കണ്ണൂർ ∙ ചികിത്സയ്ക്കു രണ്ടുരൂപ മാത്രം വാങ്ങി, പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ജനകീയ ഡോക്ടർക്കു നാടു വിട നൽകി. ഡോ.എ.കെ.രൈരു ഗോപാലിന്റെ(80) മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.
ലാഭേച്ഛയില്ലാതെ കണ്ണൂരിന്റെ തലമുറകളെ ചികിത്സിച്ച ഡോക്ടറെ അവസാനമായി ഒരുനോക്കു കാണാൻ വൻജനാവലി താണ കണ്ണൂക്കരയിലെ ലക്ഷ്മി വസതിയിലെത്തി. ശനി രാത്രി 12.30ന് ആയിരുന്നു അന്ത്യം.
ഭാര്യ: ഡോ.പി.ഒ.ശകുന്തള. മക്കൾ: ഡോ.ബാലഗോപാൽ, വിദ്യ (ഐടി പ്രഫഷനൽ ചെന്നൈ). മരുമക്കൾ: ഡോ.തുഷാര ബാലഗോപാൽ, ഭാരത് മോഹൻ (ഐടി പ്രഫഷനൽ ചെന്നൈ).സഹോദരങ്ങൾ: ഡോ.വേണുഗോപാൽ, പരേതരായ ഡോ.കൃഷ്ണഗോപാൽ, ഡോ.രാജഗോപാൽ.സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവരും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, മേയർ മുസ്ലിഹ് മഠത്തിൽ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
അഞ്ചു പതിറ്റാണ്ടോളം ചികിത്സ രണ്ടു രൂപയ്ക്ക്
∙ചികിത്സയ്ക്കു വലിയ ഫീസ് വാങ്ങുന്ന ഡോക്ടർമാർക്കിടയിൽ വ്യത്യസ്തനായിരുന്നു ഡോ.രൈരു ഗോപാൽ.
2 രൂപ മാത്രമായിരുന്നു ഫീസ്. അഞ്ചു പതിറ്റാണ്ടോളം കണ്ണൂർ നഗരത്തിൽ പ്രവർത്തിച്ച ഇദ്ദേഹം കഴിഞ്ഞ വർഷം മേയിലാണു ചികിത്സ നിർത്തിയത്.
പരേതനായ ഡോ.എ.ജി.നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. മദ്രാസ് മെഡിക്കൽ സർവീസിലായിരുന്ന എ.ജി.നമ്പ്യാർ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനൊപ്പം കുടുംബവും നാടുചുറ്റി.
ഏഴുവരെ മദ്രാസ് സിഎംഎസ്എസ്, മദ്രാസ് ക്രിസ്ത്യൻ കോളജ് സ്കൂളുകളിലാണു രൈരു പഠിച്ചത്.
കണ്ണൂർ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ, എസ്എൻ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് ബിരുദമെടുത്തു. ‘പണം ഉണ്ടാക്കുകയാണു ലക്ഷ്യമെങ്കിൽ ബാങ്ക് കൊള്ളയടിക്കുക. സമ്പാദിക്കാനായി മാത്രം ഡോക്ടർ ജോലി ചെയ്യുന്നതിലും ഭേദം അതാണ്’– എംബിബിഎസ് കഴിഞ്ഞെത്തിയ മകന് അച്ഛൻ നൽകി ഉപദേശം ഇതായിരുന്നു. അച്ഛന്റെ കൂത്തുപറമ്പിലെ ക്ലിനിക്കിലെത്തുന്ന രോഗികളുടെ അവസ്ഥ രൈരു മുൻപേ മനസ്സിലാക്കിയിരുന്നു.
അച്ഛന്റെ വാക്കുകൾ ജീവിതത്തിൽ പ്രായോഗികമാക്കാൻ രൈരു ശ്രമിച്ചു. ഭാര്യ ശകുന്തളയും കൂടെ നിന്നു.
താണയിലെ സഹകരണ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചു.
അന്നത്തെ ഫീസാണു രണ്ടുരൂപ. രോഗികളുടെ ശരിയായ അവസ്ഥ മനസ്സിലായത് അവരുടെ വീടുകളിൽ പോയപ്പോഴാണ്. ദയനീയമായിരുന്നു രംഗങ്ങൾ.
അക്കാര്യം കൂടി ഓർമിച്ചേ മരുന്ന് എഴുതാറുള്ളൂ. തളാപ്പ് എൽഐസി ഓഫിസിന് അടുത്തുള്ള വീട്ടിലായിരുന്നു മൂന്നര പതിറ്റാണ്ടോളം ചികിത്സ. പുലർച്ചെ 2.30 മുതൽ വൈകിട്ട് 3 വരെ രോഗികളെ പരിശോധിക്കും.
പുലർച്ചെ 1.30ന് എഴുന്നേൽക്കും. 2.30നു ക്ലിനിക്കിലെത്തും.
അപ്പോഴേക്കും ക്ലിനിക്കിൽ ആളുകൾ നിറഞ്ഞിട്ടുണ്ടാകും. പലരും തലേന്നു തന്നെ നഗരത്തിലെത്തുന്നവരായിരുന്നു.
രണ്ടു രൂപയ്ക്കു പകരം 10 രൂപ നൽകി സ്ഥലം വിടുന്നവരുണ്ടായിരുന്നു.
ഫീസ് കഴിച്ചു ബാക്കി തുക ക്ഷേത്രങ്ങളിലേക്കു നൽകും. 2024 മേയ് 8 വരെ 10 വർഷം കണ്ണൂക്കരയിലെ വീട്ടിലായിരുന്നു ചികിത്സ. ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ല.
അതുകൊണ്ടു രോഗികളെ പരിശോധിക്കുന്നതും മരുന്നു കൊടുക്കുന്നതും നിർത്തുകയാണ്’ എന്ന് അദ്ദേഹം വീടിനു മുന്നിൽ ബോർഡ് വച്ചു. അതുവരെ ചികിത്സ തുടർന്നു. പണത്തിന്റെ പേരിൽ ആർക്കും ചികിത്സ നഷ്ടപ്പെടരുത് എന്നായിരുന്നു 2 രൂപ ഫീസിനെക്കുറിച്ചു ചോദിച്ചവരോടൊക്കെ അദ്ദേഹം പറഞ്ഞിരുന്നത്. മരുന്നിനുള്ള പണം കയ്യിലുണ്ടാകുമോയെന്ന ആധിയില്ലാതെയായിരുന്നു ആശ്വാസം തേടിയെത്തിയവർ ക്ലിനിക്കിൽനിന്നു മടങ്ങിയിരുന്നത്.
അതുതന്നെയായിരുന്നു ഡോ.രൈരു ഗോപാൽ ആഗ്രഹിച്ചിരുന്നതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]