
കണ്ണൂർ∙ കണ്ണൂർ നഗരത്തിൽ ദേശീയപാത തെക്കിബസാറിൽ ‘പൊല്ലാപ്പായി’ പൊലീസിന്റെ ഗതാഗത പരിഷ്കരണം. വലിയ പ്രയാസമില്ലാതെ ഗതാഗതം നടന്നയിടത്ത് പൊലീസ് നടപ്പാക്കിയ പരിഷ്കരണമാണു ദുരിതമാകുന്നത്.
പുതിയ പരിഷ്കരണം ദേശീയപാത താണ വരെയും പള്ളിക്കുന്ന് വരെയും വാഹന കുരുക്കുണ്ടാക്കുകയാണ്. കാൽടെക്സ് സിഗ്നൽ സർക്കിളിലാണെങ്കിൽ കുരുക്കോട് കുരുക്ക്.
എങ്ങും തിരിയാനാകാതെ വാഹനങ്ങൾ സർക്കിളിൽ അകപ്പെടുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗതാഗതം നിയന്ത്രിച്ചിരുന്ന ഇവിടം ഇന്നലെ രാവിലെ മുതൽ 4 പൊലീസുകാരെ നിയോഗിച്ചിട്ടും വാഹന കുരുക്ക് അഴിക്കാനായില്ല!
യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പ്രതിഷേധം ഉയർന്നെങ്കിലും പരിഷ്കരണത്തിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്.
ഗതാഗത പരിഷ്കരണത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടൽ കടുത്ത രോഷത്തിനിടയാക്കി. തെക്കി ബസാർ– കക്കാട് റോഡ് ജംകഷനിലാണ് പൊലീസിന്റെ ഗതാഗത ‘പരീക്ഷണം’. ചെറിയ തോതിൽ വാഹന കുരുക്ക് മാത്രമേ ജംക്ഷനിൽ ഉണ്ടാകാറുണ്ടായിരുന്നുള്ളൂ.
ഇവിടത്തെ വാഹനത്തിരക്ക്, ഗതാഗത നിയന്ത്രണത്തിനുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൃത്യമായി പരിഹരിക്കാറുമുണ്ട്. യാത്രക്കാരോ ഡ്രൈവർമാരോ നാട്ടുകാരോ ഇവിടെ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ല.
ഇതിനിടെയാണ് ഗതാഗത പരിഷ്കരണവുമായി പൊലീസെത്തിയത്.
കക്കാട് റോഡിൽ നിന്നു വരുന്ന വാഹനങ്ങളെ തെക്കി ബസാർ ജംക്ഷനിൽ നിന്ന് തളാപ്പ് ഭാഗത്തേക്ക് പോകാൻ അനുവദിക്കാതെ, പകരം കാൽടെക്സ് സിഗ്നൽ സർക്കിൾ ചുറ്റിക്കുകയാണ് പൊലീസ്. സ്ഥലപരിമിതി കാരണം സിഗ്നൽ സർക്കിളിൽ തിരിയാൻ പോലും കഴിയാത്ത സാഹചര്യത്തിൽ അനാവശ്യമായി വാഹനങ്ങളെ സർക്കിളിൽ എത്തിക്കുന്നതോടെ ഗതാഗതം സ്തംഭിക്കുന്നു.
ട്രാഫിക് സർക്കിളിൽ സിഗ്നൽ കിട്ടാൻ വാഹനങ്ങൾക്ക് ഏറെനേരം ദേശീയപാതയിൽ കാത്തുനിൽക്കേണ്ടി വരികയാണ്.
ഇതോടെ വാഹനക്കുരുക്ക് പള്ളിക്കുന്ന് ഭാഗത്തേക്കും നീങ്ങും. സർക്കിൾ ചുറ്റി പകുതിയാകുമ്പോഴേക്കും സിഗ്നൽ അവസാനിക്കും.
ഇതോടെ വാഹനങ്ങൾ സർക്കിളിനുള്ളിൽ കുടുങ്ങും. ഇതോടെ താണ ഭാഗത്തേക്കും നീളുന്നു വാഹന കുരുക്ക്.
മഴയും കൂടിയാകുന്നതോടെ ബസുകൾ ഉൾപ്പെടെ വാഹനക്കുരുക്ക് അതിരൂക്ഷമാണ്. കാൽടെക്സ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തെക്കി ബസാർ ജംക്ഷനിൽ നിന്നും കക്കാട് റോഡിലേക്ക് കയറുന്നത് ഒഴിവാക്കി, ഏതാനും ദൂരം മുന്നോട്ടു പോയി വലതു വശത്തെ റോഡിലൂടെ കക്കാട് റോഡിലേക്ക് പ്രവേശിക്കും വിധത്തിലാണ് മറ്റൊരു പരിഷ്കാരം.
വീതി കുറഞ്ഞ ഇവിടെനിന്ന് വലിയ വാഹനങ്ങൾ തിരിക്കേണ്ടി വരുന്നത് വീണ്ടും ദേശീയപാതയിൽ കുരുക്കിന് കാരണമാകുകയാണ്. മാത്രമല്ല, വലിയ വാഹനങ്ങൾക്ക് കക്കാട് ഭാഗത്തേക്ക് പ്രവേശിക്കണമെങ്കിൽ, ഈ ഭാഗത്തെ റോഡിന്റെ വീതിക്കുറവും പ്രതിസന്ധിയാണ്.
ചെറിയ വാഹനങ്ങൾക്ക് ഈ ചെറിയ റോഡിലൂടെ കടക്കാമെങ്കിലും ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് പെട്ടെന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കക്കാട് ഭാഗത്ത് നിന്ന് തളാപ്പ് ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങളെ കാൽടെക്സ് സിഗ്നൽ സർക്കിൾ ചുറ്റിക്കാതെ തെക്കി ബസാർ ജംക്ഷൻ വഴി തന്നെ കടത്തിവിടണമെന്നാണു ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]