നഷ്ടക്കണക്കുകളുടെയും തീരാത്ത വേദനയുടെയും നിമിഷങ്ങളിലൂടെയാണ് നീണ്ടകര ഗ്രാമം കടന്നുപോകുന്നത്. കടലിൽ കാണാതായവർക്കായുള്ള കാത്തിരിപ്പ് പ്രദേശത്താകെ കടുത്ത ആശങ്കയും സങ്കടവും പടർത്തിയിരിക്കുകയാണ്.
നീണ്ടകര പുത്തൻതുറ പൂമുഖത്ത് യു. രാജീവൻ (74), മകൾ രേഷ്മയുടെ ഭർത്താവ് പുത്തൻതുറ കടുവങ്കൽ രാധാകൃഷ്ണൻ (46), രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണ (അച്ചു–26) എന്നിവരാണ് പതിവായി മീൻപിടുത്തത്തിനായി ഒരുമിച്ച് കടലിൽ പോയിരുന്നത്.
സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ഗൗതം. രാധാകൃഷ്ണനും ഗൗതമിനും നീന്തൽ വശമില്ലാത്തതിനാൽ സഹപ്രവർത്തകർ ഇവർക്ക് പ്രത്യേക കരുതൽ നൽകിയിരുന്നു.
അൽപം മാറി താമസിക്കുന്ന രാധാകൃഷ്ണനും മകനും രാവിലെ രാജീവന്റെ അടുത്തെത്തി, അദ്ദേഹത്തെയും കൂട്ടിയാണ് ഹാർബറിലേക്ക് പോകാറുള്ളത്. കടലിൽ കാണാതായ രാധാകൃഷ്ണനും ഗൗതമിനുമായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപകടത്തിൽപെട്ട വള്ളം തീരദേശ പൊലീസിന്റെ ‘ദർശന’, ഫിഷറീസ് വകുപ്പ് എന്നിവയുടെ ബോറുകളുടെ സഹായത്തോടെ കെട്ടിവലിച്ചുകൊണ്ട് രാവിലെ 11 മണിയോടെ ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചു.
നാവികസേനയുടെ ഹെലികോപ്റ്റർ രണ്ട് തവണ ആകാശ നിരീക്ഷണം നടത്തുകയുണ്ടായി. കൂടാതെ, സ്വകാര്യ സ്കൂബ ടീം എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
നാവികസേനയുടെ മുങ്ങൽ വിദഗ്ധരെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. “വൈകുന്നേരം 5 മണിയോടെയാണ് ഞങ്ങൾ നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് നിന്നു പുറപ്പെട്ടത്.
അഴിമുഖത്ത് വച്ച് ഞങ്ങളുടെ വള്ളത്തിനു മുൻപേ മറ്റൊരു വള്ളം കടന്നുപോയി. പുലിമുട്ട് കടന്ന് വള്ളം വടക്ക് ഭാഗത്തേക്ക് തിരിയുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.
ഞങ്ങൾക്ക് മുൻപ് പോയ മഹാലക്ഷ്മി എന്ന വള്ളം ഉടനെത്തി ഞങ്ങളിൽ മൂന്നുപേരെ കയറ്റി. നീന്തലറിയാത്ത കൊച്ചുമകൻ അച്ചുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജീവൻ തിരയിൽപ്പെട്ടത് .
കടൽ പ്രക്ഷുബ്ധമായിരുന്നു. പണ്ടകശാല എന്ന വള്ളം എത്തി 9 പേരെ കയറ്റി.
ഇതിനിടെ രാധാകൃഷ്ണനെയും ഗൗതമിനെയും കാണാതായി. രാജീവിനെ പെട്ടെന്ന് കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഞങ്ങൾക്ക് രക്ഷകരായത് ആ സമയത്ത് എത്തിയ വള്ളത്തിലെ തൊഴിലാളികളാണ്,” അപകടത്തിൽപെട്ട വള്ളത്തിൽ നിന്നു രക്ഷപ്പെട്ട
പുത്തൻതുറ സ്വദേശി എസ്. ശ്രീദാസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

