
ഇരിട്ടി∙ മൂന്നുവർഷം നീണ്ട പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ 400 കെവി ലൈൻ സ്ഥാപിക്കുമ്പോൾ നാശനഷ്ടം നേരിടുന്നവർക്ക് പ്രഖ്യാപിച്ച ‘ന്യായം’ ഇല്ലാത്ത നഷ്ടപരിഹാര പാക്കേജിനെതിരെ ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ പ്രതിഷേധം ഇരമ്പുന്നു.വീടിന് മുകളിലൂടെ ലൈൻ കടന്നുപോകുന്നവർക്കു മന്ത്രി പ്രഖ്യാപിച്ച പാക്കേജിലുള്ളത് 2 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആണ്.
വയനാട് – കരിന്തളം 400 കെവി ലൈൻ പ്രഖ്യാപിച്ചതോടെ വീട്, കൃഷി സ്ഥല വിൽപന മുടങ്ങിയതടക്കം ഇരകൾക്ക് പറയാനുള്ളത് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും കഥകളാണ്. വികസനം വരുമ്പോൾ ഇരകളാകുന്നവർ കൊടിയ നഷ്ടവും സഹിക്കണമെന്ന സർക്കാരിന്റെയും കെഎസ്ഇബിയുടെയും നിലപാട് അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് കർഷകർ.
വീടിന് മുകളിലൂടെ ലൈൻ കടന്നുപോകുന്നവർക്കു ചതുരശ്ര അടിക്ക് 2500 രൂപ പ്രകാരവും സ്ഥലത്തിന്റെ വിപണി വില കണക്കിലെടുത്തും ധനസഹായം ഉറപ്പാക്കി നഷ്ടപരിഹാര പാക്കേജ് പുതുക്കണമെന്നതാണു ഭൂവുടമകളുടെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും കർമസമിതികളുടെയും ആവശ്യം.
ഭൂമിയും വീടും തങ്ങൾ എടുത്തിട്ടു പോകുന്നില്ലല്ലോയെന്ന ന്യായവാദത്തിൽ നിന്ന് കെഎസ്ഇബി പിന്തിരിയണമെന്നും ലൈൻ സ്ഥാപിച്ചു കഴിയുന്നതോടെ സ്ഥലമൂല്യം കുറയുന്നതു മനസ്സിലാക്കണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.പഞ്ചായത്ത് പരിധിയിൽ ലൈൻഭീഷണിയിലാകുന്ന വീടുകൾ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്ഥിരസമിതി അധ്യക്ഷരായ ഐസക് ജോസഫ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ്, സജി മച്ചിത്താന്നി, കർമ സമിതി കൺവീനർ ബെന്നി പുതിയാംപുറം, ജോർജ് മുടയരഞ്ഞി എന്നിവർ സന്ദർശിച്ചു.
18 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച കച്ചവടം നഷ്ടപ്പെട്ടു
∙കമ്പിനിനിരത്തെ പുല്ലോപടത്തിൽ ഉഷയുടെ വീടും സ്ഥലവും 18 ലക്ഷം രൂപയ്ക്ക് വിൽപന നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ലൈൻ പ്രഖ്യാപനം വന്നതോടെ കച്ചവടം ഉറപ്പിച്ചവർ പിൻമാറി.
ഇവർക്ക് നഷ്ടപരിഹാരം പാക്കേജ് പ്രകാരം ലഭിക്കുന്നതായി പട്ടികയിൽ ഉള്ളത് 2.5 ലക്ഷം രൂപ. വീടിനു മുകളിലൂടെ ലൈൻ കടന്നുപോകുന്നതാണെങ്കിലും കെഎസ്ഇബി പുറത്തിറക്കിയ പട്ടികയിൽ വീട് ഉള്ളതായി ഇല്ല.
മന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഇതും കൂടി ചേർത്താൽ കിട്ടുന്നത് 2 ലക്ഷം രൂപ കൂടി ചേർത്തു 4.5 ലക്ഷം രൂപയാണ്. 30 വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന കുടുംബം 5 വർഷം മുൻപാണ് ലോൺ എടുത്ത് വീട് നിർമിച്ചത്.പട്ടാളത്തിൽ ജോലി ചെയ്യുന്ന മകന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഈ 5 അംഗ കുടുംബം ലോൺ അടവ് മുടങ്ങിയ പ്രതിസന്ധിയിൽ വീടും സ്ഥലവും വിറ്റു കടം തീർക്കാനായി നടത്തിയ ശ്രമവും പരാജയപ്പെട്ടതിന്റെ സങ്കടത്തിലാണ്.
ഏലിക്കുട്ടിക്ക് നഷ്ടമാകുന്നത് വീടിനൊപ്പം 3.5 ഏക്കർ സ്ഥലവും
∙കമ്പിനിനിരത്തിലെ തന്നെ നെടുമ്പുറത്ത് ഏലിക്കുട്ടിയുടെ പഴയ തറവാട് വീടിന്റെ പകുതി ഭാഗത്തിനു മുകളിലൂടെയാണു ലൈൻ കടന്നുപോകുന്നത്.
മക്കളുടെ പേരിൽ ഉൾപ്പെടെ വരുന്ന മൂന്നര ഏക്കർ കൃഷി സ്ഥലവും പ്രതിസന്ധിയിലാകും. ഒന്നരക്കോടിയിൽ അധികം വില വരുന്ന സ്ഥലത്തിനു സർക്കാർ നഷ്ടപരിഹാരക്കണക്ക് അനുസരിച്ച് ലഭിക്കുന്നത് 65 ലക്ഷം രൂപ മാത്രമാണെന്നു കർമ സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പൂർണമായും കൃഷി ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന് നഷ്ടപ്പെടുന്നതു 350 റബറും 40 തെങ്ങും 50ൽ അധികം കശുമാവും ഉള്ള പുരയിടമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]