കൊല്ലം ∙ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണമെന്ന നിർദേശം നടപ്പാകാൻ വൈകിയേക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട
വിഷയത്തിൽ പല അവ്യക്തതകളും നിലനിൽക്കുന്നതും ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളിലാണെന്നതും നിർദേശങ്ങൾ നടപ്പിലാക്കുന്നതിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം മാത്രമേ നിർദേശങ്ങൾ പൂർണതോതിൽ നടപ്പിലാക്കാൻ സാധ്യതയുള്ളൂ.
കൊട്ടാരക്കര നഗരസഭയിൽ ഇന്നു മുതൽ നിർദേശങ്ങൾ നടപ്പാക്കും. പരവൂർ നഗരസഭയിൽ നേരത്തെ തന്നെ സംവിധാനം നിലവിലുണ്ട്.
കൊല്ലത്തും കരുനാഗപ്പള്ളിയിലും പുനലൂരും തിരഞ്ഞെടുപ്പിനു ശേഷമേ അന്തിമ രൂപമാകുകയുള്ളൂ.
മാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നാലായി തരംതിരിച്ചു സംസ്കരിക്കണമെന്ന നിർദേശം ഉടൻ നടപ്പാക്കാൻ സാധിക്കില്ല. വിഷയത്തിൽ വിശദമായ ചർച്ചകളും മറ്റും വേണ്ടിവരും.
തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉദ്യോഗസ്ഥരടക്കം നിർദേശങ്ങൾ നടപ്പിൽ വരുത്തേണ്ടവരെല്ലാം മറ്റു പല ചുമതലകളിലാണ്. വാഹനങ്ങളും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
9നു ശേഷം നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാൻ സാധിക്കുമെന്നു പരിശോധിക്കും.
എ.കെ.ഹഫീസ്, കൊല്ലം കോർപറേഷൻ മേയർ
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ തുടങ്ങിയവ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വേസ്റ്റ്, ബയോ മെഡിക്കൽ, രാസവസ്തുക്കൾ പോലുള്ള മാലിന്യങ്ങൾ എന്നിങ്ങനെയാണ് തരംതിരിക്കേണ്ടത്. ജൈവ, അജൈവ, സാനിറ്ററി മാലിന്യങ്ങൾ എന്ന നിലയിൽ 3 വിധമായാണ് നിലവിൽ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് പുതുതായി കൂട്ടിച്ചേർത്തത്.
100 പേരിലധികമുള്ള പരിപാടികൾ നടത്തുമ്പോൾ 3 പ്രവൃത്തി ദിവസം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണമെന്നും നിർദേശത്തിലുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും സുപ്രീം കോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് ശുചിത്വമിഷൻ നിർദേശങ്ങൾ നൽകിയത്.
ഇന്നു മുതൽ മാലിന്യങ്ങൾ നാലായി തിരിച്ച് സംസ്കരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വാർഡുകളിൽ ഒരുക്കിയ എംസിഎഫുകളിൽ ശേഖരിക്കും. നിലവിലെ ജോലിക്കാരെ ഉപയോഗിച്ച് തന്നെ വേർതിരിച്ച് തുടർ നടപടി സ്വീകരിക്കും.
അനിത ഗോപകുമാർ, കൊട്ടാരക്കര നഗരസഭാ അധ്യക്ഷ
നാലാം തരത്തിൽ പെടുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
വിഷയത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കൃത്യതയോടെയുള്ള ഉറപ്പ് നൽകണം. ഇല്ലെങ്കിൽ പദ്ധതി തുടക്കത്തിൽ തന്നെ പാളും.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമ്പോഴുള്ള മാലിന്യത്തെപ്പറ്റി നിർദേശങ്ങളിൽ പരാമർശിക്കുന്നില്ല. മൂന്നാം തരത്തിലുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിലും കൃത്യത വന്നിട്ടില്ല.
ജൈവ, അജൈവ മാലിന്യ സംസ്കരണം വിജയകരമായി നടന്നുവരുന്നുണ്ട്.
എം.എ.രാജഗോപാൽ, പുനലൂർ നഗരസഭാ അധ്യക്ഷൻ
പുതിയ രീതിയിൽ മാലിന്യം തരംതിരിക്കാൻ നഗരസഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നഗരസഭയിൽ ‘ആക്രി’ ആപ്പ് ഉപയോഗിച്ച് സാനിറ്ററി മാലിന്യങ്ങളിൽ ഉൾപ്പെടുന്ന ഡയപ്പറുകളും നാപ്കിനുകളും ശേഖരിക്കുന്നുണ്ട്.
ഇലക്ട്രോണിക് മാലിന്യങ്ങൾ, ബൾബ്, ട്യൂബ്, ബാറ്ററി എന്നിവ ശേഖരിക്കാൻ നഗരസഭ പ്രത്യേക ഡ്രൈവുകൾ നടത്തി വരികയാണ്. വലിയ തോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ മാലിന്യ സംസ്കരണം നടത്തണമെന്ന് നിർദേശം കൈമാറി.
നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 2 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
ജെ.ജയലാൽ ഉണ്ണിത്താൻ, പരവൂർ നഗരസഭാ അധ്യക്ഷൻ
കരുനാഗപ്പള്ളി നഗരസഭയിൽ 4 തരത്തിലുള്ള മാലിന്യ സംസ്കരണത്തിനു നേരത്തേ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനായി കേശവപുരത്തു മാലിന്യ സംസ്കരണ പ്ലാന്റും തയാറാക്കിയിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായാൽ പുതിയ രീതിയിലുള്ള മാലിന്യ സംസ്കരണം പൂർണമായി നടപ്പിലാക്കും. ഇപ്പോൾ നഗരസഭയുടെ തനതു ഉണ്ട് വിനിയോഗിച്ച് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
പി.സോമരാജൻ, കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

