കണ്ണൂർ∙ ഇത്രയും നാൾ ഭാര്യയുമായി അകന്നുകഴിഞ്ഞ പ്രണവ് എന്തിനാണ് അന്നുരാത്രി വീട്ടിൽ വന്നത്? വിയാന്റെ മരണത്തിൽ പൊലീസ് ആദ്യം അന്വേഷിച്ചത് അതായിരുന്നു. അന്ന് കണ്ണൂർ ഡിവൈഎസ്പിയായിരുന്ന പി.പി.സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
തന്നെയും മകനെയും തിരിഞ്ഞുനോക്കാത്ത ഭർത്താവ് അന്നു മകനെ കൊല്ലാനായി വന്നതാണെന്നു ചോദ്യം ചെയ്യലിൽ ശരണ്യ പൊലീസിനോടു പറഞ്ഞിരുന്നു.
ശരണ്യ വിളിച്ചിട്ടാണു വന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി. അച്ഛൻ വീട്ടിൽ ഇല്ലാത്ത ദിവസം നോക്കി വീട്ടിലെത്തി പ്രണവാണ് ആ ക്രൂരകൃത്യം ചെയ്തതെന്നു ശരണ്യ തറപ്പിച്ചു പറഞ്ഞു.
ചോദ്യം ചെയ്യുന്നതിനിടയിൽ ശരണ്യയുടെ മൊബൈൽ ഫോണിലേക്ക് പലവട്ടം കോൾ വന്നു. പൊലീസ് പരിശോധിച്ചപ്പോൾ ഒരേ നമ്പറിൽനിന്ന് 17 മിസ്ഡ് കോളുകൾ! ശരണ്യയുടെ ഫോണിൽനിന്നു ദിവസവും രാത്രി വൈകി ഇതേ നമ്പറിലേക്ക് ഒട്ടേറെ വിളികൾ പോയത് പൊലീസ് ശ്രദ്ധിച്ചു.
നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വാരം സ്വദേശി നിധിൻ.
രണ്ടു കൊല്ലമായി ഇരുവരും അടുപ്പത്തിലാണെന്ന് ശരണ്യ സമ്മതിച്ചു.
ചില ദിവസങ്ങളിൽ രാത്രിയിൽ ശരണ്യയുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച് അര മണിക്കൂറിനുള്ളിൽ നിധിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശരണ്യയുടെ വീടിന്റെ പരിസരത്തെത്തിയിരുന്നതായി കണ്ടു. സൈബർ സെൽ കൈമാറിയ ആ ടവർ ലൊക്കേഷൻ വിവരങ്ങളിൽ ഒന്നുകൂടിയുണ്ടായിരുന്നു. കുട്ടിയെ കാണാതായ ദിവസം പുലർച്ചെ ഒന്നരയ്ക്ക് നിധിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചത് ശരണ്യയുടെ വീടിന്റെ പരിസരത്തായിരുന്നു.
നിതിനും ശരണ്യയും തമ്മിലുള്ള പ്രണയവും കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചു.
ശരണ്യയുമായി അടുപ്പത്തിലായിരുന്നുവെന്നു ചോദ്യം ചെയ്യലിൽ നിധിൻ സമ്മതിച്ചു. സംഭവദിവസം പുലർച്ചെ ഒന്നരയ്ക്ക് ശരണ്യയുടെ വീടിന്റെ പരിസരത്തു പോയിരുന്നുവെങ്കിലും കാണാനാകാതെ മടങ്ങിയെന്ന് നിധിൻ പറഞ്ഞു.
കുഞ്ഞിനെ അവസാനമായി കണ്ടത് എപ്പോഴാണ് എന്നു പ്രണവിനോടും ശരണ്യയോടും ചോദിച്ചപ്പോൾ പുലർച്ചെ മൂന്നോടെ എന്നായിരുന്നു മറുപടി. അപ്പോൾ ശരണ്യ എഴുന്നേറ്റു പാലു കൊടുക്കുന്നതു പ്രണവും കണ്ടിരുന്നു.
നിതിൻ വീടിന്റെ പരിസരത്തു നിന്നു മടങ്ങിയതിനു ശേഷവും കുഞ്ഞ് വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നു പൊലീസിനു വ്യക്തമായി.കടൽഭിത്തിയിൽ നിന്ന് അൽപം അകലെയുള്ള പാറക്കെട്ടിലാണ് വിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അങ്ങോട്ടു പോകുന്ന വഴിയിൽ കടൽവെള്ളം ഉണ്ടായിരുന്നു.
കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ചെരിപ്പിലോ കടൽ വെള്ളത്തിലുള്ള ഡയാറ്റം (സൂക്ഷ്മജീവികൾ) പറ്റിപ്പിടിച്ചിട്ടുണ്ടാകാം. ഒരു പ്രദേശത്തെ കടൽവെള്ളത്തിലുള്ള ഡയാറ്റം മറ്റൊരു പ്രദേശത്ത് ഉണ്ടാകണമെന്നില്ല.
കണ്ണൂർ റീജനൽ ഫൊറൻസിക് ലാബിലേക്ക് ശരണ്യ, നിധിൻ, പ്രണവ് എന്നിവരുടെ വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയച്ചപ്പോൾ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളത് ശരണ്യയുടെ വസ്ത്രത്തിൽ മാത്രമാണെന്നു കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ശരണ്യ എല്ലാം തുറന്നുപറഞ്ഞത്.
ഭർത്താവ് ഗൾഫിലായിരുന്ന സമയത്താണു സമൂഹമാധ്യമം വഴി നിധിനുമായി അടുപ്പത്തിലായത്.
പിന്നീട് നിധിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായും ശരണ്യ അറിഞ്ഞു. ഇതെച്ചൊല്ലി തർക്കമുണ്ടായി. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നു നിധിൻ പറഞ്ഞതായി ശരണ്യ പൊലീസിനോടു പറഞ്ഞു.
അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
2020 ഫ്രെബ്രുവരി 16ന് രാത്രി പ്രണവും ശരണ്യയും വിയാനും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്നിന് കുഞ്ഞ് എഴുന്നേറ്റു കരഞ്ഞപ്പോൾ പാലു നൽകി.
ശേഷം കുഞ്ഞിനെയെടുത്തു 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി. കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിയുകയായിരുന്നു.
കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവ്
തളിപ്പറമ്പ് ∙ കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മയ്ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
മകൻ വിയാനെ കൊലപ്പെടുത്തിയ കേസിൽ, തയ്യിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം കൊടുവള്ളി ഹൗസിൽ ശരണ്യ വത്സരാജിനാണ് (27) ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജി കെ.എൻ.പ്രശാന്താണു വിധി പറഞ്ഞത്.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ വിയാന്റെ അച്ഛനും ശരണ്യയുടെ ഭർത്താവുമായ പരാതിക്കാരൻ പ്രണവിനു നൽകാനും ഉത്തരവിട്ടു.
രണ്ടാംപ്രതിയും ശരണ്യയുടെ സുഹൃത്തുമായ തയ്യിൽ പുന്നക്കൽ നിധിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.
ഒരുമിച്ചു ജീവിക്കാൻ നിധിന്റെ പ്രേരണ നിമിത്തമാണു ശരണ്യ കുട്ടിയെ കടലിലെറിഞ്ഞു കൊന്നതെന്നായിരുന്നു കുറ്റപത്രം. മാതൃസ്നേഹം നൽകി പരിചരിക്കേണ്ട
അമ്മയാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നും പരിഷ്കൃതസമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണു ശരണ്യ.
2020 ഫെബ്രുവരി 17ന് ആണു കേസിനാസ്പദമായ സംഭവം.
വിയാനെ ശരണ്യയുടെ വീടിനു സമീപത്തെ കടൽഭിത്തിയോടു ചേർന്നു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അകൽച്ചയിലായിരുന്ന പ്രണവിനെ കൊലപാതകം നടന്നതിന്റെ തലേന്നു ശരണ്യ വീട്ടിലേക്കു വിളിച്ചുവരുത്തിയിരുന്നു.
പുലർച്ചെ മൂന്നോടെ കുട്ടിക്കു പാലുകൊടുത്ത ശേഷം കടപ്പുറത്തേക്കു കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കടലിലേക്ക് എറിയുകയായിരുന്നു. തിരിച്ചു വീട്ടിലെത്തി കിടന്നുറങ്ങിയശേഷം രാവിലെ 6നു കുട്ടിയെ കാണുന്നില്ലെന്നു പറഞ്ഞു തിരച്ചിൽ നടത്തി.
പ്രണവിന്റെ പേരിൽ കുറ്റം ആരോപിക്കാൻ ശരണ്യ ശ്രമിച്ചിരുന്നെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിലാണു കുട്ടിയുടെ മരണത്തിനു പിന്നിൽ ശരണ്യയാണെന്നു തെളിഞ്ഞത്. കേസിന്റെ വിചാരണ തുടങ്ങുന്നതിനു മുൻപ് ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

