ഇരിട്ടി ∙ കാട്ടാനക്കലിയിൽ സ്വൈരജീവിതം നഷ്ടപ്പെട്ട ആറളം ഫാമിൽ ‘പുതിയ അതിഥിയായി’ കാട്ടുപോത്തും.
കഴിഞ്ഞ ദിവസം രാത്രി ബ്ലോക്ക് 10 ൽ പുനരധിവാസ മേഖലയിലാണ് കാട്ടുപോത്തിനെ കണ്ടത്. പ്രദേശവാസികൾ ബഹളം വച്ചതോടെ കാട്ടുപോത്ത് മാറിപ്പോയെങ്കിലും ഫാമിൽ തന്നെ തമ്പടിച്ചിട്ടുള്ളതായാണ് പ്രദേശവാസികളുടെ പരാതി.
വീടുകൾക്ക് മുന്നിലും കാട്ടുപോത്ത് എത്തി.
തുരത്തിയിട്ടും തീരാത്ത കാട്ടാനക്കൂട്ടങ്ങളെ കൊണ്ടു നിലനിൽപ് തന്നെ ഭീഷണി നേരിടുമ്പോഴാണ് ഫാമിൽ പുതിയ ശല്യം. എല്ലാ ദിവസവും ഫാമിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നുണ്ട്.
30 ഓളം ആനകൾ ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ളതായാണു കണക്കുകൾ. ബ്ലോക്ക് 1, 2 എന്നിവിടങ്ങളിലെ തെങ്ങിൻതോപ്പിൽ നിന്നു ഒരാഴ്ചയ്ക്കിടെ കായ്ഫലം ഉള്ള 40 തെങ്ങുകൾ കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം 9 തെങ്ങുകൾ നശിപ്പിച്ചു.
ഓപ്പറേഷൻ ഗജമുക്തി എന്ന പേരിൽ ഫാമിൽ തമ്പടിച്ച നിരവധി ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയെങ്കിലും ഇവ 4 കിലോമീറ്ററോളം മാറി പൂക്കുണ്ട് മേഖലയിലെ പഴയ മതിൽ പൊളിച്ചു വീണ്ടും ഫാമിൽ എത്തുകയാണ്. കോട്ടപ്പാറ മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച താൽക്കാലിക തൂക്കുവേലിയും ആനകൾ തകർത്തിരുന്നു.
ബ്ലോക്ക് 10, 13 മേഖലകളിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ അലർച്ച തുടർച്ചയായി കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. കാട്ടാന ചെരിഞ്ഞതോ, പ്രസവിച്ചതോ ആയ സാഹചര്യത്തിൽ കേൾക്കുന്ന വിധം ഉള്ള ചിന്നം വിളിയാണെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ചു വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫാമിലെ ആനശല്യത്തിൽ ശാശ്വത പരിഹാരമാവേണ്ട
അന മതിൽ നിർമാണം ഇഴയുന്നതാണു പ്രതിസന്ധി ഇരട്ടിപ്പിക്കുന്നത്.
മരുതായിൽ നിന്ന് പിടികൂടിയ കാട്ടുപോത്ത്?
പുലി, കടുവ, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം ഫാമിൽ സ്ഥിരം പ്രതിസന്ധി തീർക്കുന്നതാണങ്കിൽ, കാട്ടുപോത്ത് സാന്നിധ്യം ആദ്യമാണ്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ മരുതായി മേഖലയിൽ നിന്നും വനപാലകർ മയക്കുവെടിവച്ചു പിടിച്ച കാട്ടുപോത്താണിതെന്നാണു നാട്ടുകാരുടെ പരാതി.
മരുതായിൽ നിന്നു പിടികൂടിയ കാട്ടുപോത്തിനെ ഫാമിനു അതിരിടുന്ന ആറളം വന്യജീവി സങ്കേതത്തിലാണു തുറന്നുവിട്ടത്.
.വീടിനുള്ളിലും കുരങ്ങ്
ഫാം പുനരധിവാസ മേഖലയിൽ കുരങ്ങ് വീടിനുള്ളിൽ കയറി സാധനങ്ങൾ നശിപ്പിച്ചു. ബ്ലോക്ക് 12 ലെ വനജ – സുഭാഷിന്റെ വീടിനുള്ളിൽ അടുക്കളയിൽ കയറിയ കുരങ്ങ് വീട്ടുസാധനകൾ എല്ലാം വലിച്ചിട്ട് നശിപ്പിച്ചു.
പാകം ചെയ്ത ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. പ്ലോട്ട് നമ്പർ 416 ലെ സരോജിനി രാജുവിന്റെ മഞ്ഞൾ കൃഷിയും നശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]