തളിപ്പറമ്പ്∙ നഗരത്തെ നടുക്കിയ അഗ്നിബാധയുടെ ഓർമകൾ മായും മുൻപേ തളിപ്പറമ്പ് വീണ്ടും അഗ്നിഭീതിയിൽ. തളിപ്പറമ്പിലെ ഏറ്റവും തിരക്കുള്ള ന്യൂസ് കോർണർ ജംക്ഷനിലെ കടയിൽ രാവിലെ പുക കണ്ടത് ഭീതി പരത്തി.
ജംക്ഷനിലെ സഫാ ടെക്സ്റ്റൈൽസിലാണ് ഇന്നലെ രാവിലെ 10 മണിയോടെ കട തുറക്കുമ്പോൾ പുക കണ്ടത്.
കടയുടമകൾ ഉടൻ തന്നെ വൈദ്യുതിബന്ധം വിഛേദിച്ച് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുയായിരുന്നു. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിൽ 2 യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്ത് കുതിച്ചെത്തിയാണ് അപകടം ഒഴിവാക്കിയത്.
കടയുടെ ഉള്ളിലുള്ള ഇൻവർട്ടറിൽ നിന്നാണ് പുക ഉയർന്നത്. അപ്പോൾ തന്നെ വൈദ്യുതിബന്ധം വേർപെടുത്തിയതിനാലാണ് അപകടം ഒഴിവായത്. കടയിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തതിന് സമീപത്ത് ഇൻവർട്ടർ സ്ഥാപിക്കരുതെന്ന് അഗ്നരക്ഷാ സേന നിർദേശം നൽകി.
ടെക്സ്റ്റൈൽ കടകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഉള്ള തിരക്കേറിയ നഗര പ്രദേശമാണിവിടെ. കടയിലെ വയറിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധിച്ച ശേഷം കടതുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് അഗ്നിരക്ഷാ സേന അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഫയർ എക്സ്റ്റിങ്ഗ്യൂഷറും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
തളിപ്പറമ്പിൽ അഗ്നി സുരക്ഷാക്ലാസ് നാളെ മുതൽ
തളിപ്പറമ്പ്∙ നഗരത്തിൽ ഉണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നൽകുന്ന അഗ്നിസുരക്ഷാ പരിശീലനത്തിന്റെ ആദ്യഘട്ടം നാളെ 2.30ന് കപ്പാലം വ്യാപാര ഭവനിൽ നടക്കും. നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.
അഗ്നി സുരക്ഷയുടെ ഭാഗമായി ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിക്കാനുള്ള പരിശീലനം ഉൾപ്പെടെയാണ് നൽകുകയെന്ന് അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് പറഞ്ഞു.
വിവിധ ഘട്ടങ്ങളിലായാണ് ക്ലാസ് നടക്കുന്നത്. തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശോധന തുടർന്നുവരികയാണ്.
403 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ 10 സ്ഥാപനങ്ങളിൽ മാത്രമാണ് ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉണ്ടായിരുന്നത്. ബാക്കിയുള്ള സ്ഥാപനങ്ങളിൽ 15 ദിവസത്തിനുള്ളിൽ ഇവ സ്ഥാപിക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

