
കണ്ണൂർ ∙ ‘ഇന്നെന്താ ടീച്ചറേ ഒരു മാറ്റം’ എന്നു ചോദിച്ചാണു കുട്ടികൾ ഇന്നലെ ഉച്ചഭക്ഷണത്തിനിരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കരിച്ച മെനു പ്രകാരമുള്ള ആദ്യ ഉച്ചയൂണായിരുന്നു ഇന്നലെ. ചിലയിടത്ത് ഫ്രൈഡ് റൈസ്, മറ്റു ചിലയിടങ്ങളിൽ ലെമൺ റൈസ്, വെജ് ബിരിയാണി, തക്കാളി റൈസ് തുടങ്ങിയവ വിളമ്പി.
പുതിയ മെനു വെബ്സൈറ്റിൽ വരാത്തതിനാൽ ചില സ്കൂളുകളിൽ പതിവു ഭക്ഷണവും നൽകി.
പുതിയ മെനു ഇന്നലെയാണു നടപ്പായതെങ്കിലും പല സ്കൂളുകളിലും ഒരാഴ്ചയായി പരീക്ഷണാടിസ്ഥാനത്തിൽ ഇവ നൽകുന്നുണ്ട്. ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ലഭിക്കുന്ന സമ്പുഷ്ടീകരിച്ച അരി(ഫോർട്ടിഫൈഡ് റൈസ്) ഉപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, തക്കാളി റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഒന്നു തയാറാക്കി നൽകണം. കൂടെ വെജിറ്റബിൾ കറിയോ കുറുമയോ വേണം.
ഇതാണു മെനുവിലെ പ്രധാന മാറ്റം.
ചോറുണ്ടാക്കേണ്ട അരികൊണ്ടു ബിരിയാണിയും ഫ്രൈഡ് റൈസും ഉണ്ടാക്കിയപ്പോൾ ‘ഇതെന്തു ബിരിയാണിയാണു സാറേ’ എന്നു ചോദിച്ച കുട്ടികളുമുണ്ടെന്ന് അധ്യാപകർ പറയുന്നു.
നിലവിലെ പാചകക്കാരിൽ പലർക്കും ബിരിയാണിയും ഫ്രൈഡ് റൈസും ലെമൺ റൈസും ഉണ്ടാക്കാനുള്ള പരിശീലനം ലഭിച്ചിട്ടുമില്ല.
ആശങ്കയിൽ പ്രധാനാധ്യാപകർ
ഉച്ചഭക്ഷണത്തിന് ഇപ്പോൾത്തന്നെ പണം തികയാതെ നട്ടം തിരിയുമ്പോഴാണു പുതിയ മെനു. ഇതുപ്രകാരം 100 വിദ്യാർഥികളുള്ള സ്കൂളിൽ മാസം 12,000 രൂപയെങ്കിലും കയ്യിൽനിന്ന് എടുക്കേണ്ടിവരുമെന്നാണു പ്രധാനാധ്യാപകരുടെ കണക്കുകൂട്ടൽ.
ഇതു തദ്ദേശസ്ഥാപനങ്ങൾ വഹിക്കണമെന്നാണു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാൽ പഞ്ചായത്തുകളിൽ പദ്ധതി നിർവഹണം പൂർത്തിയായ സ്ഥിതിക്ക് ഈ വർഷം ഒന്നും ചെയ്യാൻ കഴിയില്ല.
പിറന്നാൾസദ്യയിൽ തുടക്കം
പയ്യന്നൂർ ∙ കണ്ടോത്ത് എഎൽപി സ്കൂളിൽ പുതിയ മെനു പിറന്നാൾ സദ്യയോടെയാണു തുടങ്ങിയത്. തൂശനിലയിൽ 12 കറികളും പപ്പടവും പായസവും ഉൾപ്പെട്ട
സദ്യ വിളമ്പി. മൂന്നാം ക്ലാസിലെ സഹോദരങ്ങളായ എയ്ഞ്ചലിന്റെയും എബിലിന്റെയും രക്ഷിതാക്കൾ ഇന്നലെ മക്കളുടെ പിറന്നാളായതിനാൽ സദ്യയൊരുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് പി.ഷിജിത്തും പ്രധാനാധ്യാപിക പി.പി.സനിലയും അധ്യാപകരും രക്ഷിതാക്കളും ചേർന്നു കുട്ടികൾക്കു സദ്യ വിളമ്പി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]