രാജകുമാരി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ പ്രധാന കാരണം ഭൂപ്രശ്നങ്ങളാണെന്ന വിലയിരുത്തലിൽ നേതാക്കളും പ്രവർത്തകരും. എന്നാൽ ഇതു പരസ്യമായി അംഗീകരിക്കാൻ നേതൃത്വം തയാറല്ല.
എൽഡിഎഫ് 9 വർഷം ഭരണത്തിലിരുന്നിട്ടും ജില്ലയിലെ ഭൂപ്രശ്നങ്ങൾ അതേപടി തുടരുകയാണ്. ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയിട്ട് 2 വർഷം കഴിഞ്ഞിട്ടും നിയമം പ്രാബല്യത്തിൽ കാെണ്ടുവരാൻ കഴിഞ്ഞില്ല.
ചട്ടലംഘന നിർമാണങ്ങൾക്ക് പിഴയീടാക്കാനുള്ള നിർദേശം പ്രതിപക്ഷവും കർഷക സംഘടനകളും തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ആയുധമാക്കി മാറ്റി.
ഭൂവിഷയങ്ങളിൽ സമരരംഗത്തുള്ള അതിജീവന പോരാട്ട വേദിയെ രാഷ്ട്രീയമായും തെരുവിലും നേരിടുമെന്ന ഇടതു മുന്നണിയുടെ പ്രഖ്യാപനവും തിരിച്ചടിയായി.
തിരഞ്ഞെടുപ്പിൽ കർഷക സംഘടനകൾ യുഡിഎഫിനെ നേരിട്ടും അല്ലാതെയും പിന്തുണച്ചു. കാെച്ചി–ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളുടെ വിലക്ക് നീക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കർഷക സംഘടനകൾ പ്രതിപക്ഷത്തോടാെപ്പം ചേർന്നുനടത്തിയ പ്രതിഷേധ സമരങ്ങളാണ് ദേവികുളം താലൂക്കിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായതെന്നു ഇടതുനേതാക്കൾ സമ്മതിക്കുന്നു.
ആശയക്കുഴപ്പത്തിൽ സർക്കാർ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനുശേഷം ചട്ടലംഘന നിർമാണങ്ങൾ ക്രമവൽക്കരിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനായിരുന്നു റവന്യു വകുപ്പിന്റെ നീക്കം.
എന്നാൽ ചട്ടലംഘന നിർമാണങ്ങൾക്ക് പിഴയീടാക്കാനുള്ള നിർദേശത്തിൽ ഭേദഗതി വരുത്തണമെന്ന് ഇടതുപക്ഷത്തിനുള്ളിൽ തന്നെ അഭിപ്രായമുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഴയീടാക്കാതെ 3 മാസത്തിനുള്ളിൽ ചട്ടലംഘന നിർമാണങ്ങളെല്ലാം ക്രമവൽക്കരിച്ച് നൽകുമെന്ന പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം ജില്ലയിൽ യുഡിഎഫിന്റെ കുതിപ്പിന് വഴിയാെരുക്കി.
ഇൗ സാഹചര്യത്തിൽ അടുത്ത 5 മാസത്തിനുള്ളിൽ ഫീസ് അടച്ച് ചട്ടലംഘന നിർമാണങ്ങൾ ക്രമവൽക്കരിക്കാൻ കെട്ടിട ഉടമകൾ തയാറാകില്ലെന്ന ആശങ്കയും ഇടതുപക്ഷത്തിനുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകാതിരിക്കാൻ ക്രമവൽക്കരണത്തിനേർപ്പെടുത്തിയ ഫീസിൽ ഇളവ് വരുത്തണമെന്ന് നേതാക്കൾ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.
കാലതാമസം തിരിച്ചടിക്ക് കാരണം
2023 സെപ്റ്റംബർ 14ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബിൽ 2024 ഏപ്രിൽ 27ന് ഗവർണർ ഒപ്പ് വയ്ക്കുകയും, 2024 ജൂൺ 7ന് സർക്കാർ വിജ്ഞാപനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് നിയമ ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
ചട്ടത്തിലെ നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷവും കർഷക സംഘടനകളും വ്യാപക പ്രതിഷേധമുയർത്തിയതോടെ ഭേദഗതി വരുത്തിയാണ് കഴിഞ്ഞ ഒക്ടോബർ 16ന് ഭൂപതിവ് ഭേദഗതി ചട്ടം സർക്കാർ വിജ്ഞാപനം ചെയ്തത്. ചട്ടലംഘന നിർമാണങ്ങളുടെ ക്രമവൽക്കരണത്തിന് അപേക്ഷിക്കേണ്ട
മാർഗ നിർദേശത്തിന് (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രാെസിജ്യർ – എസ്ഒപി) രൂപം നൽകിയെങ്കിലും ഇതുവരെ അപേക്ഷ സ്വീകരിച്ചു തുടങ്ങിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതും യുഡിഎഫ് പ്രചാരണ വിഷയമാക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

