
ചെറിയ കുരുക്കല്ല; റെയിൽവേ ഗേറ്റ് അടച്ചാലും തുറന്നാലും ചെറുകുന്നിൽ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുകുന്ന് ∙ ട്രെയിൻ കടന്നുപോകാൻ കോൺവന്റ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചാൽ പിന്നെ ചെറുകുന്ന് ടൗൺ ഗതാഗതക്കുരുക്കിലേക്കു നീങ്ങും. ഗേറ്റ് തുറന്നാലും വാഹനക്കുരുക്ക് തീരാൻ ഏറെ പണിപ്പെടണം. വാഹനങ്ങളുടെ നീണ്ടനിര തിരക്കേറിയ കെഎസ്ടിപി റോഡിലേക്ക് വരെ നീളും. പഴയങ്ങാടി ഭാഗത്തുനിന്നു കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മുന്നോട്ടുപോകണമെങ്കിൽ ഗേറ്റിനു മുന്നിൽ നിന്നുള്ള വാഹനങ്ങൾ ഒഴിയണം.
ഗേറ്റ് തുറന്നാലും കീഴറ–ചെറുകുന്ന് റോഡിലേക്ക് വാഹനങ്ങൾക്ക് കടക്കാൻ ഏറെ പ്രയാസമാണ്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ബൈപാസ് റോഡ് എന്ന നിലയിൽ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡ് വഴിയാണ് ദീർഘദൂര ചരക്കുവാഹനങ്ങളും പാചകവാതക ടാങ്കർ ലോറികളും കടന്നുപോകുന്നത്. ഈ പാതയിലെ പ്രധാന പട്ടണമായ ചെറുകുന്നിൽ വാഹനങ്ങൾ പതിവായി കുരുക്കിലകപ്പെടുന്നതായി പരാതി. കണ്ണപുരം ചൈനാക്ലേ, ഇരിണാവ് റോഡ് റെയിൽവേ ഗേറ്റ് എന്നിവ അടച്ചാലും കെഎസ്ടിപി റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. ട്രെയിൻ കടന്നുപോകാൻ പലപ്പോഴും 10 മിനിറ്റിൽ കൂടുതൽ നേരം ഗേറ്റ് അടച്ചിടുന്നതായും ഡ്രൈവർമാർ പരാതിപ്പെട്ടു.
ചെറുകുന്ന്, കണ്ണപുരം റെയിൽവേ ഗേറ്റുകൾക്ക് റെയിൽവേ മേൽപാലം നിർമിക്കാൻ അധികൃതരുടെ അനുമതി ലഭിച്ചിട്ടും നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇരിണാവ് റോഡ് ഗേറ്റിനും റെയിൽവേ മേൽപാലം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാർഥികളും സ്ഥിരം യാത്രക്കാരും പതിവായി ഗതാഗതക്കുരുക്കിലായി പ്രയാസപ്പെടുന്നത് പതിവുകാഴ്ചയാണ്. ചെറുകുന്നിലും കണ്ണപുരത്തും റെയിൽവേ മേൽപാലത്തിന്റെ നിർമാണം ഉടൻ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.