മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി സഞ്ചാരികൾക്ക് നേരെയുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നു. പരാതി നൽകിയാൽ സമയം നഷ്ടപ്പെടുമെന്ന ഭയത്താൽ പല സഞ്ചാരികളും നിയമനടപടികളിൽ നിന്ന് പിന്മാറുന്നത് അക്രമികൾക്ക് ധൈര്യം പകരുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒട്ടേറെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല.
മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടുന്നത് പ്രദേശത്തെ ടൂറിസം മേഖലയുടെ ഭാവിക്ക് വലിയ ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.
വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് ഭൂരിഭാഗം സഞ്ചാരികൾക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ തർക്കം, വാഹനങ്ങൾ തമ്മിൽ ഉരസുന്നത്, ഊബർ ടാക്സികൾ ഉപയോഗിക്കുന്നത്, സൈഡ് നൽകുന്നതിലെ തർക്കങ്ങൾ തുടങ്ങിയവയാണ് പലപ്പോഴും സംഘർഷത്തിൽ കലാശിക്കുന്നത്.
ഊബർ ടാക്സിയിൽ എത്തിയ വിദേശ വിനോദസഞ്ചാരികളെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവം വലിയ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
അതിർത്തി പ്രദേശമായ ടോപ് സ്റ്റേഷനിലെ സുരക്ഷാപ്രശ്നങ്ങൾ ഏറെ ഗൗരവകരമാണ്. തമിഴ്നാടിന്റെ അധീനതയിലുള്ള ഈ പ്രദേശം കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വരുന്നത്.
ടോപ് സ്റ്റേഷനിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ദിവസവും പതിനായിരത്തിലധികം സന്ദർശകർ എത്തുന്ന ടോപ് സ്റ്റേഷനിൽ സ്ഥിരമായ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല.
ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിനു നേരെ ഉണ്ടായ ആക്രമണമാണ് ഒടുവിലത്തേത്. ബസ് വഴിയോരക്കടയുടെ മുൻപിൽ നിർത്തിയെന്നാരോപിച്ച് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മർദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വട്ടവട എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തി വിട്ടത്.
സമാനമായ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും യാതൊരു നിയമസുരക്ഷയോ പരിഹാരമോ ലഭിക്കാത്ത സാഹചര്യം ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

