
കൂത്തുപറമ്പ്∙ ചെറുവാഞ്ചേരി – കൊട്ടയോടി റോഡിൽ കലുങ്ക് തകർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ പകുതിയിലധികം ഭാഗം തകർന്ന് വൻ ഗർത്തം രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ യാത്ര മുടങ്ങി.
ചീരാറ്റ കുഞ്ഞിപ്പള്ളി ചന്ദ്രോത്ത് മുക്ക് റോഡിലെ കലുങ്കാണ് തകർന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പിട്ട
സ്ഥലത്തെ കലുങ്ക് പൂർണമായും അമരുകയായിരുന്നു. കെ.പി.മോഹനൻ എംഎൽഎ ഇന്നലെ രാവിലെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകടാവസ്ഥ ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണി വിഭാഗം ഉദ്യോഗസ്ഥരും ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് യോഗം ചേർന്നിരുന്നു. ജൂലൈ 18ന് എംഎൽഎ ഓഫിസിൽ ചേർന്ന പൊതുമരാമത്ത് – ജലവിഭവ വകുപ്പ് തല പ്രവൃത്തി അവലോകന യോഗത്തിൽ ഈ വിഷയം ചർച്ചയായിരുന്നു.പുതിയ കലുങ്ക് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വിഭാഗം തയാറാക്കിയിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കുന്നത് വരെ ചെറു വാഹനങ്ങൾ പാറേമ്മൽ പീടിക – കുന്നിനുതാഴെ മദ്രസ റോഡ് വഴിയും വലിയ വാഹനങ്ങൾ ചെറുവാഞ്ചേരി, കല്ലുവളപ്പ് ശ്രീനാരായണ മഠം റോഡ് വഴി മരപ്പാലം – ചെറുവാഞ്ചേരി റോഡ് വഴിയും പോകണമെന്നാണ് തീരുമാനം.
പാട്യം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മുഹമ്മദ് ഫായിസ് അരൂൾ, വാർഡ് മെംബർ കെ.കെ.സമീർ, റോഡ് മെയിന്റനൻസ് വിഭാഗം എക്സി.എൻജിനീയർ ടി.കെ.ഷിബുജാൻ, അസി.എക്സി.എൻജിനീയർ ഡി.ബിന്ധ്യ, അസി.എൻജിനീയർ പി.എം.ധന്യ, പാനൂർ റോഡ്സ് അസി.എൻജിനീയർ കെ.പി.പ്രദീപൻ, ജലവിഭവ വകുപ്പ് അസി.എക്സി.എൻജിനീയർ ഷെൻലി ജോസഫ്, അസി.എൻജിനീയർ സി.അതുൻ തുടങ്ങിയവർ സംബന്ധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]