
കോട്ടരുവം ബസ് സ്റ്റാൻഡിനു സമീപം റോഡിലേക്ക് ചെളിവെള്ളം തുറന്നുവിട്ടു; യാത്രക്കാർക്ക് കെണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരവനടുക്കം∙ പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തിക്കിടെ റോഡിലേക്ക് ചെളിവെള്ളം തുറന്നു വിട്ടു. ഇതു യാത്രക്കാർക്കു ദുരിതമാകുന്നതോടൊപ്പം അപകടത്തിനുമിടയാക്കുന്നു. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കോട്ടരുവം ബസ് സ്റ്റാൻഡിനു സമീപത്താണ് യന്ത്രം ഉപയോഗിച്ച് പാതയോരത്ത് കുഴിയെടുക്കുന്നതിനിടെ ചെളി വെള്ളം പൊതുവഴിയിലേക്ക് തുറന്നു വിട്ടത്.ബസിറങ്ങാനോ കയറാനോ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നാണ് യാത്രക്കാരുടെ പരാതി. ചെളിവെള്ളം റോഡിലേക്ക് വിടുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പ്രതിഷേധവുമായി ഇന്നലെ രാവിലെ സ്ഥലത്തേക്ക് പോയപ്പോൾ ആദ്യം നിർത്തിവച്ചുവെങ്കിലും പിന്നീട് ആൾക്കാരെ പോയതോടെ പുനരാരംഭിക്കുകയായിരുന്നു.ദുർഗന്ധം വമിക്കുന്ന ഈ ചെളി യാത്രക്കാരെ മനംമടുപ്പിക്കുന്നതിനൊപ്പം ഇരുചക്ര വാഹനയാത്രക്കാർ, ഓട്ടോക്കാർ എന്നിവരെ അപകടത്തിലും പെടുത്തുന്നു.
ചെറിയ വാഹനങ്ങളുടെ ചക്രം കയറുമ്പോഴും വഴുതലുണ്ട്. കാഞ്ഞങ്ങാട് നിന്ന് കാസർകോടേക്ക് വരുന്ന ബസ് യാത്രക്കാർ കാത്തുനിൽക്കുന്ന കേന്ദ്രത്തിന് സമീപത്താണ് ചെളി റോഡിലേക്ക് ഒഴുക്കിയിരിക്കുന്നത്. ഗെയിൽ ഗ്യാസിന്റെ പൈപ്പ് സ്ഥാപിക്കുന്ന നിർമാണ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇവിടെ നിന്ന് നിർമാണത്തിന്റെ ഭാഗമായെടുക്കുന്ന കുഴിയിൽ നിന്ന് ശേഖരിച്ച് ബാക്കിയാവുന്ന ചെളിവെള്ളം ചളിയങ്കോട്ടെ കോട്ടരുവം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ ഇരുമ്പ് പാത്രത്തിൽ സംഭരിച്ചിട്ടുണ്ട്. ഈ പാത്രമാണ് വ്യാഴാഴ്ച രാവിലെയോടെ തുറന്ന് വിട്ടത്.ആഴ്ചകളായി ഇവിടെ പണി നടക്കുകയാണ്. ഈ മഴയിൽ ചെളി വെള്ളം ഒഴുകി താന്നൂരിലെ വയലിലേക്കും തോട്ടിലേക്കും ഒഴുകി പോകുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്. റോഡിലൂടെ ഒഴുകി പോകുന്ന വെള്ളം മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നു നാട്ടുകാർ അറിയിച്ചു.