒരു വശത്തേക്ക് യാത്ര ചെയ്യുമ്പോൾ എതിർ ദിശയിൽ നിന്ന് കാറുകളും ഇരുചക്രവാഹനങ്ങളും അതിവേഗത്തിൽ ചീറിപ്പാഞ്ഞ് എത്തുന്നതായി വ്യാപക പരാതിയുണ്ട്. മങ്ങാട് പാലത്തിൽ ഇതു നിത്യ കാഴ്ചയാണെന്ന് നാട്ടുകാരും വാഹന യാത്രക്കാരും പറയുന്നു.
ഉയർന്ന വേഗത്തിൽ വാഹനങ്ങൾ എത്തുമ്പോൾ എതിർ ദിശയിൽ നിന്ന് അതേ ലെയ്നിൽ മറ്റൊരു വാഹനം എക്സ്ചേഞ്ച് ചെയ്യപ്പെടുന്നത് ഭീകരമായ അപകടങ്ങൾക്ക് വഴിയൊരുക്കും. ഇത്തരത്തിലുള്ള തെറ്റായ ദിശയിലുള്ള യാത്രകൾ ദേശീയപാതകളിൽ തികച്ചും നിരോധിച്ചിട്ടുണ്ടെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്.
എന്താണ് ആറുവരിപ്പാതയുടെ ലെയ്ൻ ക്രമീകരണം?
ഓരോ വശത്തേക്കും മൂന്നു വീതം ലെയ്നുകളാണ് പുതിയ എൻഎച്ച്66 പാതയിലുള്ളത്. ഏറ്റവും വലതു വശത്തുള്ള ലെയ്ൻ പൂർണ്ണമായും ഓവർടേക്കിങ് ലെയ്ൻ ആണ്.
ഓവർടേക്ക് ചെയ്ത് കഴിഞ്ഞയുടൻ പഴയ ലെയ്നിലേക്ക് തന്നെ വാഹനം മാറ്റേണ്ടതാണ്. നടുവിലെ ലെയ്ൻ സ്ഥിരമായ വേഗത നിലനിർത്തി ദൂരയാത്ര ചെയ്യുന്ന വാഹനങ്ങൾക്കുള്ളതാണ്.
ഇടതു വശത്തെ മൂന്നാം ലെയ്ൻ പ്രധാനമായും ട്രെയിലറുകൾ ഉൾപ്പെടെയുള്ള ഭാരമേറിയ ചരക്കു വാഹനങ്ങൾക്കും വേഗത കുറച്ച് സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങൾക്കുമുള്ളതാണ്. കൂടാതെ, എക്സിറ്റ് പോയിന്റുകളിലേക്ക് തിരിഞ്ഞു കയറാനും ഈ ലെയ്ൻ ഉപയോഗിക്കാവുന്നതാണ്.
ലെയ്നുകൾ മാറുന്ന ഘട്ടങ്ങളിൽ ഡ്രൈവർമാർ കൃത്യമായി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

