
ബോക്സൈറ്റ് ഖനനം: നാർളത്ത് സർവേ നടപടികൾക്ക് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുള്ളേരിയ ∙ കാറഡുക്ക റിസർവ് വനത്തിലെ നാർളം ബ്ലോക്കിൽ ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള സർവേ നടപടികൾക്കു തുടക്കമായി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ), സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു സർവേ.
ചെർക്കള–ജാൽസൂർ റോഡരികിലെ വണ്ണാച്ചടവിൽനിന്നു തുടങ്ങിയ സർവേയുടെ ഭാഗമായി ഖനനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിരുകൾ അടയാളപ്പെടുത്തി. എത്രത്തോളം വനഭൂമി ഖനനത്തിനു ലഭ്യമാകുമെന്നു കണ്ടെത്തുകയാണു ലക്ഷ്യം. നാർളം ബ്ലോക്കിൽ 150 ഹെക്ടർ ഭൂമിയിൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളതായാണ് ജിഎസ്ഐയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.
മണ്ണ് നിറഞ്ഞ വനഭൂമിയും ജനവാസമേഖലയോടു ചേർന്ന പ്രദേശങ്ങളും ഒഴിവാക്കിയാണു ഖനനം നടത്തുകയെന്ന് അധികൃതർ പറഞ്ഞു. പാറപ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും ഖനനം. 100 ഹെക്ടർ വരെ ഖനനഭൂമി ലഭ്യമാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
ജിഎസ്ഐ ഡയറക്ടർ സബിത, സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അഡി.ഡയറക്ടർ എം.സി.കിഷോർ, ജിഎസ്ഐ സീനിയർ ജിയോളജിസ്റ്റ് റോഷിണി തുടങ്ങിയവർ നേതൃത്വം നൽകി.സർവേ റിപ്പോർട്ടിനു ശേഷം ഭൂമി തുരന്നുള്ള പരിശോധന ആരംഭിക്കും. എത്ര ആഴം വരെ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നു കണ്ടെത്തുന്നതിനാണു ഭൂമി തുരന്നുള്ള പരിശോധന.
വനഭൂമിയിലെ റോഡുകളുടെ കാര്യത്തിൽ അവ്യക്തത
∙ ബോക്സൈറ്റ് ഖനനത്തിനായി അടയാളപ്പെടുത്തിയ വനഭൂമിയിലെ റോഡുകളുടെ കാര്യത്തിൽ അവ്യക്തത. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കുണ്ടടുക്കം, അരയാലിങ്കാൽ പ്രദേശങ്ങളിലേക്കുള്ള 3 റോഡുകൾ കടന്നുപോകുന്നതു ഖനനം നടത്താൻ ഉദ്ദേശിക്കുന്ന വനത്തിനുള്ളിലൂടെയാണ്. 5–7 മീറ്റർ വരെ ആഴത്തിൽ ഖനനം നടത്തുമ്പോൾ ഈ റോഡുകൾ ഇല്ലാതാകുമെന്നാണു നാട്ടുകാരുടെ ആശങ്ക.
എന്നാൽ സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ അതു തള്ളി. ആശങ്ക വേണ്ടെന്നും ഗതാഗതം തടസ്സപ്പെടുത്തി, നാട്ടുകാരെ ബുദ്ധിമുട്ടിച്ചു ഖനനം ഉണ്ടാകില്ലെന്നും അഡി.ഡയറക്ടർ എം.സി.കിഷോർ പറഞ്ഞു. ഖനനം നടത്തുന്ന വനഭൂമിക്കുള്ളിൽ സ്വകാര്യഭൂമികൾ ഉണ്ടെങ്കിൽ ഭൂവുടമകളുടെ അനുമതിയില്ലാതെ ഖനനം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.