മഴക്കാലത്തെ യാത്രാസുരക്ഷ മുൻനിർത്തി മോട്ടർ വാഹന വകുപ്പ് സംഘടിപ്പിച്ച പ്രത്യേക പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച എട്ട് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഇരിട്ടി ജോയിന്റ് ആർടിഒ ആന്റണി മൈക്കിളിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഒരാഴ്ച നീളുന്ന പ്രത്യേക മൺസൂൺ പരിശോധനയുടെ ആദ്യ ദിനത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പരിശോധനയിൽ തേഞ്ഞുതീർന്ന ടയറുകൾ ഉപയോഗിച്ച് സർവീസ് നടത്തിയിരുന്ന ഒരു കെഎസ്ആർടിസി ബസും ഏഴ് സ്വകാര്യ ബസുകളുമാണ് അധികൃതർ പിടികൂടിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം വാഹനങ്ങൾ ടയറുകൾ മാറ്റിയ ശേഷം മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി.
ബസുകൾ തുടർന്ന് സർവീസ് നടത്തുന്നതിനും അധികൃതർ അനുമതി നിഷേധിച്ചു. മഴക്കാലത്ത് തേഞ്ഞുതീർന്ന ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് വലിയ അപകടസാധ്യതകൾക്ക് വഴിവെക്കുമെന്ന് മോട്ടർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൻ.ആർ.റിജിൻ, സി.പി.ബാബുരാജ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.പി.രാജേഷ്, ബൈജു, വി.പി.സജേഷ്, ഡ്രൈവർ സഹീർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

