
വേനൽമഴയും കൈവിട്ടു; വരൾച്ചഭീതിയിൽ കാസർകോട് ജില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ ചൂടിന് ആശ്വാസമായെത്തുമെന്നു കരുതിയ വേനൽമഴയും കൈവിട്ടതോടെ വരൾച്ച ഭീതിയിൽ ജില്ല. മലയോരത്തു തുടർച്ചയായി ലഭിക്കുന്ന മഴ ജില്ലയുടെ മറ്റിടങ്ങളിൽ ലഭിക്കാത്തതാണു കാരണം. മധ്യ കാസർകോട്, തീരപ്രദേശം എന്നിവിടങ്ങളിൽ ഇത്തവണ പേരിനുപോലും വേനൽമഴ ലഭിച്ചില്ല. മാർച്ചിൽ സംസ്ഥാനത്തു വേനൽമഴ കുറഞ്ഞ ഏകജില്ലയാണ് കാസർകോട്.
കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തുവിട്ട വേനൽമഴക്കണക്കിൽ കോട്ടയം, തിരുവനന്തപുരം, കൊല്ലം, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ അധികമഴ ലഭിച്ചു. ഈ മഴയുടെ കരുത്തിലാണ് കേരളത്തിൽ അധിക വേനൽമഴ ലഭിച്ചുവെന്ന പ്രചാരണം. 16.2 മില്ലിമീറ്റർ മഴയാണ് ഇക്കാലത്തു ജില്ലയിൽ കിട്ടേണ്ടിയിരുന്നത്. എന്നാൽ പെയ്തത് വെറും 6.1 മില്ലിമീറ്റർ മാത്രം. അതോടെയാണു കേരളത്തിൽ ഏറ്റവും മഴ കുറഞ്ഞ ജില്ലയായി കാസർകോട് മാറിയത്.
വരൾച്ച പ്രതിരോധ നടപടികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണു തദ്ദേശസ്ഥാപനങ്ങൾ. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യം വരൾച്ച സാധ്യതയുള്ള ഇടങ്ങളിൽ നിന്നുയരുന്നുണ്ട്. ഉപ്പുവെള്ളം കയറുന്ന പ്രശ്നങ്ങൾ തൃക്കരിപ്പൂർ, വലിയപറമ്പ് അടക്കമുള്ള പ്രദേശങ്ങളിൽ തുടങ്ങി. കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തവണ മഴ ലഭിച്ചിട്ടില്ല.
അതേസമയം വേനൽമഴ തുടർച്ചയായി ലഭിക്കുന്നതു മലയോരത്തെ കൃഷിയിടങ്ങൾക്കു സഹായകരമാകുമെന്നതു മാത്രമാണു ജില്ലയ്ക്ക് ആശ്വസിക്കാനുള്ളത്.