
ഇരിട്ടി ∙ ഒരു മാസമായി തകർന്നുകിടക്കുന്ന ഡിവൈഡർ. ഓവുചാൽ നികന്നതോടെ റോഡിലൂടെ നിറഞ്ഞൊഴുകുന്ന വെള്ളം.
വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയിലാണ് ഈ സ്ഥിതിവിശേഷം.
ഇരിട്ടി പാലം ജംക്ഷനിലെ ഡിവൈഡർ ഹെവി വാഹനം കയറി കോൺക്രീറ്റ് ബ്ലോക്കുകൾ അടക്കം തകർന്നുകിടക്കുകയാണ്. ഡിവൈഡർ തകർത്ത അപകടം ഉണ്ടാക്കിയ വാഹനം കണ്ടുപിടിച്ചു തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട
മരാമത്ത് അധികൃതർ ഒരു പരാതി പോലും പൊലീസിൽ നൽകിയിട്ടില്ല. ‘പരാതി’ ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണവും മുന്നോട്ടുപോയില്ല.
ഡിവൈഡറിന്റെ തുടക്കത്തിൽ ഫൈബറിന്റെ ഡിവൈഡർ ബ്ലോക്ക് പൊലീസ് കൊണ്ടുവന്നു വച്ചെങ്കിലും കഴിഞ്ഞ ദിവസം അതും ബസ് ഇടിച്ചിട്ടു.
ഡിവൈഡർ തറയ്ക്കുള്ളിലെ മണ്ണടക്കം അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ടയർ കയറി ഇളകി ചെളിയായ നിലയിലാണ്. ഡിവൈഡറിന്റെ മറിഞ്ഞുകിടക്കുന്ന കോൺക്രീറ്റ് കട്ടകളിൽ കയറി എല്ലാ ദിവസവും വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.
സമീപത്തെ ബിസിനസ് സ്ഥാപനം ഉടമയായ പൊമ്മാണം നാസർ ഡിവൈഡറിനുള്ളിലെ ചെളിയിൽ നിറയെ വലിയ ചെടിക്കമ്പുകൾ നാട്ടിയിട്ടുണ്ട്. ഉയരത്തിൽ ചെടി നിൽക്കുന്നതു കണ്ടെങ്കിലും ഡിവൈഡർ തിരിച്ചറിഞ്ഞു വാഹനങ്ങൾ അപകടത്തിൽ പെടുന്നതു കുറയട്ടെയെന്ന് കരുതി പൊതുപണിമുടക്ക് ദിവസം ആയിരുന്നു നാസറിന്റെ ശ്രമദാനം.
റിബൺ കെട്ടി മുന്നറിയിപ്പ് നൽകാൻ പോലും നടപടിയില്ല
ഇരിട്ടി പാലത്തിന്റെ പായം പഞ്ചായത്ത് ഭാഗം 3 റോഡുകൾ ചേരുന്ന കവല കൂടിയാണ്.
കനത്ത മഴയിൽ കൂട്ടുപുഴ, ഇരിട്ടി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ ശ്രദ്ധയിൽ പെടില്ല. ഡിവൈഡർ തകർന്ന ഭാഗത്തു ഒരു മാസം ആയിട്ടും ബോർഡോ, റിബണോ കെട്ടി പോലും മുന്നറിയിപ്പ് നൽകാൻ അധികൃതർക്ക് കഴിയാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
തിരക്കേറിയ സംസ്ഥാനാന്തര പാതയോടാണു ഈ അവഗണന. 3 വർഷം മുൻപാണ് ലോകബാങ്ക് സഹായത്തോടെയുളള കെഎസ്ടിപി പദ്ധതിയിൽ പെടുത്തി സംസ്ഥാനാന്തര പാതയിൽ കേരളത്തിന്റെ അധീനതയിലുള്ള തലശ്ശേരി – വളവുപാറ റോഡ് പുനർനിർമാണം പൂർത്തിയാക്കിയത്.
ചെളിയിൽ കുളിച്ച് ഇരുചക്ര – കാൽനട
യാത്രക്കാർ
അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതും അപകടാവസ്ഥ വർധിപ്പിക്കുന്നു. ഓവുചാൽ നികന്നതിനാൽ മഴവെള്ളം റോഡിലൂടെയാണ് കുത്തിയൊലിക്കുന്നത്.
മാടത്തിൽ ബെൻഹിൽ സ്കൂളിന് സമീപം വളവിലും കിളിയന്തറയിലും ചെറിയ മഴയിൽ പോലും റോഡിൽ വെള്ളം നിറയും. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം തെറിച്ചു ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും ചെളിവെള്ളം വീണു ദുരിതത്തിലാകുകയാണ്.
കാടുകയറി ദിശാസൂചകങ്ങളും അപകട
മുന്നറിയിപ്പ് ബോർഡുകളും
സംസ്ഥാനാന്തര പാതയിൽ മഴക്കാലപൂർവ ശുചീകരണവും നടത്തിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. റോഡരികിലെ കാട് വെട്ടിത്തെളിക്കാത്തതിനാൽ ദിശാ സൂചകങ്ങളും അടയാള ബോർഡുകളും നടപ്പാതയും കാടു കയറി.
ചിലയിടങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും കാടിനുള്ളിൽ എന്ന നിലയിലാണ്.
സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും പല സ്ഥലങ്ങളിലും കാട് കാരണം കാണില്ല. അപകട
സാധ്യതയും റോഡിന്റെ സ്ഥിതിയും അടയാളങ്ങൾ മുഖേന വ്യക്തമാക്കി മുന്നറിയിപ്പ് നൽകുന്നതിനായി സ്ഥാപിച്ച നൂറുകണക്കിനു ബോർഡുകളാണ് കാട് നീക്കം ചെയ്യാത്തതിനാൽ ഉപയോഗശൂന്യമായിട്ടുള്ളത്. ടാറിങ് വരെ കാട് എത്തിയതിനാൽ മിക്കയിടത്തും കാൽനട യാത്രക്കാർക്കു നടക്കാനും വഴിയില്ലാതായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]