
എടൂർ ∙ വെമ്പുഴയിൽ തടയണയുടെ സംരക്ഷണഭിത്തി തകർന്നിട്ടു 4 വർഷം. കൃഷിഭൂമി പുഴയായി മാറിക്കൊണ്ടിരിക്കുന്ന ഭീഷണി സാഹചര്യത്തിൽ നിന്നു രക്ഷിക്കാൻ ഇനി ആരോടു പരാതി പറയണം എന്നാണു പ്രദേശവാസികൾ ചോദിക്കുന്നത്.
പ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ മുതൽ മന്ത്രിമാരുടെ അദാലത്തിൽ വരെ പരാതിയും ആയി എത്തി ചെരിപ്പുതേഞ്ഞതു മിച്ചം എന്ന അവസ്ഥയിലാണ് ഇവിടത്തുകാർ. നാഥനില്ലാത്ത അവസ്ഥയിൽ അറ്റകുറ്റപ്പണി നടത്താൻ പോലും അധികൃതർ തയാറാകാത്തതിനെ തുടർന്നു പ്രദേശത്തെ കൃഷിയിടങ്ങൾ പുഴയായി മാറി നശിക്കുകയാണ്.
കരയിടിച്ചിൽ മൂലം 2 വീടുകൾ ഭീഷണിയിലായി.
പാർശ്വഭിത്തി തകർന്നതിനാൽ പുഴ നേരെ കൃഷിയിടങ്ങളിലൂടെ ഒഴുകുകയാണ്. ഇടവലത്ത് ഉണ്ണി, കൃഷ്ണൻ എന്നിവരുടെ വീടുകളാണു കരയിടിച്ചിൽ മൂലം അപകടഭീഷണിയിലായത്. തോണക്കര ടി.പി.ജോർജിന്റെ മകൾ സീന മാത്യുവിന്റെ പേരിലുള്ള 45 സെന്റ് സ്ഥലവും മകൻ അനീഷിന്റെ പേരിലുള്ള 40 സെന്റ് സ്ഥലവും മണപ്പാൻതോട് ജോർജിന്റെ 65 സെന്റ് സ്ഥലവും ചെളിയും പ്രളയാവശിഷ്ടങ്ങളും നിറഞ്ഞു ഉപയോഗശൂന്യമായി.
ഇവരുടെ കൃഷിയിടത്തിലൂടെ പുഴ ഒഴുകുന്നുണ്ട്. തോണക്കര ജോർജിന്റെ 110 റബർ മരങ്ങൾ ടാപ്പ് ചെയ്യാൻ പറ്റുന്നില്ല.
മലവെള്ളപ്പാച്ചിലിൽ മിക്ക മരങ്ങളുടെയും ചുവട്ടിൽ മണ്ണെടുത്തുപോയി വേരുകൾ പുറത്തായ നിലയിലാണ്.
ഇനി പരാതി പറയാൻ ആളില്ല. ഹാഡ പദ്ധതി പ്രകാരം നിർമിച്ച തടയണയാണ്.
പുഴത്തീരത്ത് താമസിക്കുന്നവർ എല്ലാം ഭീതിയിലാണ്. ഓരോ മഴയിൽ വെള്ളം ഉയരുമ്പോൾ കൃഷിയിടത്തിൽ വന്നടിയുന്ന മാലിന്യങ്ങളുടെ അളവ് പറയാൻ പറ്റില്ല.
തടയണയുടെ അപാകത പരിഹരിക്കുകയും സംരക്ഷണ ഭിത്തി പുനർനിർമിക്കുകയും വേണം.
ടി.പി.ജോർജ്, തോണക്കര, എടൂർ
പുഴ തന്നെ കൃഷിയിടത്തിൽ എത്തിച്ച വിദ്യ
പ്രദേശത്തെ കർഷകർക്കു വേനൽക്കാലത്തു ജലസേചന സൗകര്യം നൽകാൻ ലക്ഷ്യമിട്ടതാണ് പദ്ധതി. ആദ്യ 2 വർഷം തടയണയിൽ വെള്ളം സംഭരിച്ചു നിർത്താൻ കഴിഞ്ഞതു കർഷകർക്ക് ഉപകാരപ്പെട്ടു.
അടുത്ത മഴക്കാലത്ത് തടയണയുടെ മരപ്പലക ഷട്ടറുകൾ ഒഴുകിപ്പോയി. ഇതിനൊപ്പം തടയണയുടെ ഭാഗമായി പുഴയുടെ ഇരുകരകളിലും കെട്ടിയ സംരക്ഷണ ഭിത്തിയും തകർന്നു.
തടയണ രൂപകൽപനയിലും അപാകത പറയുന്നുണ്ട്. ഷട്ടറിന്റെ തൂണുകൾ തമ്മിൽ അകലം തീരെ കുറവായതിനാൽ പുഴയുടെ ഒഴുക്കിനു ആനുപാതികമായി വെള്ളം ഒഴുകിപ്പോകുന്നില്ല. മഴക്കാലത്ത് മരങ്ങളും ചപ്പുചവറുകളും വന്നടിഞ്ഞു ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയും ആണ്.
ഓരോ മഴക്കാലം കഴിയുമ്പോഴും കൃഷിസ്ഥലം നശിച്ചുകൊണ്ടിരിക്കുകയാണ്.
പുഴ വെള്ളം കൃഷിയിടത്തിലൂടെ ഒഴുകി മേൽമണ്ണ് എല്ലാം നഷ്ടപ്പെട്ടു. കൃഷിവിളകളും നശിക്കുകയാണ്.
അടിയന്തരമായി പരിഹാരം ഉണ്ടാക്കിത്തരണം.
ജോർജ് മണപ്പാൻതോട്, എടൂർ
‘കരുതലും കൈത്താങ്ങും’ നിർദേശവും പ്രാവർത്തികമായില്ല
വെമ്പുഴയിൽ തടയണയുടെ പാർശ്വഭിത്തി തകർന്നതു കെട്ടി സംരക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ പദ്ധതി തയാറാക്കി നടപ്പിലാക്കാൻ മന്ത്രി ഒ.ആർ.കേളു കഴിഞ്ഞ വർഷം ഡിസംബർ 16 ന് ഇരിട്ടിയിൽ നടത്തിയ ‘കരുതലും കൈത്താങ്ങും ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ’ ആറളം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എടൂരിലെ തോണക്കര ടി.പി.ജോർജ് നൽകിയ അപേക്ഷയിലാണു മന്ത്രിയുടെ നടപടി. വെമ്പുഴയുടെ അരിക് കെട്ടി സംരക്ഷിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ആവശ്യമാണെന്നും അതിർത്തി പൂർണമായും കെട്ടി സംരക്ഷിക്കാതെ ചെറിയൊരു ഭാഗം മാത്രമായി സംരക്ഷണ ഭിത്തി കെട്ടുന്നത് ഭാവിയിൽ കൂടുതൽ മണ്ണിടിച്ചിലിനു കാരണമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെയാണ് പുതിയ പദ്ധതി തയാറാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
എന്നാൽ, നടപടി ഉണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]