ചെറുപുഴ ∙ തേജസ്വിനിപ്പുഴ വറ്റിവരണ്ടു തുടങ്ങിയതോടെ മലയോര പഞ്ചായത്തുകൾ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. ഇതോടെ കണ്ണൂർ ജില്ലയിലെ ചെറുപുഴ, പെരിങ്ങോം-വയക്കര, കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുമേറി.
തേജസ്വിനിപ്പുഴയുടെ പല ഭാഗങ്ങളും ഇതിനകം തന്നെ വറ്റിവരണ്ടു കഴിഞ്ഞു. തടയണകൾ ഉള്ള സ്ഥലങ്ങളിൽ മാത്രമാണു ഇനി കാര്യമായ ജലശേഖരമുള്ളത്.
ഇനി ആഴ്ചകൾ പിന്നീടുന്നതോടെ തടയണയിലെ ജലനിരപ്പും കുറഞ്ഞു തുടങ്ങും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയോരത്തു കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം.
പുഴത്തീരത്തെ ഓടക്കാടുകളും മരങ്ങളും നശിച്ചതും നീരൊഴുക്ക് കുറയാൻ കാരണമായതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പുഴയിലെ ജലത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന കർഷകരും കടുത്ത പ്രതിസന്ധിയിലാണ്.
വാഴ, കമുക്, പച്ചക്കറി ഉൾപ്പെടെയുള്ളവ കൃഷികൾ ചെയ്യുന്ന കർഷകരാണു ആവശ്യമായ വെള്ളം ലഭിക്കാതെ ദുരിതത്തിലാകുന്നത്. പുഴയിലെ ജലനിരപ്പ് കുറയുന്നതോടെ കൃഷിയാവശ്യത്തിനു പുഴയിൽ നിന്നു വെള്ളം എടുക്കുന്നത് പഞ്ചായത്ത് ഭരണസമിതികൾ നിരോധിക്കും.
ഇത് കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. പുഴയുടെ വിവിധ പ്രദേശങ്ങളിൽ തടയണകൾ നിർമിക്കുകയും നിലവിലുള്ള തടയണകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുകയും ചെയ്താൽ വേനൽക്കാലത്തു അനുഭവപ്പെടുന്ന ജലക്ഷാമത്തിനു അറുതി വരുത്താനാകും.
ഇതിനു വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

