
ജലവിഭവ വകുപ്പ് ബഫർസോൺ പ്രഖ്യാപനം: ബയോ ഡൈവേഴ്സിറ്റി പാർക്കിന് ചരമഗീതം മുഴങ്ങുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞാർ ∙കാടുകയറി നശിക്കുന്ന ബയോ ഡൈവേഴ്സിറ്റി പാർക്കിന് ചരമഗീതമെഴുതി ജലവിഭവ വകുപ്പിന്റെ പുതിയ ബഫർസോൺ പ്രഖ്യാപനം. മലങ്കര ജലാശയത്തോടു ചേർന്നുകിടക്കുന്ന പാർക്ക് നവീകരണം ഇനി നടക്കില്ല. 18 വർഷം മുൻപാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. പിന്നീട്, രണ്ടാം ഘട്ടത്തിന് എംഎൽഎ ഫണ്ട് നൽകുമെന്നു പറഞ്ഞെങ്കിലും 15 വർഷമായി ഇതു നടന്നില്ല. ഒടുവിൽ, രണ്ടാംഘട്ട നവീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ വകയിരുത്തി. ഏതാനും മാസങ്ങൾക്കു മുൻപ് എംവിഐപിയിൽ അപേക്ഷ നൽകിയെങ്കിലും എംവിഐപി അനുമതി നൽകിയില്ല.പാർക്കിൽ കഫറ്റേരിയയും ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
ഇതിനു രൂപരേഖ തയാറാക്കുകയും എംവിഐപിക്കു കത്ത് നൽകുകയും ചെയ്തിട്ട് മാസങ്ങളായെങ്കിലും ഇതിനു മറുപടി പോലും നൽകിയില്ല. ഇതിനിടെയാണ് ജലാശയത്തിന് പുതിയ ബഫർ സോൺ പ്രഖ്യാപിച്ചത്. ഇതോടെ ഇവിടെ നിർമാണം എക്കാലത്തേക്കുമായി മുടങ്ങുന്ന സ്ഥിതിയാണ്. ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിൽ കാഞ്ഞാർ പുഴയോരത്തോടു ചേർന്നാണ് വാട്ടർ തീം പാർക്ക്. 13 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. എംവിഐപി ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്താണ് പൂച്ചെടികളും ചെറുമരങ്ങളും വച്ചുപിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനം നിർമിച്ചത്. അടുത്ത ഘട്ടമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കാൻ നടപടിയെടുത്തത്. ലക്ഷങ്ങൾ മുടക്കിയ പാർക്ക് ഇപ്പോൾ കാടുകയറി നശിക്കുകയാണ്.