
എക്സൈസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച പ്രതിക്ക് ഉന്നത രാഷ്ട്രീയ ബന്ധം? അന്വേഷണം ഇഴയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കൊല്ലം∙ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച എംഡിഎംഎ കേസിലെ പ്രതിയെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല. പൊലീസ് അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 24ന് വൈകിട്ട് 5.30ന് കല്ലുംതാഴത്താണ് എംഡിഎംയുമായി കാറിൽ വന്ന യുവാവിനെ പിടികൂടുന്നതിനിടെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ സി.പി ദിലീപിനെ കാറിടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ പിന്തുടർന്ന എക്സൈസ് സംഘം പിന്നീട് മാമ്പുഴ ഭാഗത്തു കാർ കണ്ടെത്തിയിരുന്നു.
എന്നാൽ പ്രതിയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ലോക്കൽ പൊലീസുമായി നടത്തിയ അന്വേഷണത്തിൽ പുലർച്ചെ രണ്ടിനാണ് യുവാവ് വാടകയ്ക്കു താമസിക്കുന്ന വീട് കണ്ടെത്തിയത്. അപ്പോഴേക്കും വീട്ടുകാരുമായി യുവാവ് രക്ഷപ്പെട്ടു. ഒരാഴ്ച പിന്നിട്ടെങ്കിലും ഇതുവരെയും പ്രതി എവിടെയെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
വധശ്രമക്കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ ലഹരി മാഫിയ സംഘങ്ങൾക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതായും പറയുന്നു. പല ലഹരി കേസുകളിലും ഉൾപ്പെടുന്ന പ്രധാന പ്രതികൾ രക്ഷപ്പെടുന്നതിനു അവരിലേക്ക് അന്വേഷണം എത്താത്തിനും കാരണം ഇത്തരത്തിലുള്ള ഇടപെടലുകളാണെന്നും പറയുന്നു. പൊലീസിന് പല കേസുകളിലും നടപടി എടുക്കുന്നതിന് ഇത്തരത്തിലുള്ള ഇടപെടൽ ഒരു പരിധിവരെ തടസ്സമാകുന്നുണ്ട്.
ഇരവിപുരത്ത് രണ്ടാഴ്ച മുൻപ് അനധികൃത പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസിലും ഇതാണ് സംഭവിച്ചത്. പ്രധാന പ്രതിക്ക് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടാനുള്ള അവസരം നൽകിയതിനു പിന്നിലും ഇത്തരം ചില ഇടപെടലുകളാണെന്ന ആക്ഷേപം ഉയർന്നിരുന്നു. അതേസമയം നിരോധിത പുകയില ഉൽപന്നങ്ങൾ വൻതോതിൽ സൂക്ഷിച്ച പ്രധാന പ്രതിയിൽ നിന്നും ലഹരി ഉൽപന്നങ്ങൾ വാങ്ങിയ മറ്റു പലരുമാണ് പിന്നീട് അറസ്റ്റിലായത്. ഇത്തരക്കാർക്ക് എതിരെ നിയമ നടപടികളിലേക്കു പോകുന്നതിന് ഇടപെടലുകൾ തടസ്സമാകുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.