കണ്ണൂർ ∙ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധ്യാപകർക്കും അധികൃതർക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തുവന്നതിനിടെ ഒന്നും രണ്ടും മൂന്നും വർഷ വിദ്യാർഥികൾക്ക് അവധി നൽകി കോളജ് അധികൃതർ. ഇന്നുമുതൽ 15 വരെയാണ് അവധി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൽപോയി വോട്ട് ചെയ്തുവരാൻ ഒരു ദിവസം അവധി ചോദിച്ചപ്പോൾ നൽകാതിരുന്ന അധികൃതർ വിഷു തീരുന്നതുവരെ അവധി അനുവദിച്ചത് വിദ്യാർഥികൾ കോളജിലെ കാര്യങ്ങൾ പുറത്തു പറയാതിരിക്കാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട
ഡെന്റൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാം, അധ്യാപിക ഡോ.
കെ.ടി.സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. എൻ.കെ.റാം ജാതീയമായി അധിക്ഷേപിച്ചതു സംബന്ധിച്ച് നിതിൻ രാജ് പറയുന്ന ഓഡിയോയും പുറത്തിറങ്ങിയിരുന്നു.
വെള്ളിയാഴ്ചയാണ് നിതിൻ രാജ് മരിച്ചത്.
അന്നുതന്നെ ഒന്നാം വർഷ വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. കോളജിലെ സീനിയർ വിദ്യാർഥികളാണ് അടുത്തദിവസങ്ങളിൽ കോളജിലെ പീഡനങ്ങളെക്കുറിച്ചു മാധ്യമങ്ങളോടു പറഞ്ഞത്.
തുടർന്ന് അവധി നൽകിയെന്നാണ് ആരോപണം. നിതിൻ രാജിന്റെ മരണത്തിൽ അനുശോചനയോഗം ചേരാൻ പോലും കോളജ് അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്.
ജീവനക്കാരുടെ മൊഴിയെടുത്തു
∙ ജാതി അധിക്ഷേപത്തെത്തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ ആശുപത്രി ജീവനക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2നാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും ലൈബ്രറി കെട്ടിടത്തിന്റെയും നടുവിലുള്ള തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
നിതിൻ രാജ് തറയിൽ കിടക്കുന്നത് ആദ്യം കണ്ട ആശുപത്രി ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
നിതിൻ രാജിന്റെ മൊബൈൽ ഫോൺ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് ചക്കരക്കൽ ഇൻസ്പെക്ടർ കെ.എ.ഫക്രുദ്ദീൻ പറഞ്ഞു.
വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു നിതിൻ രാജിന്റെ സംസ്കാരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി തുടങ്ങിയ നേതാക്കൾ നിതിന്റെ വീട്ടിലെത്തി.
ക്ലാസ് ബഹിഷ്കരിക്കാൻ സീനിയർ വിദ്യാർഥികൾ
∙ നിതിൻരാജിന് ഐക്യദാർഢ്യവുമായി സീനിയർ വിദ്യാർഥികൾ.
ഇന്നു ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണു തീരുമാനം. കോളജ് അധികൃതരെ ഭയന്ന് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കുകയാണെന്നും പ്രതിഷേധം അനിവാര്യമാണെന്നും വിദ്യാർഥികൾ പറയുന്നു.
അവസാനവർഷ വിദ്യാർഥികൾ മാത്രമാണ് ഇപ്പോൾ കോളജിലുള്ളത്.
പ്രതിഷേധം വ്യാപകം
∙ ആർ.എൽ.നിതിൻരാജിന്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് സംഘടനകൾ ഇന്ന് കോളജിലേക്ക് മാർച്ച് നടത്തും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 9.30നും എസ്എഫ്ഐ 11നും കോളജിലേക്ക് മാർച്ച് നടത്തും.
കെഎസ്യുവും ഇന്ന് കോളജിനു മുന്നിൽ സമരം നടത്തും. നിതിൻ രാജിന്റേത് ആത്മഹത്യ തന്നെയാണോ എന്നത് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു.
സമഗ്രാന്വേഷണവും കർശന നടപടികളും വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷത്ത് സംസ്ഥാന ട്രഷറർ കെ.വിനോദ് കുമാർ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.പി.ബാബു, വി.വി.ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുധാകരൻ, സതീശൻ കസ്തൂരി, പി.പി.സുനിൽകുമാർ, കെ.വിനോദ്കുമാർ, കെ.ദിവാകരൻ മേഖലാ സെക്രട്ടറി കെ.വി.പ്രജീഷ് തുടങ്ങിയവർ കോളജ് സന്ദർശിച്ചു.
സിബിഐ അല്ലെങ്കിൽ ഉന്നതതല പ്രത്യേക അന്വേഷണ സംഘം വേണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അരുൺ കൈതപ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയതായും പറഞ്ഞു.
കർശനനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്സി, എസ്ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് എഐഡിആർഎം ജില്ലാ പ്രസിഡന്റ് കെ.ആർ.ചന്ദ്രകാന്തും സെക്രട്ടറി വി.വി.കണ്ണനും ആവശ്യപ്പെട്ടു. സർക്കാർ നിസ്സംഗത വെടിയണമെന്നും സിപിഐ (എംഎൽ) റഡ്സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിനോദ്കുമാർ രാമന്തളി അധ്യക്ഷത വഹിച്ചു. ജാതീയ വിവേചനത്തിനെതിരെ ജനകീയരോഷം ഉയരണമെന്നും സമാന്തരം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പി.ടി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കമ്പിൽ പി.രാമചന്ദ്രൻ, വി.സി.ബാലകൃഷ്ണൻ, കസ്തൂരി ദേവൻ, പ്രേമൻ പാതിരിയാട്, സി.ശശി, എം.വി.ഗോവിന്ദൻ, ഉമ്മർ ചാവശ്ശേരി, പത്മനാഭൻ തായക്കര എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

