
ഈ റോഡിൽ എങ്ങനെ യാത്ര ചെയ്യും? മലയോരപാതയുടെ അരികു കോൺക്രീറ്റ് ചെയ്തില്ല; യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ ∙ മലയോരപാതയുടെ അരികു കോൺക്രീറ്റ് ചെയ്യാത്തതു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ചെറുപുഴ പഴയപാലം മുതൽ പുതിയപാലത്തിനു സമീപം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യാത്തതാണു ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായത്. ആദ്യ പിണറായി സർക്കാരിന്റെ അവസാന കാലത്താണു മലയോരപാത ഉദ്ഘാടനം ചെയ്തത്. റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടു വർഷങ്ങളായെങ്കിലും അരികുവശം കോൺക്രീറ്റ് ചെയ്യാത്തതു വ്യാപക പ്രതിഷേധത്തിനിടയാക്കി.
മഴക്കാലമായാൽ റോഡിന്റെ ഇരുവശങ്ങളും ചെളിക്കുളമാകും. ഇതോടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടാകും. ഇതിനുപുറമെ അരിക്, കോൺക്രീറ്റ് ചെയ്യാത്തതിനാൽ റോഡിനെക്കാൾ താഴ്ന്നാണു കിടക്കുന്നത്. ഇരുചക്രവാഹനം ഉൾപ്പെടെയുള്ളവ ഇവിടെ അപകടത്തിൽപെടുന്നതു പതിവാണ്. തിരക്കേറിയ ഭാഗമായിട്ടും റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്യാത്തതിൽ കരാറുകാരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ അരികു കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി സംഘടനകൾ മന്ത്രി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയെങ്കിലും നടപടിയില്ല. മഴ തുടങ്ങുന്നതിനു മുൻപു റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കണം എന്നാണു വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.