ഇരിട്ടി ∙ രണ്ടര മാസം മുൻപ് കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചുകയറിയതിനെത്തുടർന്നു അപകടാവസ്ഥയിലായ ഇരിട്ടി പൈതൃക (പഴയ) പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പാലത്തിന്റെ ഇരുവശത്തും 3.5 മീറ്റർ ഉയരത്തിലുള്ള ഗേറ്റുകളും സ്ഥാപിച്ചു.
ബസ് ഇടിച്ചുകയറി മേൽക്കൂട് അപകടഭീഷണിയിലായതിനാൽ പൂർണമായും ഗതാഗതം നിരോധിച്ചാണു 7.5 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയത്.പഴയ പാലം അടച്ചിട്ടതോടെ ഇരിട്ടി പട്ടണം സ്ഥിരം ഗതാഗതക്കുരുക്കിലും ആയിരുന്നു.പാലം തുറന്നുകൊടുത്ത ആശ്വാസത്തിലാണ് നഗരം. പഴയ പാലം വഴി 10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകരുതെന്ന നിർദേശം കാറ്റിൽ പറത്തിയാണ് സ്വിഫ്റ്റ് ബസ് കടന്നുപോകാൻ ശ്രമിച്ചതും മേൽക്കൂട് ഉൾപ്പെടെ തകർത്തതും.
ഗേറ്റ് സ്ഥാപിച്ചതിനാൽ 3.5 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾക്ക് പഴയ പാലം വഴി കടന്നുപോകാൻ സാധിക്കില്ല.
യാത്രാ ബസുകൾക്ക് കടന്നുപോകാം
ഇരുവശത്തും ഗേറ്റുകൾ സ്ഥാപിച്ചതോടെ ബസുകൾക്ക് പഴയ പാലം വഴി കടന്നുപോകാൻ സാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.യാത്രാ ബസുകൾക്ക് കടന്നുപോകാൻ സാധിക്കുമെന്നു മരാമത്ത് പാലം വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ യാത്രാ ബസുകൾ 3.10 മുതൽ 3.30 വരെയാണ് ഉയരമെന്നും അതിനാൽ 3.5 മീറ്ററിന്റെ കവാടത്തിനുള്ളിലൂടെ ബസുകൾ കടന്നുപോകുമെന്നുമാണ് പ്രാഥമികമായി വിവരം ലഭിച്ചിട്ടുള്ളതെന്നും ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി അജയൻ പായവും ചൂണ്ടിക്കാട്ടി.
ഇരിട്ടിയിൽ പുതിയ പാലം യാഥാർഥ്യമായതു മുതൽ പഴയ പാലം വൺവേ സർവീസായാണ് ഉപയോഗപ്പെടുത്തുന്നത്. ഇരിട്ടിയിൽ നിന്നും ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നപോകുന്നത് പഴയ പാലം വഴിയാണ്.
പൈതൃക പാലം പ്രഖ്യാപനത്തിൽ ഒതുങ്ങി
1933 ൽ ബ്രിട്ടിഷുകാർ പണിത ഇരിട്ടി പഴയ പാലം നിർമാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ശ്രദ്ധയാകർഷിച്ചതാണ്.
കൂറ്റൻ ഇരുമ്പു പാളികൾ കൊണ്ട് പണിത കവചത്തിനുള്ളിലെന്ന നിലയിലാണ് പാലം. മേൽക്കൂട് ഭാരം താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്.
പൈതൃക പാലം പ്രഖ്യാപനത്തിന്റെ ഭാഗമായി ടൂറിസം പട്ടികയിൽ പെടുത്തണമെന്ന ശുപാർശ മരാമത്ത് വകുപ്പ് നേരത്തേ നൽകിയതിലും തുടർ നടപടികൾ ഉണ്ടായില്ല. ടൂറിസം വകുപ്പാണ് ഇക്കാര്യം പരിഗണിക്കേണ്ടത്.
കാലപ്പഴക്കം അതിജീവിച്ച് കരുത്തോടെ നിലനിൽക്കുന്ന ഈ പാലം ചരിത്രശേഷിപ്പായി നിലനിർത്തണമെന്ന ആവശ്യത്തിൽ ടൂറിസം പ്രാധാന്യവും ഉണ്ട്.ബ്രിട്ടിഷ് ഭരണകാലത്ത് കുടകിൽ നിന്നു കേരളവുമായി വ്യാപാര ആവശ്യങ്ങൾക്കായി പണിതതാണ് ഈ പാലം.
കരിങ്കൽ തൂണുകളിൽ കൂറ്റൻ ഉരുക്ക് ബീമുകളും പാളികളും കൊണ്ട് പണിത പാലം ടൂറിസം കാഴ്ചപ്പാടോടെ നവീകരിച്ചാൽ സഞ്ചാരികളെ ആകർഷിക്കുമെന്നതിലും സംശയം ഇല്ല. പഴശ്ശി ജലസംഭരണിക്കു മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത് എന്നതും പ്രാധാന്യം വർധിപ്പിക്കുന്നു.
ജംക്ഷൻ നിർമാണം അശാസ്ത്രീയം
പഴയ പാലം ഇല്ലെങ്കിലും 2 വരി വാഹന യാത്ര സാധ്യമാകുന്ന പുതിയ പാലം ഉള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ പാടുള്ളതല്ല.
പ്രവൃത്തി സമയത്തുതന്നെ ഉയർന്ന നിർമാണ പിഴവാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതെന്നാണു ആക്ഷേപം. പായം പഞ്ചായത്ത് ഭാഗത്തെ ജംക്ഷൻ കെഎസ്ടിപി പദ്ധതിയിൽ സ്ഥലം ഏറ്റെടുത്തു നവീകരിച്ചിരുന്നു.
ശുപാർശ പോയ അത്രയും സ്ഥലം ഏറ്റെടുത്തിരുന്നില്ല. അതിനാൽ മതിയായ വീതി വരുത്താൻ കഴിഞ്ഞില്ല.
പാലം കടന്നുവരുന്ന വാഹനങ്ങൾ കൂട്ടുപുഴ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും വഴിതിരിഞ്ഞുപോകുന്ന 2 റോഡുകളാണ് കവലയിൽ ഉള്ളത്.
സുഗമമായി വാഹനങ്ങൾ ഒരേ സമയം 2 റോഡിലും പോകാൻ സാധിക്കാത്ത വിധം ആണു നിർമാണം നടത്തിയത്. ഇവിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന ട്രാഫിക് സിഗ്നൽ സിസ്റ്റം കൂടി ഇല്ലാത്ത സാഹചര്യത്തിൽ കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ വാഹനങ്ങൾ ഇടിച്ചുകയറുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

