
അതിശക്തമായ കാറ്റും മഴയും: തൊടുപുഴ മേഖലയിൽ വൻ നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ കാലവർഷം തുടങ്ങിയതോടെ തൊടുപുഴ മേഖലയിൽ അതിശക്തമായ മഴയിലും കാറ്റിലും ഒട്ടേറെ സ്ഥലങ്ങളിൽ മരം വീണും വീടുകൾക്ക് നാശം. പല ഭാഗത്തും വൈദ്യുത പോസ്റ്റുകൾ മരം വീണു തകർന്നു. മിക്ക സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. വീടുകൾക്കും കൃഷികൾക്കും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഓട്ടോയിലേക്ക് മരം വീണു
തൊമ്മൻകുത്തി ചപ്പാത്തിനടുത്ത് ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കരിമണ്ണൂർ സ്വദേശി നവാസ് പീടികപ്പറമ്പിൽ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല.
പാറപ്പുഴ മേഖലയിൽ വൻ നാശം
പാറപ്പുഴ ഞാറക്കാട് റൂട്ടിൽ ഇല്ലിച്ചുവട് ഭാഗത്ത് വീശിയടിച്ച അതിശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. വൻ മരങ്ങൾ കടപുഴകി വീണു. റബർ തോട്ടങ്ങളിലെ മരങ്ങൾ കൂട്ടത്തോടെ ഒടിഞ്ഞുവീണു. ലക്ഷങ്ങളാണ് കർഷകർക്ക് നഷ്ടമായിരിക്കുന്നത്. അറുകാലിൽ ജോസിന്റെ വീടിന്റെ മുകളിൽ മരം വീണ് വീടിന്റെ ഭാഗം തകർന്നു. മഞ്ചേരിൽ എം.എ.ഡൊമിനിക്, നുപ്പറ്റേൽ സിറിൽ, വട്ടക്കാട്ട് സെബാസ്റ്റ്യൻ, കുഴിക്കാലിൽ ജിമ്മി, വലിയകുന്നേൽ ക്ലാര, കുര്യക്കുന്നേൽ പൈലി എന്നിവരുടെ പുരയിടത്തിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. ഒട്ടേറെ വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്താകെ വൈദ്യുതി മുടങ്ങി. ഇല്ലിച്ചുവട് -പടിക്കപ്പാടം ഭാഗത്ത് ഇന്നലെ രാവിലെ 11.30നാണ് ശക്തമായ കാറ്റ് വീശി നഷ്ടം ഉണ്ടായത്. റോഡ് ഗതാഗതം തടസ്സപ്പെട്ടു. കോടിക്കുളം സ്കൂൾ കോംപൗണ്ടിൽനിന്നിരുന്ന 50 ഇഞ്ച് വണ്ണമുള്ള തേക്കാണ് മറിഞ്ഞുവീണത്.
മരം വീണ് ഗതാഗതതടസ്സം
കാഞ്ഞിരമറ്റം – മംഗലത്ത്കടവ് റോഡിൽ മരം വീണു. അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പഴുക്കാക്കുളം – കാരൂപ്പാറ റോഡിൽ വലിയ മാവും മഹാഗണിയും വീണു ഗതാഗതം തടസ്സപ്പെട്ടു. കുമാരമംഗലത്തിനു സമീപം പാറയിൽ പ്ലാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. പഴുക്കാക്കുളം വൃദ്ധ സദനത്തിന് സമീപവും തൊടുപുഴ കോഓപ്പറേറ്റീവ് കോളജ് റോഡിലും പ്ലാവ്, റബർ, മഹാഗണി എന്നിവ വീണു. മുതലക്കോടം കുന്നത്ത് 80 ഇഞ്ച് വണ്ണമുള്ള പൊങ്ങല്യം വീണപ്പോൾ 4 വൈദ്യുത പോസ്റ്റുകൾ ഉൾപ്പെടെ വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റുകയും പോസ്റ്റുകൾ റോഡിൽനിന്നു നീക്കം ചെയ്യുകയും ചെയ്തു. കോലാനി അമരംകാവിനു സമീപം മരം വീണത് സേന മുറിച്ച് മാറ്റി. പത്തോളം സ്ഥലങ്ങളിലായി നൂറു കണക്കിനു മരങ്ങളാണ് മറിഞ്ഞുവീണത്.
തൊമ്മൻകുത്തിലും വൻ നാശം
ഇന്നലെ രാവിലെ 11ന് ഉണ്ടായ അതിശക്തമായ കാറ്റിൽ തൊമ്മൻകുത്ത് കവലയ്ക്കും ചപ്പാത്തിനും ഇടയിൽ ഷാപ്പും പടിയിൽ മരം ഒടിഞ്ഞു റോഡിലേക്ക് വീണു. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ നിന്ന മാവും പ്ലാവുമാണ് ഒടിഞ്ഞു വീണത്. നാട്ടുകാരും വൈദ്യുതി ബോർഡ് ജീവനക്കാരും ചേർന്ന് വെട്ടിനീക്കി. തൊമ്മൻകുത്ത് മേഖലയിൽ രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലും 3 വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. വീടിന്റെ മുകളിലേക്ക് മരം വീണ് പ്രസാദ് കുന്നോലിൻ, രവി പയ്യാനിക്കൽ, ബിനു ചീനതൊട്ടിയിൽ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.അസി.സ്റ്റേഷൻ ഓഫിസർമാരായ കെ.എ.ജാഫർഖാൻ, ബിജു പി.തോമസ്, ഫയർ റെസ്ക്യു ഓഫിസർമാരായ എം.കെ.ഷൗക്കത്തലി, ഫവാസ്, ലിബിൻ ജയിംസ്, പി.ജി.സജീവ്, ജയിംസ് നോബിൾ, ഫ്രിജിൻ, ആഷിഖ്, ഹോം ഗാർഡ്മാരായ മാത്യു ജോസഫ്, ടി.കെ.മുസ്തഫ, രാജീവ് ആർ.നായർ, പ്രമോദ്, ഷാജി എന്നിവരായിരുന്നു തൊടുപുഴ അഗ്നിരക്ഷാ സേന സംഘത്തിലുണ്ടായിരുന്നത്.